വിദേശ നിക്ഷേപകരുടെ കരുത്തിൽ വിപണി; വരും ദിനങ്ങളിൽ നിർണായകമാവുക യു.എസ്​ തെരഞ്ഞെടുപ്പ്​

കൊച്ചി: ഉത്സവാഘോഷങ്ങൾക്ക്‌ നിറം പകർന്ന്‌ പുതിയ ഉയരങ്ങൾ ഇന്ത്യൻ ഓഹരി വിപണി കീഴടക്കുമോ എന്നതാണ്​ അടുത്ത വാരത്തിൽ എല്ലാവരും ഉറ്റുനോക്കുന്നത്​. ആഭ്യന്തര വിദേശ ധനകാര്യസ്ഥാപനങ്ങൾ സജീവമാണെങ്കിലും പിന്നിട്ടവാരം ഫണ്ടുകൾ വൻ ബാധ്യതകൾക്ക്‌ താൽപര്യം കാണിച്ചില്ല. എന്നാൽ വിൽപ്പന സമ്മർദ്ദത്തിലുടെ വിപണിയെ പിരിമുറുക്കത്തിലാക്കാനും അവർ തയ്യാറായില്ല. ബോംബെ സെൻസെക്‌സ്‌ 702 പോയിൻറ്റും നിഫ്‌റ്റി സുചിക 167 പോയിൻറ്റും പ്രതിവാര നേട്ടം സ്വന്തമാക്കി.

വിദേശ ഫണ്ടുകൾ പിന്നിട്ട അഞ്ച്‌ പ്രവർത്തി ദിനങ്ങളിലായി 7375 കോടി രൂപയുടെ ഓഹരികൾ വാങ്ങി കൂട്ടി. ഒക്‌ടോബറിൽ അവർ ഇതിനകംനിക്ഷേപിച്ചത്‌ 17,500 കോടി രൂപയാണ്‌. കഴിഞ്ഞ ഒരു മാസത്തിനിടയിൽ സെൻസെക്‌സ്‌ 3000 പോയിൻറ്റും നിഫ്‌റ്റി 800 പോയിൻറ്റും മുന്നേറി. വിദേശ ഓപ്പറേറ്റർമാരുടെ കരുത്തിൽ ചുവടുവെക്കുന്ന ഇന്ത്യൻ മാർക്കറ്റ്‌ നവംബറിൽ റെക്കോർഡ്‌ പ്രകടനം കാഴ്‌ച്ചവെക്കുമെന്ന പ്രതീക്ഷയിലാണ്‌ ഒരു വിഭാഗം നിക്ഷേപകർ. അതേ സമയം ആഭ്യന്തര ഫണ്ടുകൾ പിന്നിട്ടവാരം ഏകദേശം 6000 കോടി രൂപയുടെ ഓഹരികൾ വിൽപ്പന നടത്തി.

ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 551.505 ബില്യൺ ഡോളറായി ഉയർന്നു. കറൻറ്റ്‌ അക്കൗണ്ട് അസാധാരണമായ മിച്ചം കാണിക്കുകയാണ്‌. നിലവിലെ വിദേശനാണ്യ കണക്കുകൾ പരിശോധിച്ചാൽ 2013 ൽ 275 ബില്യൺ ഡോളറിൽ നിന്ന് ഇരട്ടിയായി ഉയർന്നു. അതേ സമയം 2013 ൽ 52 ൽ നിലകൊണ്ട രൂപയുടെ വിനിമയ മൂല്യം നിലവിൽ 73 ന്‌ മുകളിലാണ്‌. ഏഴ്‌ വർഷകാലയളവിൽ രൂപയുടെ മൂല്യത്തിൽ 20 രൂപയുടെ ഇടിവ്‌ സംഭവിച്ചു. പത്ത്‌ വർഷത്തിനിടയിൽ ഡോളറിന്‌ മുന്നിൽ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ്‌ 30 രൂപയാണ്‌.

കോർപ്പറേറ്റ്‌ ഭീമൻമാരിൽ നിന്നുള്ള മികച്ച ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകൾക്ക്‌ തിളക്കമേറിയത്‌ ഓഹരി സൂചികയുടെ മുന്നേറ്റത്തിന്‌ വേഗത പകർന്നു. എഫ്‌.എം.സി.ജി, ഫാർമ്മസ്യുട്ടിക്കൽ, സിമൻറ്‌, ബാങ്കിങ്​ വിഭാഗം ഓഹരികളിൽ ഉയർന്ന അളവിൽ ഇടപാടുകൾ നടന്നു. എസ്‌.ബി.ഐ, ഐ.സി.ഐ.സി.ഐ, എച്ച്‌ ഡി എഫ്‌ സി, എയർ ടെൽ, ടാറ്റാ സ്‌റ്റീൽ, എൽ ആൻറ്‌ റ്റി, എം ആൻറ്‌ എം, മാരുതി, ഐ.ടി. സി, ബജാജ്‌ ഓട്ടോ തുടങ്ങിയവ മുന്നേറി.നിഫ്‌റ്റി സൂചിക മുൻവാരത്തിലെ 11,762 ൽ നിന്ന്‌ ഒരിക്കൽ കൂടി 12,000 പോയിൻറ്റിന്‌ മുകളിലേയ്‌ക്ക്‌ സഞ്ചരിച്ചങ്കിലും 12,025 ലെപ്രതിരോധം തകർക്കാനാവാതെ 12,018.65 പോയിൻറ്റിൽ സൂചികയുടെ കാലിടറി. വ്യാപാരംഅവസാനിക്കുമ്പോൾ നിഫ്‌റ്റി 11,930 ലാണ്.ഈവാരം സൂചികയ്‌ക്ക്‌ 11,797 ൽ താങ്ങും 12,040 പോയിൻറ്റിൽ ആദ്യ പ്രതിരോധവും നിലവിലുണ്ട്‌.

ഒരു ശതമാനത്തിൽ അധികം മുന്നേറിയ ബോംബെ സെൻസെക്‌സ്‌ 39,982 ൽ നിന്ന്‌ 40,976 പോയിൻറ്റ്‌ വരെ കയറി. ഉയർന്ന റേഞ്ചിലെ ലാഭമെടുപ്പിൽ അൽപ്പം തളർന്നങ്കിലും മാർക്കറ്റ്‌ ക്ലോസിങിൽ സൂചിക 40,685 ലാണ്‌. ഈ വാരം സെൻസെക്‌സ്‌ 41,057 ലെ പ്രതിരോധം തകർത്താൽ 41,429 നെ ലക്ഷ്യമാക്കി വാരത്തിൻറ്റ രണ്ടാം പകുതിയിൽനീങ്ങും. വിൽപ്പന സമ്മർദ്ദം ഉടലെടുത്താൽ 40,231ലും 39,777 പോയിൻറ്റിലും സപ്പോർട്ടുണ്ട്‌. ആഗോള ഓഹരി വിപണികൾ യു എസ്‌ പ്രസിഡൻറ്​ തിരഞ്ഞടുപ്പിനെ ഉറ്റുനോക്കുകയാണ്‌. നവംബർ ആദ്യം നടക്കുന്ന തിരഞ്ഞടുപ്പിന്‌ ശേഷംരാജ്യാന്തര ഫണ്ടുകൾ സ്വീകരിക്കുന്ന നിലപാടിനെആശ്രയിച്ചാവും യുറോ‐ഏഷ്യൻ വിപണികളിലെ ചാഞ്ചാട്ടം.ആഗോള വിപണിയിൽ ക്രൂഡ്‌ ഓയിൽ വില ബാരലിന്‌ 39.71 ഡോളറിലാണ്‌. ന്യൂയോർക്കിൽ സ്വർണം ട്രോയ്‌ ഔൺസിന്‌ 1901 ഡോളറിൽ വ്യാപാരം അവസാനിച്ചു.

Tags:    
News Summary - indian stock market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT