വിൽപനക്കാരുടെ പിടിയിൽ ഓഹരി വിപണി; നിക്ഷേപകർക്ക്​ ആശങ്ക

കൊച്ചി: ഓഹരി നിക്ഷേപകരെ ഞെട്ടിച്ച്‌ തുടർച്ചയായി അഞ്ച്‌ ദിവസം വിൽപ്പനക്കാരുടെ നിയന്ത്രണത്തിൽ തകർന്ന്‌ അടിഞ്ഞ ഇന്ത്യൻ സൂചികകൾ വാരാന്ത്യം തിരിച്ചു വരവി​ന്‍റെ സൂചകൾ നൽകി. ബോംബെ സെൻസെക്‌സ്‌ 933 പോയിൻറ്റും നിഫ്‌റ്റി 287 പോയിൻറ്റും പ്രതിവാര നഷ്‌ടത്തിലാണ്‌. മുൻ നിര ഇൻഡക്‌സുകൾ രണ്ട്‌ ശതമാനം ചാഞ്ചാടി. കഴിഞ്ഞവാരത്തിലെ ഞെട്ടലുകൾക്ക്‌ ശേഷം ഈ വാരം സൂചികകൾ കരുത്ത്‌ തിരിച്ച്‌ പിടിക്കുമെന്ന വിശ്വാസത്തിലാണ്‌ ഇടപാടുകാർ.

പിന്നിട്ടവാരത്തിലെ വൻ തകർച്ച നിക്ഷേപത്തിനുള്ള അവസരമാക്കി വലിയോരു വിഭാഗം ഓപ്പറേറ്റർമാർ. മുൻ നിരയിലെയും രണ്ടാം നിരയിലെയും ഓഹരികളും ഫണ്ടുകളും പ്രദേശിക ഇടപാടുകാരും ‌മത്സരിച്ച്‌ വാങ്ങി കൂട്ടി. ബി.എസ്‌.ഇയിൽ വാരാന്ത്യ ദിനം ആർ.ഐ .എൽ, ടാറ്റാ മോട്ടേഴ്‌സ്‌, എസ്‌.ബി.ഐ, എയർടെൽ, ഐ.ടി.സി തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടു.

എൻ.എസ്‌.ഇ യിൽ എൻ.ടി.പി.സി, എച്ച്‌.യു.എൽ, ജെ. എസ്‌.ഡബ്ബിയു സ്‌റ്റീൽ തുടങ്ങിയവ നാല്‌ ശതമാനം മുന്നേറി. വാരാന്ത്യ ദിനത്തിലെ ഷോട്ട്‌ കവറിങ്‌ തിരിച്ചു വരവിന്‌ അവസരം ഒരുക്കി. ആഴ്ചയുടെ തുടക്കത്തിൽ 50,858 നീങ്ങിയ ബോംബെ സെൻസെക്‌സ്‌ എതാണ്ട്‌ എല്ലാ ദിവസവും വിൽപ്പനക്കാരുടെ പിടിയിലായിരുന്നു. തിരിച്ചു വരവിന്‌ നടത്തിയ ശ്രമങ്ങൾ വിജയിക്കാതെ വന്നതോടെ സൂചിക 48,586 പോയിൻറ്റ്‌ വരെ ഇടിഞ്ഞ ശേഷം ക്ലോസിങിൽ 49,858 ലാണ്‌. സാങ്കേതികമായി വീക്ഷിച്ചാൽ ഈ വാരം 50,948 ലെ തടസം മറികടക്കാനായാൽ 52,040 നെ ലക്ഷ്യമാക്കി വിപണി സഞ്ചരിക്കും,

അതേ സമയം വിൽപ്പന സമ്മർദ്ദവുമായി ഓപ്പറേറ്റർമാർ വീണ്ടും രംഗത്ത്‌ ഇറങ്ങിയാൽ 48,676 പോയിൻറ്റിലാണ്‌ ആദ്യ സപ്പോർട്ട്‌. നിഫ്‌റ്റി വാരാരംഭത്തിൽ 15,850 ലേയ്‌ക്ക്‌ ഉയർന്ന അവസരത്തിൽ ഉടലെടുത്ത വിൽപ്പന തരംഗത്തിൽ 15,000 ലെ നിർണായക താങ്ങും തകർത്ത്‌ സൂചിക 14,350 വരെ ഇടിഞ്ഞു. ഈ അവസരത്തിൽ ഊഹക്കച്ചവടക്കാർ വിൽപ്പനകൾ തിരിച്ചു വാങ്ങാൻ മത്സരിച്ച്‌ രംഗത്ത്‌ ഇറങ്ങിയത്‌ നിഫ്‌റ്റിയെ 14,788 ലേയ്‌ക്ക്‌ വെളളിയാഴ്‌ച്ച ഒരു വേള ഉയർത്തിയ ശേഷം ക്ലോസിങിൽ വിപണി 14,744 പോയിൻറ്റിലാണ്‌.

സിംഗപ്പുർ നിഫ്‌റ്റി ഫ്യൂച്ചറിലെ സെല്ലിങ്‌ പ്രഷർ തുടരുന്നതിനാൽ ‌ ആഭ്യന്തര മാർക്കറ്റ്‌ ഓപ്പണിങ്‌ വേളയിൽ പിരിമുറുക്കത്തിൽ നീങ്ങാം. സിംഗപ്പർ നിഫ്‌റ്റി സൂചികയിൽ 15,335 പോയിൻറ്റിൽ ഉടലെടുത്ത വിൽപ്പന സമ്മർദ്ദത്തിൽ സൂചിക ഇതിനകം 14,772 വരെ ഇടിഞ്ഞു. വാരാന്ത്യം ഏഷ്യൻ മാർക്കറ്റുകളിലുണ്ടായ വിൽപ്പന സമ്മർദ്ദവും യു എസ്‌‐ യുറോപ്യൻ വിപണികളിലെ തകർച്ചയും കണക്കിലെടുത്താൽ തിങ്കളാഴ്‌ച്ച നമ്മുടെ വിപണി നിയന്ത്രണം വിൽപ്പനകാരുടെ കരങ്ങളിൽ തുടരാൻ ഇടയുണ്ട്‌.

യു എസ്‌ ഡോളറിന്‌ മുന്നിൽ രൂപ കരുത്തു കാണിച്ച വാരമാണ്‌ കടന്ന്‌ പോയത്‌. ഓഹരി സൂചികയിലെ തകർച്ചയ്‌ക്ക്‌ ഇടയിലും രൂപ തിളങ്ങി. മുൻവാരത്തിലെ 72.71 ൽ നിന്ന്‌ വിനിമയ നിരക്ക്‌ 72.46 ലേയ്‌ക്ക്‌ ശക്തിപ്രാപിച്ചു. ഈ മാസം ഏഷ്യൻ കറൻസികളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടുതും ഇന്ത്യൻ രൂപയാണ്‌. രാജ്യാന്തര വിപണിയിൽ ക്രൂഡ്‌ ഓയിൽ വിലയിൽ സാങ്കേതിക തിരുത്തൽ അനുഭവപ്പെട്ടു. ഫണ്ടുകൾ ലാഭമെടുപ്പിന്‌ രംഗത്ത്‌ ഇറങ്ങിയതോടെ ബാരലിന്‌ 69 ഡോളറിൽ നിന്ന്‌ എണ്ണ വില 64ഡോളറായി. ഫെബ്രുവരി ആദ്യം 55 ഡോളറിൽ ഉടലെടുത്ത ബുൾ തരംഗത്തിൽ എണ്ണ വില 71 ഡോളർ വരെ കയറിയ അവസരത്തിലാണ്‌ ഓപ്പറേറ്റർമാർ പ്രോഫിറ്റ്‌ ബുക്കിങ്‌ തുടങ്ങിയത്‌.

Tags:    
News Summary - Indian Stock market Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT