മുംബൈ: കേന്ദ്രബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്രസർക്കാർ കുറച്ചതോടെ ഇന്ത്യക്കാർക്ക് ദുബൈ സ്വർണത്തോടുള്ള പ്രിയം കുറയുമെന്ന് നിഗമനം. ഇന്ത്യയിലെ ഉയർന്ന വില മൂലം യു.എ.ഇയിൽ നിന്നും ആളുകൾ കൂടുതലായി സ്വർണം വാങ്ങാറുണ്ട്. എന്നാൽ, നികുതി കുറച്ചതോടെ ഇതിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2022 ജൂലൈയിൽ കസ്റ്റംസ് ഡ്യൂട്ടി ഉയർത്തിയതോടെയാണ് യു.എ.ഇയിൽ നിന്നുള്ള സ്വർണത്തിന് പ്രിയമേറിയത്. എന്നാൽ, നികുതി വീണ്ടും കുറഞ്ഞതോടെ ഇതിൽ ഇടിവുണ്ടായേക്കാം. ഇന്ത്യയിൽ വില കുറഞ്ഞതോടെ തങ്ങളുടെ 50 ശതമാനം വ്യാപാരവും ഇന്ത്യയിലേക്ക് ഷിഫ്റ്റ് ചെയ്യുമെന്ന് ജോയ് ആലുക്കാസ് ചെയർമാൻ പറഞ്ഞു. യു.എ.ഇയിൽ താമസിക്കുന്ന ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾ അവിടെ നിന്ന് തന്നെ സ്വർണം വാങ്ങിയേക്കും.
യു.എ.ഇയിൽ സ്വർണത്തിന്റെ അഞ്ച് ശതമാനം വാറ്റും ഇന്ത്യയിലെ ഇറക്കുമതി തീരുവയും താരതമ്യം ചെയ്യുമ്പോൾ ചെറിയ വില വ്യത്യാസം മാത്രമാണ് ഇരു രാജ്യങ്ങളും തമ്മിൽ സ്വർണത്തിന്റെ വിലയിലുണ്ടാവുക. ഇന്ത്യയിൽ സ്വർണത്തിന് ലേബർ ചാർജ് കുറവായത് കൊണ്ടാണ് ഇങ്ങനെയെന്നും ബാന്ദ്ര കേന്ദ്രമാക്കി പ്രവർത്തിക്കുന്നന പോപ്‍ലി ആൻഡ് സൺസ് ഡയറക്ടർ രാജീവ് പോപ്‍ലി പറഞ്ഞു. പോപ്‍ലി ആൻഡ് സൺസിന് യു.എ.ഇയിൽ സ്വർണക്കടകളുണ്ട്.
ദുബൈയിലുള്ള എൻ.ആർ.ഐകൾക്ക് വാറ്റിന് റീഫണ്ട് ലഭിക്കില്ല. യു.എ.ഇയിലേക്ക് പോയി സ്വർണം വാങ്ങുന്ന ഇന്ത്യക്കാർക്ക് 60 ശതമാനം റീഫണ്ട് മാത്രമാണ് ലഭിക്കുകയെന്നും സ്വർണവ്യാപാര രംഗത്തുള്ളവർ പറയുന്നു. അതുപോലെ തന്നെ യു.എ.ഇയിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ എക്സ്ചേഞ്ച് ചെയ്യാനുള്ള സൗകര്യങ്ങൾ പരിമിതമാണ്. പലപ്പോഴും സ്വർണം വാങ്ങുമ്പോൾ ഇന്ത്യയിലെ ജ്വല്ലറി ഉടമകൾ ഡിസ്കൗണ്ട് കൊടുക്കാറുണ്ട്. ഇതു കൂടി ആകുമ്പോൾ ഇന്ത്യയിലേയും യു.എ.ഇയിലേയും സ്വർണവിലയിൽ വലിയ വ്യത്യാസമുണ്ടാവില്ലെന്നും യു.എ.ഇയിൽ നിന്നും മഞ്ഞ ലോഹം വാങ്ങുന്ന പലരും ഇനി ഇന്ത്യയിലേക്ക് തന്നെ തിരിച്ചെത്തുമെന്നാണ് വിശ്വാസമെന്നും ജ്വല്ലറി ഉടമകൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.