അദാനി-ഹിൻഡൻബർഗ് വിവാദം: വിദഗ്ധ സമിതിയെന്ന സുപ്രീംകോടതി നിർദേശത്തോട് യോജിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഓഹരി വിപണിയിൽ നിക്ഷേപകരെ സംരക്ഷിക്കുന്നതിനായി നിർദേശങ്ങൾ നൽകാൻ വിദഗ്ധ സമിതിയെ നിയോഗിക്കുന്നത് പരിഗണിക്കണമെന്ന സുപ്രീംകോടതിയുടെ നിർദേശത്തോട് യോജിക്കുന്നുവെന്ന് കേന്ദ്ര സർക്കാർ. അദാനി ഗ്രൂപ്പിനെ പാടെ ഉലച്ച ഹിൻഡൻബർഗ് റിപ്പോർട്ട് വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പിലെ നിക്ഷേപകർക്ക് പണം നഷ്ടമാവുന്നത് തടയാൻ എന്ത് ചെയ്യാൻ കഴിയുമെന്ന് നേരത്തെ കോടതി ചോദിച്ചിരുന്നു. വിപണിയിലെ നിലവിലെ നിയന്ത്രണങ്ങളിൽ മാറ്റം വേണമോയെന്നത് പഠിക്കാൻ ഒരു വിദഗ്ധസമിതിയെ നിയോഗിക്കുന്നത് പരിഗണിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. 

വിപണിയിലെ എല്ലാ സാഹചര്യങ്ങളും കൈകാര്യം ചെയ്യാൻ സെബിയും മറ്റ് ഏജൻസികളും പ്രാപ്തരാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. എന്നാലും, സുപ്രീംകോടതി നിർദേശിച്ച പ്രകാരമുള്ള സമിതി രൂപീകരിക്കുന്നതിൽ സർക്കാറിന് എതിർപ്പില്ല. എന്നാൽ ഈ ഏജൻസികൾക്ക് ഒരു മേൽനോട്ട സമിതി വേണമെന്നത്, നിക്ഷേപകർക്ക് ഒരു തെറ്റായ സന്ദേശം നൽകാൻ കാരണമായാൽ, അത് വിപണിയിലേക്കുള്ള പണത്തിന്‍റെ ഒഴുക്കിനെ ബാധിക്കും. സമിതിയിലേക്കുള്ള അംഗങ്ങളെ നിർദേശിക്കാനുള്ള അനുമതി കേന്ദ്ര സർക്കാറിന് നൽകണം. പേരുകൾ മുദ്രവെച്ച കവറിൽ സമർപ്പിക്കാം -സോളിസിറ്റർ ജനറൽ അറിയിച്ചു.

ഹിൻഡൻബർഗ് റിപ്പോർട്ടിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ കഴിഞ്ഞയാഴ്ച കോടതി പരിഗണിച്ചിരുന്നു. സുപ്രീംകോടതി എന്തു പറഞ്ഞാലും അത് ഓഹരിവിപണിയെ ബാധിക്കുമെന്നും, വികാരത്തിനനുസരിച്ചാണ് വിപണി നീങ്ങുകയെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് നിക്ഷേപകർക്ക് പണം നഷ്ടമാവുന്നത് തടയാൻ എന്ത് ചെയ്യാൻ കഴിയുമെന്ന് സുപ്രീംകോടതി ചോദിച്ചത്. വിദഗ്ധസമിതിയെ നിയോഗിക്കുന്നത് പരിഗണിക്കണമെന്നും കോടതി നിർദേശിക്കുകയായിരുന്നു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Tags:    
News Summary - Adani-Hindenburg Issue : Centre Agrees To Supreme Court's Suggestion For Expert Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2024-12-30 01:28 GMT