ദോഹ: നാട്ടിൽ വീടും വില്ലയും റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപത്തിന് അവസരവും തേടുന്ന പ്രവാസി മലയാളികളുടെ ശ്രദ്ധാകേന്ദ്രമായി സിറ്റി സ്കേപ്പിലെ ഇന്ത്യൻ പവിലിയനിൽ ഒരുക്കിയ കേരള പ്രോപ്പർട്ടി ഷോ. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് അബ്ദുൽ റഹ്മാൻ ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന 11ാമത് സിറ്റി സ്കേപ്പിന് ചൊവ്വാഴ്ചയാണ് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ തുടക്കമായത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് വമ്പന്മാരും ബിൽഡർമാരും അണിനിരക്കുന്ന പ്രദർശനത്തിൽ ‘ഗൾഫ് മാധ്യമവും ക്രെഡായ് കേരള ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യൻ പവിലിയനിൽ കേരളത്തിൽ നിന്നുള്ള 35 പ്രമുഖ ബിൽഡർമാരുടെ സാന്നിധ്യമാണുള്ളത്.
ചൊവ്വാഴ്ച ഉദ്ഘാടനത്തിനു പിന്നാലെ, പ്രവാസി മലയാളികൾ ഉൾപ്പെടെ സന്ദർശകരും എത്തിത്തുടങ്ങി. രണ്ടാം ദിനമായ ബുധനാഴ്ച ഉച്ച 12 മണിക്ക് ആരംഭിച്ച ഷോയിൽ വൈകീട്ടോടെ സന്ദർശക തിരക്കായി. കേരളത്തിലെ വിവിധ ജില്ലകളിൽ ഫ്ലാറ്റും വീടും വില്ലയും അന്വേഷിച്ചും കമേഴ്സ്യൽ കോംപ്ലക്സുകളിൽ നിക്ഷേപ സാധ്യത ആരാഞ്ഞും നിരവധി പേരാണ് ഇതിനകം പ്രോപ്പർട്ടി ഷോ സന്ദർശിച്ചത്.
വിവിധ സ്റ്റാളുകളിലായി തങ്ങളുടെ വമ്പൻ പ്രോജക്ടുകളുമായി കാത്തിരിക്കുന്ന ഡെവലപ്പർമാരിൽനിന്ന് വിശദാംശങ്ങൾ ആരാഞ്ഞും പ്രോപ്പർട്ടി ബുക്ക് ചെയ്തും ഇടപാടുറപ്പിച്ച് പ്രവാസി മലയാളികൾ മടങ്ങുന്നു. അവസാന ദിനമായ വ്യാഴാഴ്ച രാത്രി 10 വരെ പ്രവേശനം അനുവദിക്കും. വാരാന്ത്യ അവധി ആഘോഷത്തിനിറങ്ങുന്ന പ്രവാസികളുടെ സന്ദർശന സൗകര്യം കൂടി കണക്കിലെടുത്താണ് അവസാന ദിനത്തിൽ രാത്രി വൈകിയും സൗകര്യം ഒരുക്കുന്നത്.
നിക്ഷേപത്തിനുമുണ്ട് അവസരം
ദോഹ: വീടും വില്ലയും ഫ്ലാറ്റും ആവശ്യമുള്ളവരെ ലക്ഷ്യംവെച്ചു മാത്രമല്ല സിറ്റി സ്കേപ്പിലെ കേരള പ്രോപ്പർട്ടി ഷോയിൽ കേരളത്തിൽ നിന്നുള്ള ഡെവലപ്പർമാർ കാത്തിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ മാളുകളും വൻകിട വാണിജ്യ സമുച്ചയങ്ങളും ഉൾപ്പെടെ കമേഴ്സ്യൽ പ്രോജക്ടുകളിൽ നിക്ഷേപിച്ച് സ്ഥിരവരുമാനം ഉറപ്പിക്കാനും പ്രവാസികൾക്ക് ദോഹയിൽ അവസരമുണ്ട്.
വർഷങ്ങളായി ഖത്തർ ഉൾപ്പെടെ ഗൾഫ് നാടുകളിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് തൊഴിൽ അവസാനിപ്പിച്ച് മടങ്ങുമ്പോഴും അല്ലെങ്കിൽ ഗൾഫിലെ ജോലിക്കൊപ്പം നാട്ടിൽനിന്നും മികച്ചൊരു സ്ഥിരവരുമാനമാണ് വിവിധ ഡെവലപ്പർമാർ ഓഫർ ചെയ്യുന്നത്. വിവിധ വാണിജ്യ പ്രോജക്ടുകളിൽ 20 ലക്ഷം, 40 ലക്ഷം, ഒരു കോടി തുടങ്ങിയ നിക്ഷേപങ്ങൾക്ക് കൃത്യമായി പ്രതിമാസ വാടക പ്രതിഫലമായി ഉറപ്പുനൽകുന്നുണ്ട്. കൂടുതൽ വിശദാംശങ്ങൾക്ക് പ്രോപ്പർട്ടി ഷോയിലെ സ്റ്റാളുകളിലെത്തി നേരിട്ട് ആശയവിനിമയം നടത്താവുന്നതാണെന്ന് ഇന്ത്യൻ പവിലിയൻ സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.