ഹിൻഡൻബർഗ് ആരോപണങ്ങളുടെ കരിനിഴലിൽ നിന്നും കരകയറുന്നതിനിടെ ഗൗതം അദാനിയും അദാനി ഗ്രൂപ്പും മറ്റൊരു പ്രതിസന്ധിയെ നേരിടുകയാണ്. യു.എസിൽ അഴിമതി, തട്ടിപ്പ് വകുപ്പുകൾ പ്രകാരം കേസെടുത്തതാണ് ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായിക്ക് മുന്നിലെ പുതിയ കടമ്പ. ഹിൻഡൻബർഗ് ആരോപണങ്ങളിൽ അദാനി വീഴുമെന്ന് പ്രവചിച്ചവരേറെയാണ്. എന്നാൽ, ഇന്ത്യയിലെ ഭരണനേതൃത്വത്തിന്റെ അകമഴിഞ്ഞ പിന്തുണയിൽ പ്രതിസന്ധി ഒരു പരിധി വരെ മറികടക്കാൻ അദാനിക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ അത്ര ലാഘവത്തോടെ യു.എസിലെ കേസിൽ നിന്നും തലയൂരാൻ അദാനിക്ക് കഴിയുമോ ?. രാജ്യത്തെ ഏറ്റവും വലിയ വ്യവസായിയുടെ അടിവേര് മാന്തുമോ പുതിയ സംഭവം.
യു.എസിൽ അദാനിക്കെതിരെ രജിസ്റ്റർ ചെയ്തതിന് സമാനമായ കേസുകളിൽ സാധാരണയായി കമ്പനികളോ വ്യക്തികളോ പിഴയടച്ച് തലയൂരുകയാണ് പതിവ്. പിഴവ് അംഗീകരിക്കാതെ തന്നെ കേസിൽ പിഴയടക്കുന്നതാണ് രീതി. ചിലപ്പോൾ അദാനിയും ഇതേ മാതൃക തന്നെ പിന്തുടർന്നേക്കും. അങ്ങനെയെങ്കിൽ വ്യക്തപരമായി അദാനിക്കും കമ്പനിക്കും വലിയ നിയമനടപടികൾ നേരിടേണ്ടി വരില്ല.
പക്ഷേ കേസ് കമ്പനിയുടെ പ്രതിഛായക്ക് മങ്ങലേൽപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ബോണ്ടുകളിലൂടെയും മറ്റും പണം സ്വരൂപിക്കാനും അദാനി ഗ്രൂപ്പ് ഒരുങ്ങുന്നതിനിടെ ഇതിനൊക്കെ കേസ് വിഘാതം സൃഷ്ടിക്കും. കേസിന് പിന്നാലെ തന്നെ അദാനി അതിന്റെ ചൂടറിഞ്ഞ് കഴിഞ്ഞു. ബോണ്ടുകളുടെ വില കുറഞ്ഞതും ഓഹരി വിലയിലുണ്ടായ ഇടിവും നിശ്ചയിച്ച ബോണ്ട് വിൽപനയിൽ നിന്നും പിൻമാറേണ്ടി വന്നതും തിരിച്ചടികളിൽ ചിലത് മാത്രമാണ്. ഇതിനൊപ്പം അദാനി ഗ്രൂപ്പിലെ പ്രധാന നിക്ഷേപകരായ ജി.ക്യു.ജെ പാർട്ണർ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് പറഞ്ഞതും അദാനിക്ക് തിരിച്ചടിയാണ്.
ഹിൻഡൻബർഗ് ആരോപണങ്ങളുടെ തിരിച്ചടിയിൽ നിന്നും കരകയറാൻ സാധിച്ചുവെങ്കിലും തുടർച്ചയായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഗൗതം അദാനിക്ക് ദീർഘകാലത്തേക്ക് വെല്ലുവിളിയാവുമെന്ന കാര്യത്തിൽ സംശയമില്ല. വീണ്ടും വിശ്വാസനഷ്ടമുണ്ടായ സാഹചര്യത്തിൽ അത് തിരിച്ചുപിടിക്കാൻ അദാനി വിയർക്കുമെന്നുറപ്പ്.
അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനിക്കെതിരെ യു.എസിൽ കേസെടുത്തിരുന്നു. തട്ടിപ്പിനും കൈക്കൂലിക്കുമെതിരായ കേസാണ് ഗൗതം അദാനിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബുധനാഴ്ചയാണ് അദാനിക്കെതിരെ കേസെടുത്ത വിവരം പുറത്ത് വന്നത്.
അദാനിയെ കൂടാതെ മറ്റ് ഏഴ് പേരും കേസിൽ പ്രതികളാണ്. അദാനിയുടെ അടുത്ത ബന്ധു സാഗർ അദാനിയാണ് കേസിലെ മറ്റൊരു പ്രതി. വിവിധ കരാറുകൾ സ്വന്തമാക്കാനായി 265 മില്യൺ ഡോളർ അദാനി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിലൂടെ രണ്ട് ബില്യൺ ഡോളർ ലാഭമുണ്ടാക്കുകയായിരുന്നു അദാനിയുടെ ലക്ഷ്യം.
ഗൗതം അദാനിയും അദാനി ഗ്രീൻ എനർജിയുടെ മുൻ സി.ഇ.ഒ വനീത് ജയിനും ഈ അഴിമതി മറച്ചുവെച്ച് മൂന്ന് ബില്യൺ ഡോളർ വായ്പകളിലൂടെയും ബോണ്ടുകളിലൂടെയും സ്വരൂപിച്ചുവെന്നാണ് കേസ്. അഴിമതിക്ക് തെളിവായി ചില കോഡ് നാമങ്ങൾ ഫോണിലൂടെ കൈമാറിയതിന്റെ തെളിവുകളുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം, അദാനി ഗ്രൂപ്പ് ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെയാണ് അദാനിക്കെതിരെ കേസെടുത്ത വിവരം പുറത്ത് വന്നത്. വാഷിങ്ടണിലെ ഇന്ത്യൻ എംബസിയും ഇക്കാര്യത്തിൽ പ്രതികരിച്ചട്ടില്ല.
ഗൗതം അദാനി, സാഗർ അദാനി, ജെയിൻ എന്നിവർക്കെതിരെ സെക്യൂരിറ്റി തട്ടിപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. യു.എസ് സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് കമീഷൻ സിവിൽ കേസും അദാനിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.