അമേരിക്കൻ തെരഞ്ഞെടുപ്പ്​ ഫലം തിരിച്ചടിയായില്ല; കുതിച്ച്​ ഓഹരി സൂചികകൾ

കൊച്ചി: സാങ്കേതിക തിരുത്തലുകൾ പുർത്തിയാക്കി ഓഹരി സൂചികകൾ വീണ്ടും കുതിച്ചു. അമേരിക്കൻ തെരഞ്ഞടുപ്പ് ഫലം വിപണിയെ സമ്മർദ്ദത്തിലാക്കുമെന്ന് ഒരു വിഭാഗം വിലയിരുത്തിയെങ്കിലും രാജ്യാന്തര ഫണ്ടുകൾ സംഘടിതമായി ബ്ലൂചിപ്പ് ഓഹരികളിൽ പിടിമുറുക്കിയത് ഇന്ത്യൻ സൂചികകൾ അഞ്ച് ശതമാനം പ്രതിവാര നേട്ടത്തിന് അവസരം ഒരുക്കി.

ബോംബെ സൂചിക സെൻസെക്സ് 2278 പോയിൻറ്റും നിഫ്റ്റി 621 പോയിൻറ്റും കഴിഞ്ഞവാരം ഉയർന്നു. അഞ്ച് മാസത്തിനിടയിലെ ഏറ്റവും ശക്തമായ പ്രതിവാര കുതിപ്പാണുണ്ടായത്​. ബാങ്ക് നിഫ്റ്റി ഏട്ട് മാസത്തിനിടയിൽ ആദ്യമായി പോയവാരം 12 ശതമാനം കുതിപ്പ് കാഴ്ച്ചവെച്ചു.

ഓപ്പറേറ്റർമാർ വാരത്തിൻറ്റ തുടക്കത്തിൽ മുൻ നിര ഓഹരികളിൽ ലാഭമെടുപ്പിന് ഉത്സാഹിച്ചതോടെ ഓപ്പണിങ് ദിനത്തിൽ സെൻസെക്സ് 39,614 ൽ നിന്ന് 39,334 ലേയ്ക്ക് ഇടിഞ്ഞതിനിടയിൽ വിദേശ ഫണ്ടുകൾ വാങ്ങലുകാരുടെ മേലങ്കി അണിഞ്ഞ് രംഗത്ത് എത്തിയത് ഇന്ത്യൻ ഓഹരി വിപണിക്ക് പുതുജീവൻ പകർന്നു. ഇതോടെ സെൻസെക്സ് 41,955 പോയിൻറ്റ് വരെ കയറിയ ശേഷം ക്ലോസിങിൽ 41,893 പോയിൻറ്റിലാണ്. ഈവാരം 42,787 ലെ പ്രതിരോധത്തിലേയ്ക്ക് ഉയരാൻ ആദ്യ ദിനങ്ങളിൽ നടത്തുന്ന നീക്കം വിജയിച്ചാൽ വിദേശ പിൻതുണയിൽ 43,680 ലേയ്ക്ക് ചുവടുവെക്കാൻ ദീപാവലിക്ക് മുന്നേ ശ്രമം നടത്താം. വീണ്ടും തിരുത്തലിന് നീക്കം നടത്തിയാൽ 40,166 ൽ ശക്തമായ താങ്ങുണ്ട്.

ഡെറിവേറ്റീവ് മാർക്കറ്റിൽ നിഫ്റ്റി സൂചിക നിക്ഷേപകരെയും ഊഹക്കച്ചവടക്കാരെയും ആവേശം കൊള്ളിച്ച് സർവകാല റെക്കോർഡ് പ്രകടനത്തിന് നീക്കം നടത്തി. 11,642 ൽ ഓപ്പൺ ചെയ്ത മാർക്കറ്റ് തുടക്കത്തിലെ സാങ്കേതിക തിരുത്തലിൽ 11,557 ലേയ്ക്ക് ഇടിഞ്ഞങ്കിലും പിന്നീട് ഉടലെടുത്ത ബുൾ തരംഗത്തിൽ 12,000 പോയിൻറ്റും മറികടന്ന് 12,280 വരെ കയറി.

നിഫ്റ്റി സൂചിക 150 പോയിൻറ് അകലെ 12,430 ലെ സർവകാല റെക്കോർഡ് ഈ റാലിയിൽ പുതുക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. ഈവാരം നിഫ്റ്റിയുടെ ആദ്യ പ്രതിരോധം 12,509 പോയിൻറ്റിലാണ്. 11,786 ലെ സപ്പോർട്ട് നിലനിൽക്കുവോളം റെക്കോർഡ് പ്രകടനത്തിലുള്ള സാധ്യത തള്ളികളയാനാവില്ല.

നിക്ഷേപ താൽപര്യത്തിൽ ബാങ്കിങ്, പവർ, സ്റ്റീൽ ഫാർമ്മ, ഓട്ടോമൊബൈൽ, ഐ റ്റി, വിഭാഗം ഓഹരികൾ മുന്നേറി, അഗത സമയം റിയാലിറ്റി ഓഹരികൾക്ക് തിളങ്ങാനായില്ല. ഇൻഡസ് ബാങ്ക്, എസ് ബി ഐ, ബജാജ് ഫൈനാൻസ്, ഹിൻഡാൽക്കോ ഓഹരി വിലകൾ മുന്നേറി.

വിദേശ ധനകാര്യസ്ഥാപനങ്ങൾ പിന്നിട്ടവാരം 12,658 കോടി രൂപയുടെ നിക്ഷേപം നടത്തി. അതേ സമയം കഴിഞ്ഞ രണ്ട് മാസങ്ങളിലെന്ന പോലെ നവംമ്പറിലും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വിൽപ്പനക്കാരായി തുടരുകയാണ്. പോയവാരം അവർ 6255 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മൂല്യം അൽപ്പം മെച്ചപ്പെട്ടു. വിദേശ നിക്ഷേപത്തിൻറ്റ മികവിൽ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 74.54 ൽ നിന്ന് 73.97 ലേയ്ക്ക് ശക്തിപ്രാപിച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT