ക്രിപ്റ്റോ കറൻസി നിയമാനുസൃതമാക്കുമോ നി​രോധിക്കുമോയെന്ന് ഇപ്പോൾ പറയാനാവില്ല -നിർമ്മല സീതാരാമൻ

ന്യൂഡൽഹി: ക്രിപ്റ്റൊകറൻസി ഇടപാടിലൂടെ ഉണ്ടാക്കുന്ന ലാഭത്തിന് നികുതി ഈടാക്കാൻ സർക്കാറിന് പരമാധികാരമുണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ക്രിപ്റ്റൊകറൻസി നിയമാനുസൃതമാക്കുമെന്നോ നിരോധിക്കുമെ​ന്നോ ഇപ്പോൾ പറയുന്നില്ല. അക്കാര്യത്തിൽ തീരുമാനമെടുക്കുന്നത് ബന്ധപ്പെട്ടവരുമായി നടത്തുന്ന കൂടിയാലോചനകളിലെ അഭിപ്രായങ്ങൾ പരിഗണിച്ചായിരിക്കും.

രാജ്യസഭയിൽ ബജറ്റ് ചർച്ച ഉപസംഹരിക്കുകയായിരുന്നു ധനമന്ത്രി. റിസർവ് ബാങ്ക് ഡിജിറ്റൽ രൂപ പുറത്തിറക്കുമെന്നും മറ്റ് സ്വകാര്യ ഡിജിറ്റൽ ആസ്തികളിൽനിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ഈടാക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞിരുന്നു. 10,000 രൂപക്കു മുകളിലുള്ള വെർച്വൽ കറൻസി ഇടപാടുകൾക്ക് ഒരു ശതമാനം നികുതി, സ്രോതസ്സിൽ നിന്ന് (ടി.ഡി.എസ്) ഈടാക്കും.

കോവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാമ്പത്തികരംഗത്ത് സ്ഥിരത കൊണ്ടുവരുന്നതാണ് പുതിയ ബജറ്റെന്ന് ധനമന്ത്രി വാദിച്ചു. പൊതുപദ്ധതികളിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ബജറ്റിൽ ശ്രദ്ധിച്ചിട്ടുണ്ട്. രാജ്യത്ത് വിലക്കയറ്റമാണെന്ന വിമർശനം ധനമന്ത്രി തള്ളിക്കളഞ്ഞു. സമ്പദ് രംഗത്തുനിന്ന് 9.57 ലക്ഷം കോടി രൂപ മഹാമാരി ഒഴുക്കിക്കൊണ്ടുപോയിട്ടും നാണ്യപ്പെരുപ്പം ആറു ശതമാനം മാത്രമാണ്. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തേക്കാൾ കുറഞ്ഞ പരിക്കു മാത്രമാണ് കോവിഡ് കാലത്ത് ഉണ്ടായത്.

ഇപ്പോൾ മാന്ദ്യമില്ല. മാർച്ച് 31ന് അവസാനിക്കുന്ന സാമ്പത്തികവർഷത്തിൽ വളർച്ചനിരക്ക് 9.2 ശതമാനമായിട്ടുണ്ട്. ഏഴു വർഷം മുമ്പ് 110 ലക്ഷം കോടി രൂപയുടേതായിരുന്ന സാമ്പത്തികരംഗം ഇപ്പോൾ 232 ലക്ഷം കോടിയിലേക്കു വളർന്നു. അടിസ്ഥാന സൗകര്യ നിർമാണങ്ങൾക്ക് ഏഴര ലക്ഷം കോടി രൂപ ബജറ്റിൽ നീക്കിവെച്ചതു വഴി സാമ്പത്തിക വളർച്ച മെച്ചപ്പെടും.

മഹാമാരി ലോകത്തെവിടെയും ഉണ്ടാക്കിയതിനേക്കാൾ കെടുതികൾ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ വരുത്തിവെച്ചു. എണ്ണ പ്രതിസന്ധിയുണ്ടായ 1972-73ൽ പണച്ചുരുക്കം 0.6 ശതമാനമായിരുന്നു. ഇറാൻ-ഇറാഖ് യുദ്ധം നടന്ന 1979-80കളിൽ 5.2 ശതമാനമായിരുന്നു. അതേസമയം, കഴിഞ്ഞ സാമ്പത്തികവർഷം പണച്ചുരുക്കം 6.6 ശതമാനം മാത്രമായിരുന്നു.

2008ൽ സമ്പദ്‍വ്യവസ്ഥയുടെ വലുപ്പം 2.12 ലക്ഷം കോടിയായി ചുരുങ്ങിയെങ്കിൽ കോവിഡ് കാലത്ത് സമ്പദ്‍വ്യവസ്ഥ 9.57 ലക്ഷം കോടിയിലേക്കാണ് ചുരുങ്ങിയത്. സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിച്ചതു വഴി നാണ്യപ്പെരുപ്പം 6.2 ശതമാനത്തിൽ ഒതുക്കാൻ കഴിഞ്ഞു. ചെറിയ പ്രതിസന്ധി കൈകാര്യംചെയ്യാൻ കഴിയാത്ത തഴക്കമുള്ള മുൻ ധനമന്ത്രിമാരാണ്, ഒന്നുമറിയില്ലെന്ന് തന്നെ പരിഹസിക്കുന്നതെന്നും നിർമല സീതാരാമൻ കുറ്റപ്പെടുത്തി

Tags:    
News Summary - Nirmala sitharaman statement on crypto currency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.