ന്യൂഡൽഹി: ബാങ്കുകൾ കേന്ദ്ര ബാങ്കിൽ സൂക്ഷിക്കേണ്ട കരുതൽ ധനത്തിെന്റ അനുപാതം (സി.ആർ.ആർ) കുറച്ച റിസർവ് ബാങ്ക് തീരുമാനം വിപണിയിൽ പണലഭ്യത വർധിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. വാണിജ്യ ബാങ്കുകളുടെ പക്കൽ കൂടുതൽ പണം വരുകയും അത് വായ്പയായി നൽകി വിപണിയിലേക്ക് പണമൊഴുക്ക് കൂടുകയും ചെയ്യും.
സി.ആർ.ആർ അര ശതമാനം കുറച്ച് നാലു ശതമാനമാക്കുകയാണ് ചെയ്തത്. ഡിസംബർ 14നും 28നും രണ്ട് ഘട്ടങ്ങളിലായി പ്രാബല്യത്തിൽ വരും. അതോടെ ബാങ്കിങ് സംവിധാനത്തിലേക്ക് 1.16 ലക്ഷം കോടി രൂപ അധികമായി വരും. ഇത് കയറ്റുമതിക്കാർക്കും വ്യാപാരി -വ്യവസായികൾക്കും എളുപ്പത്തിൽ വായ്പ ലഭിക്കാൻ സഹായിക്കും. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ സഹായിക്കുന്നതാണ് ഈ തീരുമാനമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ, പലിശ നിരക്കിൽ മാറ്റം വരുത്താൻ ആർ.ബി.ഐ തയാറാകാഞ്ഞത് പണപ്പെരുപ്പ അപകടസാധ്യതകൾ ചൂണ്ടിക്കാട്ടിയായിരുന്നു. ഇത് പ്രതീക്ഷിച്ചതുതന്നെയായിരുന്നു. പണപ്പെരുപ്പം കുറയുന്നതോടെ ഭാവിയിൽ പലിശനിരക്ക് കുറക്കൽ പ്രതീക്ഷിക്കാമെന്നാണ് വിവിധ മേഖലയിലുള്ളവർ പ്രതികരിച്ചത്.
അടുത്ത പണ നയ അവലോകന യോഗത്തിൽ പലിശനിരക്ക് കുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിയൽ എസ്റ്റേറ്റ് വ്യവസായ കൂട്ടായ്മയായ ക്രെഡായി പ്രസിഡന്റ് ബൊമൻ ഇറാനി പറഞ്ഞു. താങ്ങാനാവുന്ന ഭവന നിർമാണത്തിന് കൂടുതൽ ഉത്തേജനം നൽകുന്നതിനായി റിപോ നിരക്ക് കുറക്കേണ്ടതുണ്ട്. ഭവന വായ്പയുടെ പലിശ നിരക്ക് കുറഞ്ഞാൽ നിർമാണ സാമഗ്രികളുടെ ഉൽപാദനത്തിലും ഉണർവുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.