ന്യൂഡൽഹി: ആദായനികുതിയിൽ നിർണായക മാറ്റത്തിനൊരുങ്ങി കേന്ദ്രസർക്കാർ. പ്രതിവർഷം 10.5 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ഇളവ് അനുവദിക്കാനാണ് പദ്ധതി. മിഡിൽ ക്ലാസ് വരുമാനക്കാർക്ക് ഇളവ് അനുവദിക്കാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.
2025 ഫെബ്രുവരി ഒന്നിന് നടക്കുന്ന കേന്ദ്രബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവും. പുതിയ നീക്കം ഉപഭോഗം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നാണ് സൂചന. റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. പുതിയ മാറ്റം നടപ്പിലാക്കുകയാണെങ്കിൽ ലക്ഷക്കണക്കിനാളുകൾക്ക് ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നഗരമേഖലയിലെ നികുതിദായകർക്കാവും മാറ്റത്തിന്റെ ഗുണം ലഭിക്കുക. 2020ൽ നടപ്പിലാക്കിയ ആദായ നികുതിയിലെ പുതിയ ഘടനപ്രകാരം മൂന്ന് ലക്ഷം മുതൽ 10.5 ലക്ഷം വരെ വരുമാനമുള്ളവർക്ക് അഞ്ച് മുതൽ 20 ശതമാനം വരെ നികുതിയാണ് ചുമത്തുന്നത്. പത്തര ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് 30 ശതമാനത്തിന് മുകളിലാണ് നികുതി ചുമത്തുന്നത്.
നിലവിൽ നികുതിദായകർക്ക് തെരഞ്ഞെടുക്കാനായി രണ്ട് തരം നികുതി സമ്പ്രദായങ്ങളുണ്ട്. പഴയ സംവിധാന പ്രകാരം വീട്ടുവാടക, ഇൻഷൂറൻസ് എന്നിവയിൽ നികുതി പരിധിയിൽ ഇളവുണ്ടാവും. എന്നാൽ, പുതിയ സംവിധാനത്തിൽ കാര്യമായ ഇളവുകളൊന്നും ഉണ്ടാവില്ല.
അതേസമയം, ധനകാര്യമന്ത്രാലയം വാർത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ പണപ്പെരുപ്പം വർധിച്ചതോടെ വാഹനങ്ങൾ, ഗൃഹോപകരണങ്ങൾ, പേഴ്സണൽ കെയർ ഉൽപന്നങ്ങൾ എന്നിവയുടെ ആവശ്യകതയിൽ കുറവുണ്ടായിരുന്നു. ഇതുകൂടി വർധിപ്പിക്കുക ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.