ബൈജിങ്: ദിവസങ്ങൾ കഴിയുന്തോറും എവർഗ്രാൻഡെ ചൈനക്കു മീതെ ഭീതിജനകമായ ആശങ്കയായി വളരുകയാണ്. ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയായ രാജ്യത്തെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് സ്ഥാപനമാണ് വൻ തകർച്ച നേരിടുന്നത്. 2008ൽ അമേരിക്കയിലെ 'ലീമാൻ ബ്രദേഴ്സ്' തകർച്ചയുടെ മറ്റൊരു പതിപ്പാകുമോ ചൈനക്ക് എവർഗ്രാൻഡെ എന്ന ചോദ്യം സാമ്പത്തിക ലോകത്ത് അലയടിക്കുന്നു. തിങ്കളാഴ്ച ഹോങ്കോങ് ഓഹരി വിപണിയിൽ എവർഗ്രാൻഡെ ഓഹരി വില കൂപ്പുകുത്തിയത് 10 ശതമാനം.
കോടാനുകോടികൾ വായ്പയെടുത്ത കുത്തകകളെ നിയന്ത്രിക്കാൻ കഴിഞ്ഞ വർഷം ചൈനീസ് സർക്കാർ കൊണ്ടുവന്ന നിയമമാണ് എവർഗ്രാൻഡെക്ക് തിരിച്ചടിയായത്. 300 ബില്ല്യൺ ഡോളർ (22 ലക്ഷം കോടിയിലേറെ)ആണ് കമ്പനിയുടെ ബാങ്ക് വായ്പ. നിയന്ത്രണത്തെതുടർന്ന് കടുത്ത പണക്കമ്മി അലട്ടിയപ്പോൾ അത് നികത്താൻ ഭവനപദ്ധതികൾ വൻ ഡിസ്കൗണ്ടിന് വിൽപനക്കു വെച്ചതോടെ തകർച്ചയും തുടങ്ങി. ഇപ്പോൾ പലിശയടക്കാൻ നിവൃത്തിയില്ല. ബോണ്ടിന് വിലയിടിഞ്ഞു. കഴിഞ്ഞ ഒറ്റ വർഷം ഓഹരി വില താഴേക്കു പതിച്ചത് 85 ശതമാനം.
നിർമാണം തുടങ്ങാത്ത പദ്ധതികളിൽ നിരവധിയാളുകളാണ് മുൻകൂർ പണം മുടക്കിയിരിക്കുന്നത്. എവർഗ്രാൻഡെ തകർന്നാൽ അവരാണ് ആദ്യ ഇരകൾ. നിർമാണം, രൂപകൽപന, സാധനസാമഗ്രികളുടെ വിതരണക്കാർ തുടങ്ങി അനുബന്ധ കമ്പനികൾക്കെല്ലാം വൻ തിരിച്ചടിയുണ്ടാകും. തകർച്ച ചൈനയുടെ സാമ്പത്തിക മേഖലയെയും ഗുരുതരമായി ബാധിക്കും. 171 ആഭ്യന്തര ബാങ്കുകളും 121 ധനകാര്യ സ്ഥാപനങ്ങളും ഗ്രാൻഡെക്ക് വായ്പ നൽകിയിട്ടുണ്ട്. ഇവർക്കും കടുത്ത പ്രതിസന്ധിയുണ്ടാകും. തുടർന്ന് ബാങ്കുകളുടെ പൊതു വായ്പത്തോത് കുറയും. പലിശനിരക്കുയരും.
സാധാരണ സ്ഥാപനങ്ങൾക്കും വായ്പയെടുക്കാൻ സാധിക്കാതെ വരും. ഒടുവിൽ സമ്പദ്വ്യവസ്ഥ പണഞെരുക്കത്തിലേക്ക് നീങ്ങും. അത് ആഗോള ചലനങ്ങളുണ്ടാക്കും. വിദേശ നിക്ഷേപകരും ചൈനയെ കൈവിടും.
ഇന്ത്യയിൽ വോഡഫോൺ-ഐഡിയയെ രക്ഷപ്പെടുത്താൻ കേന്ദ്രം ടെലികോം പാക്കേജ് പ്രഖ്യാപിച്ചതുപോലെ ചൈനീസ് ഗവൺമെൻറ് ഗ്രാൻഡെയുടെ രക്ഷക്കെത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇല്ലെന്നും ഉണ്ടാകുമെന്നും എന്ന വാദത്തോടെ സാമ്പത്തിക വിദഗ്ധർ രണ്ടു ചേരിയിലാണ്. കോർപറേറ്റ് കടബാധ്യത ഏറ്റെടുത്ത് ചൈനീസ് സർക്കാർ തെറ്റായ മാതൃക കാണിക്കില്ലെന്നും അതല്ല, ഗ്രാൻഡെയെ കൈവിട്ട് ചൈനയെ പ്രതിസന്ധിയിലാക്കാൻ സർക്കാർ ശ്രമിക്കില്ലെന്നുമാണ് വാദങ്ങൾ.
തെക്കൻ ചൈനയിലെ ഗ്വാങ്ചോയിൽ ഹുയി കാ യാൻ എന്ന കോടീശ്വരൻ 1996ൽ സ്ഥാപിച്ചതാണ് എവർഗ്രാൻഡെ. ഇപ്പോൾ ലോകത്തെ ഏറ്റവും വലിയ 500 കമ്പനികളിലൊന്ന്. രണ്ടു ലക്ഷം ജീവനക്കാർ. ഓരോ വർഷവും സൃഷ്ടിക്കുന്നത് 38 ലക്ഷം അനുബന്ധ തൊഴിൽ. രാജ്യത്തെ 280 നഗരങ്ങളിൽ 1300 പദ്ധതികൾ. റിയൽ എസ്റ്റേറ്റിനപ്പുറം ധനകാര്യം, വൈദ്യുതി കാറുകൾ, ഭക്ഷ്യവസ്തു, ലഹരിപാനീയങ്ങൾ, തീം പാർക്ക് എന്നീ ബിസിനസുകളും. രാജ്യത്തെ ഏറ്റവും വലിയ ഫുട്ബാൾ ടീമായ ഗ്വാങ്ചോ എഫ്.സിയുടെ ഉടമ. ലോകത്തെ ഏറ്റവും വലിയ സോക്കർ സ്റ്റേഡിയത്തിെൻറ നിർമാണവും കമ്പനി നടത്തിവരുന്നു. ഫോബ്സ് കണക്കനുസരിച്ച് ഹുയി കാ യാനിെൻറ ആസ്തി 10.6 ബില്ല്യൺ ഡോളർ (78,000 കോടി).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.