മസ്കത്ത്: ഒമാനിൽ ക്രിപ്റ്റോ കറൻസി നിയമ വിരുദ്ധമാണെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ അറിയിച്ചു. സ്വദേശികളും വിദേശികളുമായി നിരവധി ആളുകൾക്ക് ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിക്കാൻ മെസേജുകളും മറ്റും വന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
എൻക്രിപ്റ്റ് ചെയ്ത ഡിജിറ്റൽ കറൻസികളിൽ വ്യാപാരം നടത്തുന്നതിന് ഏതെങ്കിലും സ്ഥാപനത്തിനോ മറ്റോ ഒരു അധികാരമോ ലൈസൻസോ നൽകിയിട്ടില്ല. അത്തരം കറൻസികളും സമാന ഉൽപന്നങ്ങളും സ്വന്തമാക്കുകയോ വ്യാപാരം ചെയ്യുകയോ ചെയ്യുന്നത് പണമായി കണക്കാക്കുകയില്ലെന്നും ബാങ്കിങ് നിയമത്തിന്റെ പരിരക്ഷക്ക് വിധേയമല്ലെന്നും സി.ബി.ഒ അറിയിച്ചു.
ഡിജിറ്റൽ അല്ലെങ്കിൽ വെർച്വൽ പണമാണ് ക്രിപ്റ്റോ കറൻസി. ക്രിപ്റ്റോ എന്നാൽ ഡേറ്റ എൻക്രിപ്ഷൻ എന്നാണ് അർഥം. ഇലക്ട്രോണിക് രൂപത്തിലുള്ള ഇവ 2008ൽ ശതോഷി നാക്കോമോട്ടോ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തിയോ സംഘമോ ആണ് ആദ്യമായി അവതരിപ്പിച്ചത്. ഭൗതിക രൂപമില്ലാത്ത ഇവ ലോകത്ത് എവിടെനിന്നും എവിടേക്ക് വേണമെങ്കിലും എളുപ്പത്തിലും ചെലവു കുറഞ്ഞ രീതിയിലും കൈമാറ്റം ചെയ്യാം എന്നതാണ് പ്രത്യേകത. ക്രിപ്റ്റോഗ്രഫി സംവിധാനം ഉപയോഗിച്ച് ഡേറ്റ മൈനിങ്ങിലൂടെയാണ് ഇവ നിലവിൽ വന്നത്. ആദ്യമായി രൂപംകൊണ്ട ക്രിപ്റ്റോ കറൻസിയാണ് ബിറ്റ്കോയിൻ. 2009ലാണ് ഇവ അവതരിപ്പിച്ചത്. ലോഹ നിർമിതമായ നാണയമോ കടലാസ് നോട്ടോ അല്ല ബിറ്റ്കോയിൻ. 2013 മുതലാണ് ബിറ്റ്കോയിന് കൂടുതൽ പ്രചാരം ലഭിച്ചുതുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.