ന്യൂഡൽഹി: രാജ്യത്ത് പണപ്പെരുപ്പം ഉയരുന്നതിനിടെ അത് കുറക്കാനുള്ള വഴികൾ തേടി അധികൃതർ. റെക്കോർഡുകൾ ഭേദിച്ച് പണപ്പെരുപ്പം കുതിച്ചതോടെയാണ് നിരക്കുകൾ പിടിച്ചു നിർത്തുന്നതിനുള്ള നടപടികൾക്ക് കേന്ദ്രസർക്കാറും ആർ.ബി.ഐയും തുടക്കമിട്ടത്. നിരക്കുകൾ കൂട്ടി ആർ.ബി.ഐ പണപ്പെരുപ്പത്തെ പിടിച്ചുനിർത്താൻ ശ്രമിച്ചപ്പോൾ ഇന്ധനനികുതി ഉൾപ്പടെ കുറച്ചുകൊണ്ട് പ്രതിസന്ധി നേരിടാനായിരുന്നു കേന്ദ്രസർക്കാർ നീക്കം.
എന്നാൽ, ഭരണതലത്തിൽ സ്വീകരിക്കുന്ന നടപടികൾക്കൊപ്പം പണപ്പെരുപ്പം കുറക്കാൻ മഴക്ക് വേണ്ടി കൂടിയാണ് അധികാരികൾ കാത്തിരിക്കുന്നത്. ഇന്ത്യയിൽ 75 ശതമാനം വിലക്കയറ്റവും ഉണ്ടാവുന്നത് ഭക്ഷ്യവസ്തുക്കൾക്കാണ്. നല്ല മൺസൂൺ ഉണ്ടാവുന്നതോടെ ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനം വർധിക്കുമെന്നും അത് പണപ്പെരുപ്പത്തെ കുറക്കുമെന്നുമാണ് വിലയിരുത്തൽ.
പണനയം കൊണ്ട് മാത്രം പണപ്പെരുപ്പം കുറക്കാനാവില്ലെന്ന് യെസ് ബാങ്ക് സാമ്പത്തികശാസ്ത്രജ്ഞൻ ഇന്ദ്രാണി പാൻ പറയുന്നു. ഭക്ഷ്യവസ്തുക്കൾ മൂലമുണ്ടാകുന്ന പണപ്പെരുപ്പം പിടിച്ചു നിർത്താൻ ഇത് മാത്രം മതിയാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ ഭക്ഷ്യവസ്തുക്കൾ മൂലവും പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുമാണ് പ്രധാനമായും പണപ്പെരുപ്പമുണ്ടാവുന്നത്. യുക്രെയ്ൻ-റഷ്യ സംഘർഷം മൂലം പല ഭക്ഷ്യവസ്തുക്കൾക്കും കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇതിന് പുറമേ കാലാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങളും ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം ഉയർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.