ന്യൂഡൽഹി: ലോക്സഭയിൽ നിർണായകമായ രണ്ട് ബില്ലുകൾ അവതരിപ്പിച്ച് കേന്ദ്രസർക്കാർ. ഇൻഷൂറൻസ് മേഖലയുടെ സ്വകാര്യവൽക്കരണത്തിനുള്ള ബില്ലും ഡൽഹിയിലെ മലിനീകരണം തടയുന്നതുമായി ബന്ധപ്പെട്ട ബില്ലുമാണ് വെള്ളിയാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചത്.
ധനമന്ത്രി നിർമല സീതാരാമാനാണ് ജനറൽ ഇൻഷൂറൻസ് ബിസിനസ്(നാഷണലൈസേഷൻ) ഭേദഗതി ബിൽ പാർലമെന്‍റിൽ അവതരിപ്പിച്ചത്. രാജ്യത്തെ ജനറൽ ഇൻഷൂറൻസ് കമ്പനികളുടെ സ്വകാര്യവൽക്കരണത്തിനായാണ് ബിൽ കൊണ്ടു വന്നത്. ഡൽഹിയിലെ വായു മലിനീകരണം തടയുന്നതുമായി ബന്ധപ്പെട്ടാണ് മറ്റൊരു ബിൽ.
രണ്ട് സ്വകാര്യ ബാങ്കുകളുടേയും ഒരു ജനറൽ ഇൻഷൂറൻസ് കമ്പനിയുടേയും സ്വകാര്യവൽക്കരണം നടപ്പാക്കുമെന്ന് 2021-22 സാമ്പത്തിക വർഷത്തിലെ ബജറ്റ് അവതരണവേളയിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഇതിനായി നിയമഭേദഗതി ആവശ്യമായി വരുമെന്നും അവർ വ്യക്തമാക്കിയിരുന്നു. ഈ നിയമഭേദഗതിക്കായാണ് ധനമന്ത്രി ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്.
ഈ വർഷം ഓഹരി വിൽപനയിലൂടെ 1.75 ലക്ഷം കോടി രൂപ സ്വരൂപിക്കാനാണ് കേന്ദ്രസർക്കാർ പദ്ധതി. ഏതാണ്ട് അഞ്ചോളം ഇൻഷൂറൻസ് കോർപ്പറേഷനുകളിലെ ഓഹരി വിൽപന നടത്താൻ മോദി സർക്കാർ പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ടുകൾ. രണ്ടാമത് അവതരിപ്പിച്ച മലിനീകരണം തടയുന്നതിനുള്ള ബിൽ ഡൽഹിയിലെ മലിനീകരണം പരിശോധിക്കാൻ പ്രത്യേക പാനലിനെ നിയോഗിക്കാൻ നിർദേശിക്കുന്നു. എന്നാൽ, പല കർഷക സംഘടനകളും ബില്ലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.