ന്യൂഡൽഹി: മൊത്തവില സൂചിക അടിസ്ഥാനമാക്കിയ പണപ്പെരുപ്പം മേയിൽ റെക്കോഡ് ഉയരത്തിൽ. 15.88 ശതമാനത്തിലേക്കാണ് പണപ്പെരുപ്പം കുതിച്ചുയർന്നത്. അസംസ്കൃത എണ്ണയുടെയും ഭക്ഷ്യസാധനങ്ങളുടേയും വിലക്കയറ്റമാണ് നിരക്കുയരാൻ ഇടയാക്കിയത്. ഏപ്രിലിൽ 15.08 ശതമാനവും 2021 മേയിൽ 13.11 ശതമാനവുമായിരുന്നു പണപ്പെരുപ്പ തോത്. മൊത്ത വ്യാപാരം നടക്കുന്ന ഉൽപന്നങ്ങളുടെ ശരാശരി വിലയിൽ വരുന്ന വ്യതിയാനമാണ് മൊത്തവില സൂചിക പണപ്പെരുപ്പം(ഡബ്ല്യു.പി.ഐ). അസംസ്കൃത എണ്ണ, ഭക്ഷ്യവസ്തുക്കൾ, ധാതു എണ്ണ, ഭക്ഷ്യ ഇതര വസ്തുക്കൾ, രാസവസ്തുക്കൾ, രാസ ഉൽപന്നങ്ങൾ എന്നിവയുടെ വില കഴിഞ്ഞ വർഷം മേയ് മാസത്തെ അേപക്ഷിച്ച് 2022 മേയിൽ വർധിച്ചതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, 2021 ഏപ്രിലിനുശേഷം തുടർച്ചയായി 14ാം മാസമാണ് മൊത്തവില പണപ്പെരുപ്പം രണ്ടക്കത്തിൽ തുടരുന്നത്. കഴിഞ്ഞ മൂന്നുമാസമായി പണപ്പെരുപ്പം കൂടുകയാണ്.
ചൊവ്വാഴ്ച 78.03 എന്ന നിലയിലാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം. തിങ്കളാഴ്ച 78.28 രൂപ വരെ താഴ്ന്നിരുന്നു.
മേയിൽ ഭക്ഷ്യവസ്തുക്കളുടെ വില വർധന തോത് 12.34 ശതമാനമാണ്. പച്ചക്കറി, ഗോതമ്പ്, പഴവർഗങ്ങൾ, ഉരുളക്കിഴങ്ങ് എന്നിവക്ക് കുത്തനെ വില കൂടി. പച്ചക്കറികൾക്ക് മാത്രം 56.36 ശതമാനം വിലക്കയറ്റമുണ്ടായി. ഗോതമ്പ്-10.55 ശതമാനം, മുട്ട, മത്സ്യം, മാംസം-7.78 ശതമാനം എന്നിങ്ങനെയാണ് വിലക്കയറ്റതോത്.
ചില്ലറ വിൽപന വില അടിസ്ഥാനമാക്കിയ പണപ്പെരുപ്പം 7.04 ശതമാനമാണ്. കഴിഞ്ഞ അഞ്ചു മാസമായി റിസർവ് ബാങ്ക് കണക്കാക്കുന്നതിലും ഉയർന്ന നിരക്കാണ് ഇത്.
പണപ്പെരുപ്പം പിടിച്ചുനിർത്താൻ മേയിലും ഈ മാസവും റിസർവ് ബാങ്ക് അടിസ്ഥാന പലിശ നിരക്കിൽ വർധന വരുത്തിയിരുന്നു. 0.4ശതമാനം, 0.5 ശതമാനം വീതമായിരുന്നു വർധന. 2022-23 വർഷം പണപ്പെരുപ്പം 6.7 ശതമാനമായിരിക്കുമെന്നാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.