അടുത്ത സീസണിലെ ആദ്യ വിളവെടുപ്പിൽ കൊക്കോ ഉൽപാദനത്തിൽ ഇടിവ് സംഭവിക്കുമെന്ന സൂചന വിലക്കയറ്റത്തിന് തിരികൊളുത്തി. പിന്നിട്ട വാരത്തിലെ കനത്ത മഴയാണ് കാർഷിക മേഖലയുടെ കണക്കുകൂട്ടലുകൾ തകിടം മറിച്ചത്. ഹൈറേഞ്ചിലെയും മറ്റ് ഭാഗങ്ങളിലെയും തോട്ടങ്ങളിൽ കൊക്കോ പൂവിട്ട അവസരത്തിലാണ് മഴയുടെ വരവ്. കനത്ത പേമാരിക്കുമുന്നിൽ പിടിച്ചു നിൽക്കാനാവാതെ കൊക്കോ തോട്ടങ്ങൾ ആടിയുലഞ്ഞു. സംസ്ഥാനത്ത് കൊക്കോ മരങ്ങൾ പൂവിടുന്ന ഡിസംബറിൽ മഴ പതിവുള്ളതല്ല. ഫെബ്രുവരി-മാർച്ചിലെ പുതിയ വിളവ് കുറയുമെന്ന ആശങ്കയിലാണ് ഉൽപാദകർ. നേരത്തെ ചിങ്ങത്തിൽ പെയ്‌ത മഴ മൂലം നവംബറിലെ ഉൽപാദനത്തിൽ കുറവ് സംഭവിച്ചിരുന്നു.
അടുത്ത വർഷം വിളവ് ഉയരുമെന്ന നിഗമനത്തിലായിരുന്നു വൻകിട ചോക്ലറ്റ് വ്യവസായികൾ. അതുകൊണ്ടുതന്നെ നവംബർ മുതൽ ചരക്ക് സംഭരണത്തിന് കാര്യമായ ഉത്സാഹം കാണിക്കാതെ രംഗത്തുനിന്ന് അകന്ന വ്യവസായികൾ പക്ഷേ വാരമധ്യം മുതൽ വിപണികളിൽ സജീവമായി. മധ്യകേരളത്തിലും ഹൈറേഞ്ചിലും വാരാന്ത്യം കൊക്കോ വില കിലോ 700 രൂപയായി ഉയർന്നു. വിലക്കയറ്റം കണ്ട് ഉൽപാദകർ മുഖ്യ വിപണികളിലേക്കുള്ള ചരക്ക് നീക്കം കുറച്ചു. അന്താരാഷ്‌ട്ര കൊക്കോ അവധി വ്യാപാരത്തിൽ വില 9400 ഡോളറിൽ നിന്നും 9800ലേക്ക് ഉയർന്നു. ആഫ്രിക്കൻ രാജ്യങ്ങളിലെ പ്രതികൂല കാലാവസ്ഥ ഉൽപന്നത്തിൻെറ ഗുണനിലവാരത്തെ ബാധിച്ച വിവരം രാജ്യാന്തര വില ഉയർത്തി.
ഹൈറേഞ്ചിലെ തോട്ടങ്ങളിൽ ഈ വർഷത്തെ അവസാന റൗണ്ട് ഏലം വിളവെടുപ്പിനിടയിൽ ലഭ്യമാവുന്ന ചരക്കത്രയും വാങ്ങിക്കൂട്ടാൻ ഇടപാടുകാർ ലേല കേന്ദ്രങ്ങളിൽ മത്സരിച്ചു. വിൽപനക്ക് എത്തുന്നതിൽ 90 ശതമാനത്തിൽ അധികം ചരക്ക് വിറ്റഴിയുന്നുണ്ട്. പല ദിവസങ്ങളിലും ഒരു ലക്ഷം കിലോയിൽ അധികം ഏലക്ക ലേലത്തിനിറങ്ങി. കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും രംഗത്ത് സജീവമാണ്. ക്രിസ്‌മസ് അടുത്തതോടെ കേക്ക് നിർമാതാക്കൾക്കൊപ്പം മറ്റ് വ്യവസായികളും വിപണിയിൽ പിടിമുറുക്കി. അറബ് രാജ്യങ്ങൾ പുതുവർഷ ആഘോഷ വേളയിലെ ചരക്ക് മാത്രമല്ല, നോമ്പുകാല ആവശ്യങ്ങൾ മുന്നിൽ ക്കണ്ടുള്ള ഏലക്ക സംഭരണത്തിനും തുടക്കം കുറിച്ചു. ശരാശരി ഇനങ്ങൾ വാരാന്ത്യം കിലോ 3000ത്തിലേക്ക് അടുത്തപ്പോൾ മികച്ചയിനങ്ങൾ 3400 രൂപയിൽ കൈമാറി.
അന്തർസംസ്ഥാന വ്യാപാരികൾ തുടർച്ചയായ രണ്ടാം വാരത്തിലും കുരുമുളക് വില ഉയർത്തിയിട്ടും ആവശ്യാനുസരണം നാടൻ ചരക്ക് ശേഖരിക്കാൻ പലർക്കുമായില്ല. ഹൈറേഞ്ചിൽ നിന്നും മറ്റ് ഉൽപാദന കേന്ദ്രങ്ങളിൽ നിന്നും കുറഞ്ഞ അളവിലാണ് മുളക് വിൽപനക്ക് ഇറങ്ങുന്നത്. ആഭ്യന്തര ഡിമാൻഡ് ശക്തമായതിനാൽ നിരക്ക് ഇനിയും ഉയരുമെന്ന നിലപാടിലാണ് കാർഷിക മേഖല. കൊച്ചിയിൽ ഗാർബിൾഡ് ക്വിൻറലിന് 64,900 രൂപയിൽ നിന്നും 66,200 രൂപയായി.
ആഗോള വിപണിയിലും കുരുമുളക് ലഭ്യത ചുരുങ്ങി. യുറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഈസ്‌റ്റർ വരെയുള്ള കാലയളവിലെ ആവശ്യങ്ങൾ മുന്നിൽക്കണ്ട് പുതിയ കച്ചവടങ്ങൾക്കുള്ള തിരക്കിട്ട നീക്കത്തിലാണ്. കാലാവസ്ഥ വ്യതിയാനം മൂലം കുരുമുളക് ഉൽപാദന രാജ്യങ്ങളിലെ ചരക്കുക്ഷാമം രണ്ടുമാസം കുടി തുടരാം.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വാരാരംഭത്തിൽ ശക്തമായ മഴ നിലനിന്നത് റബർ ഉൽപാദകരെ തോട്ടങ്ങളിൽ നിന്നു പിന്തിരിപ്പിച്ചു. എന്നാൽ, പിന്നീട് തെളിഞ്ഞ കാലാവസ്ഥ ലഭ്യമായത് റബർ ടാപ്പിങ് ഊർജിതമാക്കാൻ കർഷകരെ പ്രേരിപ്പിച്ചു. ഇതിനിടയിൽ വിദേശ മാർക്കറ്റുകളിൽ നിന്നുള്ള അനുകൂല വാർത്തകൾ ആഭ്യന്തര വില മെച്ചപ്പെടുത്തി. 19,400 രൂപയിൽ വിൽപനക്ക് തുടക്കം കുറിച്ച നാലാം ഗ്രേഡ് 20,000ത്തിലേക്ക് പ്രവേശിക്കുമെന്ന് ഉൽപാദന മേഖല ഒന്നടങ്കം പ്രതീക്ഷിച്ച സന്ദർഭത്തിൽ ടയർ കമ്പനികൾ വാങ്ങൽ ചുരുക്കി രംഗത്തുനിന്ന് പിൻവലിഞ്ഞതോടെ 19,800ൽ വിപണിയുടെ കാലിടറി, വാരാന്ത്യം നിരക്ക് 19,500ലേക്ക് ഇടിഞ്ഞു. രാജ്യാന്തര റബർ അവധിയിലെ നിക്ഷേപ താൽപര്യം ശക്തമായി. ജപ്പാൻ ഒസാക്ക എക്‌സ്‌ചേഞ്ചിൽ ഫണ്ടുകൾ റബറിൽ ഷോട്ട് കവറിങ്ങിന് കാണിച്ച തിടുക്കം ഡിസംബർ അവധി വില 388 യെന്നിലേക്ക് ഉയർത്തി. ഇതിന്റെ ചുവടുപിടിച്ച് ചൈനീസ്, സിംഗപ്പൂർ മാർക്കറ്റുകളിലും റബർ മുന്നേറിയത് കയറ്റുമതി കേന്ദ്രമായ ബാങ്കോക്കിൽ നാലാം ഗ്രേഡിന് തുല്യമായ ഷീറ്റ് വില 20,593 രൂപയിൽ നിന്നും 21,035 ലേക്ക് ഉയർത്തി.
ആഭരണ വിപണികളിൽ സ്വർണ വില കയറിയിറങ്ങി. പവന് 57,200 രൂപയിൽ നിന്നും 56,720ലേക്ക് ഒരവസരത്തിൽ ഇടിഞ്ഞെങ്കിലും വാരാന്ത്യം നിരക്ക് മെച്ചപ്പെട്ട് 56,920 രൂപയായി. ന്യൂയോർക്കിൽ സ്വർണ വില ട്രോയ് ഔൺസിന് 2632 ഡോളർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.