മനാമ: മിഡിലീസ്റ്റിലെ പ്രമുഖ വ്യാപാര ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് വമ്പിച്ച ഉദ്ഘാടന ഓഫറുകളുമായി ഇസാ ടൗണിൽ പ്രവർത്തനമാരംഭിച്ചു. നെസ്റ്റോ ഗ്രൂപ്പിന്റെ മിഡിലീസ്റ്റിലെ 128ാമത്തെയും, ബഹ്റൈനിലെ 19ാമത്തെയും ഔട്ട്ലെറ്റാണ് ഇസാ ടൗണിൽ തുറന്നത്.
ഞായറാഴ്ച രാവിലെ 9.30ന് ബഹ്റൈൻ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദെൽ ഫക്രു ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു. പാർലമെന്റ് അംഗം ഡോ മറിയം അൽ ദീൻ , മുനിസിപ്പൽ കൗൺസിൽ മേധാവി അബ്ദുല്ല അബ്ദുൽ ലത്തീഫ്, കൗൺസിൽ അംഗം മുബാറക് ഫറാഗ്, നെസ്റ്റോയെ പ്രതിനിധീകരിച്ച് അർഷാദ് (എക്സിക്യൂട്ടിവ് ഡയറക്ടർ).
നാദിർ ഹുസൈൻ (ഡയറക്ടർ), മുഹമ്മദ് ഹനീഫ് (ജനറൽ മാനേജർ), അബ്ദു ചെട്ടിയാങ്കണ്ടിയിൽ (ഹെഡ് ഓഫ് ബയിങ്), ഫിനാൻസ് മാനേജർ സോജൻ ജോർജ്, പർച്ചേസിങ് മാനേജർ നൗഫൽ കുഴുങ്കിൽപടി എന്നിവരും മറ്റു അതിഥികളും പങ്കെടുത്തു. ബഹ്റൈനിൽ നെസ്റ്റോ ഗ്രൂപ്പിന്റെ രണ്ടാമത്തെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റാണ് ഇസാ ടൗണിൽ പ്രവർത്തനമാരംഭിച്ചത് .
50,000 ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റോർ അത്യാധുനിക സൗകര്യങ്ങളോടെയും വിശാലമായ കാർ പാർക്കിങ് സൗകര്യങ്ങളോടെയുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഇസാ ടൗണിലെയും സമീപ പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്കായി അതിവിപുലമായ ഒരു ഹൈപ്പർമാർക്കറ്റ് തുറക്കുന്നതിൽ സന്തോഷമുണ്ടെന്ന് നെസ്റ്റോ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ അർഷാദ് ഹാഷിം കെ.പി. പറഞ്ഞു.
നെസ്റ്റോ ഗ്രൂപ് അതിന്റെ ലോയൽറ്റി റിവാർഡ് പ്രോഗ്രാം ആപ്പായ ‘ഇനാം’ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. മൊത്തത്തിലുള്ള ഷോപ്പിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനും ഉപഭോക്തൃ ലോയൽറ്റി അംഗീകരിക്കുന്നതിനുമായി രൂപകൽപന ചെയ്തിരിക്കുന്ന നൂതന പ്രോഗ്രാം ഏത് ശാഖയിലെയും ഓരോ പർച്ചേസിനും പ്രത്യേക ആനുകൂല്യങ്ങളും അധിക കിഴിവുകളും റിഡീം ചെയ്യാവുന്ന പോയന്റുകളും നൽകി വരുന്നു.
രാവിലെ എട്ടു മുതൽ അർധരാത്രി 12 വരെയാണ് ഈ ശാഖയുടെ പ്രവർത്തന സമയം. നെസ്റ്റോയിൽ പുതിയ ഉൽപന്നങ്ങൾ, മാംസം, പാലുൽപന്നങ്ങൾ, കലവറ ഇനങ്ങൾ എന്നിവയുൾപ്പെടെ ഉയർന്ന നിലവാരമുള്ള വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ലഭ്യമായിരിക്കും.
നെസ്റ്റോയുടെ പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണ ലഭിച്ചു -ഹാഷിം മാണിയോത്ത്
മനാമ: ബഹ്റൈനിൽ നെസ്റ്റോയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിൽ തുടർച്ചയായി പിന്തുണ നൽകി വരുന്ന ഹമദ് രാജാവിനും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും ബഹ്റൈനിലെ സ്വദേശികളും വിദേശികളുമായ ജനങ്ങൾക്കും നന്ദി അറിയിക്കുന്നതായി നെസ്റ്റോ ഗ്രൂപ് മാനേജിങ് ഡയറക്ടർ ഹാഷിം മാണിയോത്ത് അറിയിച്ചു.
തൊഴിൽ മന്ത്രാലയം, എൽ.എം.ആർ.എ, വ്യവസായ വാണിജ്യ മന്ത്രാലയം, മുനിസിപ്പാലിറ്റികൾ എന്നിവ മികച്ച പിന്തുണയാണ് നൽകുന്നത്. നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ പുതിയ ബ്രാഞ്ച് തുറക്കുന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിൽ ഗണ്യമായ നിക്ഷേപത്തെയാണ് പ്രതിനിധീകരിക്കുന്നത് . ഇത് കൂടുതൽ തൊഴിലവസരങ്ങൾ സ്വദേശികൾക്കും വിദേശികൾക്കും പ്രദാനം ചെയ്യുന്നു.
സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വൈവിധ്യമാർന്ന ഉൽപന്നങ്ങൾ നെസ്റ്റോ വിതരണം ചെയ്യുന്നു. ഗുണനിലവാരം, താങ്ങാനാവുന്ന വില, സുസ്ഥിരത എന്നിവയോടുള്ള നെസ്റ്റോയുടെ പ്രതിബദ്ധത അതിന്റെ പുതിയ ശാഖകളുടെ വ്യാപനത്തിന് ഒരു പ്രേരകശക്തിയായി തുടരുന്നുവെന്ന് ഹാഷിം മാണിയോത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.