ന്യൂഡൽഹി: പുതുക്കിയ ജി.എസ്.ടി നിരക്കുകൾ കഴിഞ്ഞ ദിവസമാണ് നിലവിൽ വന്നത്. ഭക്ഷ്യവസ്തുക്കൾക്ക് ഉൾപ്പടെ നികുതി ചുമത്തിയെന്ന് ആരോപിച്ച് വലിയ പ്രതിഷേധവും കേന്ദ്രസർക്കാറിനെതിരെ ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ വിശദീകരവുമായി രംഗത്തെത്തിയിരിക്കുകയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ.
മുൻകൂർ പാക്ക് ചെയ്യാത്ത ഭക്ഷ്യോൽപന്നങ്ങളൊന്നും നികുതിപരിധിയിൽ വരില്ലെന്നാണ് ധനമന്ത്രി വ്യക്തമാക്കുന്നത്. കടകളിൽ മുൻകൂർ പാക്ക് ചെയ്യാതെ എത്തുന്ന ഉൽപന്നങ്ങൾക്ക് നികുതി ചുമത്തില്ല. എന്നാൽ, മുമ്പ് ബ്രാൻഡഡ് ഭക്ഷ്യവിഭവങ്ങൾക്ക് മാത്രമാണ് നികുതി ചുമത്തിയതെങ്കിൽ ഇക്കുറി പാക്ക് ചെയ്ത് പുറത്തിറങ്ങുന്ന ഉൽപന്നങ്ങളെല്ലാം അഞ്ച് ശതമാനം ജി.എസ്.ടി പരിധിയിൽ വരും.
എതിർപ്പുകളില്ലാതെയാണ് ഭക്ഷ്യവസ്തുക്കളുടെ പുതിയ നികുതി സമ്പ്രദായം ജി.എസ്.ടി കൗൺസിൽ പാസാക്കിയത്. എല്ലാ സംസ്ഥാനങ്ങളും ജി.എസ്.ടി കൗൺസിൽ യോഗത്തിൽ പങ്കെടുത്തിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു. നേരത്തെ ഭക്ഷ്യവസ്തുക്കളുടെ നികുതിയിലൂടെ സംസ്ഥാനങ്ങൾ വലിയ വരുമാനം നേടിയിരുന്നു. എന്നാൽ, ജി.എസ്.ടി വന്നതോടെ ഈ വരുമാനം ഇല്ലാതായി. ജി.എസ്.ടിയിൽ നികുതി ബ്രാൻഡഡ് ഭക്ഷ്യോൽപന്നങ്ങൾക്ക് മാത്രമായി നിജപ്പെടുത്തി. ഇതുമാറ്റി പാക്ക് ചെയ്ത എല്ലാ ഭക്ഷ്യോൽപ്പന്നങ്ങൾക്കും നികുതി ചുമത്തണമെന്ന ആവശ്യം വിവിധ സംസ്ഥാനങ്ങൾ തന്നെ ഉയർത്തിയിട്ടുണ്ടെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.