കൊച്ചി: സാമ്പത്തിക വർഷത്തിന്‍റെ ആദ്യ വാരം ഇന്ത്യൻ ഓഹരി വിപണിക്ക് കാലിടറി. ഓഹരി മാത്രമല്ല, രൂപയും തളർന്നു, ഡോളർതിരിച്ചു പിടിക്കാൻ വിദേശ ഫണ്ടുകൾ നടത്തിയ നീക്കം സാമ്പത്തിക മേഖലയുടെ അടിത്തറയിൽ നേരിയ വിള്ളലുളവാക്കി. മുൻ നിര ഓഹരികളിൽ ആവശ്യകാർ കുറഞ്ഞത് മൂലം ബോംബെ സെൻസെക്‌സ് 438 പോയിൻറ്റും നിഫ്‌റ്റി 32 പോയിൻറ്റും പ്രതിവാര നഷ്‌ടത്തിലാണ്.
ഏറെ പ്രതീക്ഷകളോടെയാണ് പുതിയ സാമ്പത്തിക വർഷത്തെ വിപണി ഉറ്റ്‌നോക്കിയതെങ്കിലും ആഭ്യന്തര വിദേശ വിപണികളിൽ നിന്നുള്ള പ്രതികൂല വാർത്തകൾ ഓഹരി വിപണിയുടെ താളം തെറ്റിച്ചു. കോവിഡ് വ്യാപനം രുക്ഷമായത് നിക്ഷേപകരെ രംഗത്ത് നിന്ന് അൽപ്പം പിൻതിരിപ്പിക്കാം.ഇതിനിടയിൽ വിപണിയിലെ ഓരോ തിരുത്തലും ദീർഘകാലയളവിലേയ്‌ക്കുള്ള നിഷേപങ്ങൾക്ക് അവസരമാക്കാൻ ഒരു വിഭാഗം ഉത്സാഹിച്ചു.
രണ്ട്, മൂന്ന് വർഷകാലയളവിലേയ്‌ക്ക് വേണ്ടി പുതിയ ബാധ്യതകൾ എറ്റടുക്കാൻ സൂചികയിലെ തിരുത്തലിൽ പലരും ശ്രമിക്കുന്നുണ്ട്. മിഡ് ക്യാപ്,സ്‌മോൾ ക്യാപ് വിഭാഗങ്ങളിലാണ് വാങ്ങൽ താൽപര്യം. കോർപ്പറേറ്റ് മേഖലയിൽ നിന്നുള്ള ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകളുടെ വരവിനെഉറ്റ്‌നോക്കുകയാണ് നിക്ഷേപകർ.
വിദേശ ധനകാര്യസ്ഥാപനങ്ങൾ പിന്നിട്ടവാരം 2679 കോടി രൂപയുടെ ഓഹരികൾ വിറ്റുമാറി. ഈ അവസരത്തിൽ ആഭ്യന്തര ഫണ്ടുകൾ വിപണിക്ക്‌ശക്തമായ പിൻതുണയുമായി 1426 കോടി രൂപയുടെ നിക്ഷേപത്തിന് ഉത്സാഹിച്ചിട്ടും കരുത്ത് നിലനിർത്താൻ സൂചിക ക്ലേശിച്ചു. ഇതിനിടയിൽവിനിമയ വിപണിയിലെ വേനൽ ചൂടിൽ രൂപ വിയർത്ത് ഒലിച്ചു. 73.37 ൽ നിന്ന് ഇന്ത്യൻ രൂപയുടെ മൂല്യം 74.71 ലേയ്‌ക്ക് വാരാന്ത്യംഇടിഞ്ഞു. രണ്ടാഴ്ച്ചയായി രൂപ കടുത്ത സമ്മർദ്ദത്തിലായിരുന്നു.
മാർച്ച് മധ്യത്തിൽ 72.60 ൽ നിലകൊണ്ട രുപയ്‌ക്ക് ചുരുങ്ങിയ ദിവസങ്ങൾക്കിടയിൽ കൈമോശം വന്നത് രണ്ട് രൂപ പത്ത് പൈസയാണ്. പലിശ നിരക്കിൽ മാറ്റം വരുത്താതെ നാണയപെരുപ്പം പിടിച്ചു നിർത്തുമെന്ന അവകാശപ്പെടുന്ന കേന്ദ്ര ബാങ്കിന് മുന്നിൽ വൻ വെല്ലുവിളിയാണ് രൂപയുടെ മൂല്യതകർച്ച.
ഒരു വശത്ത് എണ്ണവില രാജ്യാന്തര വിപണിയിൽ അടിവെച്ച് ഉയരുന്നത് സ്ഥിതിഗതികൾ സങ്കീർണമാക്കുന്നു. സൗദി അറേബ്യയെ തഴഞ്ഞ് ഇറാനിയൻ എണ്ണ ശേഖരിക്കാനുള്ള കേന്ദ്ര നീക്കവും യു എസ് ഫണ്ടുകളെ ഇന്ത്യൻ മാർക്കറ്റിൽ വിൽപ്പനക്കാരാക്കാം.
സെൻസെക്‌സ് 50,029 നിന്ന് കൂടുതൽ മികവിന് ശ്രമിച്ചെങ്കിലും കഴിഞ്ഞവാരം സൂചിപ്പിച്ച 50,303 ലെ പ്രതിരോധം തകർക്കാനുള്ള കരുത്ത്‌കണ്ടത്താൻ വിപണിക്കായില്ല, സൂചിക 50,118 വരെ കയറിയ ഘട്ടത്തിൽ ഉടലെടുത്ത വിൽപ്പന തരംഗത്തിൽ 48,580 ലേയ്‌ക്ക് ഇടിഞ്ഞങ്കിലുംക്ലോസിങിൽ വിപണി 49,591 പോയിൻറ്റിലാണ്. നിഫ്‌റ്റിക്ക് പോയവാരം ഒരിക്കൽ പോലും 15,000 ന് മുകളിലേയ്‌ക്ക് പ്രവേശിക്കാനായില്ല. 14,867 ൽ നിന്ന് 14,984 പോയിൻറ്റ് വരെ മാത്രമേ
എൻ എസ് ഇ സൂചിക ഉയർന്നുള്ളു. വിൽപ്പന സമ്മർദ്ദത്തിൽ ഒരവസരത്തിൽ 14,459 ലേയ്‌ക്ക് സാങ്കേതിക പരീക്ഷണം നടത്തിയ സൂചിക വ്യാപാരാന്ത്യം 14,835 പോയിൻറ്റിലാണ്. ഈവാരം 15,059 ലേയ്‌ക്ക് തിരിച്ചു വരവിന് ശ്രമം നടത്താം. വിൽപ്പനകാർ പിടിമുറുക്കിയാൽ 14,534പോയിൻറ്റിൽ താങ്ങുണ്ട്.
മുൻ നിര ഓഹരികളായ സൺ ഫാർമ്മ, സിപ്ല, ഡോ: റെഡീസ്, വിപ്രോ, എച്ച്‌്.യു.എൽ തുടങ്ങിയവയുടെ നിരക്ക് ഉയർന്നപ്പോൾ ഐ.സിഐ.സി.ഐ ബാങ്ക്, ടാറ്റാ സ്‌റ്റീൽ, എൻ.ടി. പി.സി എന്നിവയ്‌ക്ക് തിരിച്ചടിനേരിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.