കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ ഇന്നലെ ട്രായ് ഔൺസ് സ്വർണത്തിന് ഒറ്റയടിക്ക് ഇടിഞ്ഞത് 100 ഡോളർ. 2020 നവംബറിനുശേഷം ഒറ്റദിവസത്തെ ഏറ്റവും വലിയ ഇടിവാണ് ഇത്. ഇതോടെ കേരളത്തിലും തുടർച്ചയായി രണ്ടാം ദിവസവും സ്വർണവില ഗണ്യമായി ഇടിഞ്ഞു. കേരള വിപണിയിൽ രണ്ടുദിവസത്തിനുള്ളിൽ ഗ്രാമിന് 220 രൂപയും പവന് 1760 രൂപയുമാണ് കുറഞ്ഞത്.
ചൊവ്വാഴ്ച ഗ്രാമിന് 120 രൂപ കുറഞ്ഞ് 7080ഉം പവന് 960 രൂപ കുറഞ്ഞ് 56,640ഉം ആയി. തിങ്കളാഴ്ച ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞിരുന്നു.
നിയുക്ത യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്, സ്കോട്ട് ബെസെൻറിനെ ട്രഷറി സെക്രട്ടറിയായി നിയമിച്ചതും ഇസ്രായേലും ലബനനും തമ്മിൽ വെടിനിർത്തലിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും വിലയെ സ്വാധീനിച്ചതായി വിദഗ്ധർ വിലയിരുത്തുന്നു. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.103 ഗ്രാം) സ്വർണത്തിന് 2625 ഡോളറാണ്. 2667 ഡോളർ മറികടന്നാൽ വില ഉയരാനാണ് സാധ്യത. അതേസമയം, വിലയിടിഞ്ഞാൽ 2500 ഡോളർ വരെ പോകാമെന്നും സൂചനയുണ്ട്.
വില കുറഞ്ഞതോടെ സംസ്ഥാനത്തെ സ്വർണ വ്യാപാരശാലകളിൽ തിരക്ക് ഏറിയിട്ടുണ്ട്. അഞ്ചുശതമാനം പണിക്കൂലിയിൽ ഒരു പവൻ വാങ്ങാൻ മൂന്ന് ശതമാനം ജി.എസ്.ടിയും ഹാൾ മാർക്കിങ് ചാർജും ഉൾപ്പെടെ നിലവിലെ വില അനുസരിച്ച് നൽകേണ്ടത് 61,310 രൂപയാണ്. 18 കാരറ്റ് സ്വർണം ഗ്രാമിന് 5850 രൂപയും വെള്ളി ഗ്രാമിന് 96 രൂപയുമാണ് പുതിയ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.