തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിൽ സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് കേരള സർക്കാർ കിഫ്ബി വഴി നടപ്പാക്കുന്നത്. പൊതുവിദ്യാഭ്യാസം, പൊതുമരാമത്ത്, പൊതുജനാരോഗ്യം, കുടിവെള്ള വിതരണം, ഊർജം, വ്യവസായം, കായികം തുടങ്ങി സമസ്ത മേഖലകളിലും ഒട്ടേറെ സമഗ്രമായ വികസന പദ്ധതികളാണ് പുരോഗമിക്കുന്നത്. കിഫ്ബിയോട് അനുബന്ധമായി ചില നൂതന പരീക്ഷണങ്ങളും വികസനത്തിൽ സർക്കാർ നടത്തിയിട്ടുണ്ട്. കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയും പ്രവാസിക്ഷേമ ബോർഡിന്‍റെ പ്രവാസി ഡിവിഡന്‍റ് സ്‌കീമുമാണ് ഇവ. കേരളത്തിന്‍റെ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികളെ നാടിന്‍റെ വികസനത്തിൽ പങ്കാളികളാക്കുന്നതിനൊപ്പം അവരുടെ ഭാവിയും സുരക്ഷിതമാക്കപ്പെടുന്ന, ദീർഘവീക്ഷണത്തോട് കൂടിയോടുള്ള പദ്ധതികളാണ് ഇവ.
സർക്കാറിന്‍റെ നിശ്ചയദാർഢ്യത്തേയും ഉദ്ദേശ്യശുദ്ധിയേയും പ്രവാസികൾ നെഞ്ചേറ്റിയെന്നതിന്‍റെ തെളിവാണ് കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വൻ സ്വീകാര്യത. കേവലം മൂന്നുവർഷത്തിനകം 500 കോടി കിഫ്ബി ബോണ്ടുകൾ എന്ന അഭിമാനകരമായ നേട്ടമാണ് പ്രവാസി ചിട്ടി കൈവരിച്ചിരിക്കുന്നത്. ആദ്യ 250 കോടി കിഫ്ബി ബോണ്ടുകൾ നിക്ഷേപിക്കാൻ ചിട്ടികൾ തുടങ്ങി 24 മാസം വേണ്ടിവന്നെങ്കിൽ അത് 500 കോടിയിലെത്താൻ വെറും 10 മാസം മാത്രമേ വേണ്ടിവന്നുള്ളൂ. പ്രവാസി ചിട്ടിയുടെ വർധിച്ചുവരുന്ന സ്വീകാര്യതക്ക് തെളിവാണിത്. ഇതുവരെ പ്രവാസി ചിട്ടിയിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ പ്രവാസികളുടെ എണ്ണം 113000 കടന്നിരിക്കുന്നു.
പ്രവാസികൾക്ക് ജീവിതകാലം മുഴുവൻ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്ന പ്രവാസി ഡിവിഡന്‍റ് പദ്ധതിയുടെ ഈ വർഷത്തെ രജിസ്‌ട്രേഷൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം മികച്ച പ്രതികരണമാണ് ഈ പദ്ധതിയോട് പ്രവാസികൾ കാണിച്ചത്. 12344 പ്രവാസികൾ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുകയും അതിൽ 1861 പേർ നിക്ഷേപം നടത്തുകയും ചെയ്തിട്ടുണ്ട് . തന്മൂലം 181.14 കോടിരൂപ അടിസ്ഥാനവികസന പദ്ധതികളിൽ വിനിയോഗിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.