ന്യൂഡൽഹി: യുക്രെയ്നിൽ റഷ്യ നടത്തുന്ന അധിനിവേശവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രതിസന്ധി ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാര ബന്ധങ്ങളെ നേരിട്ട് ബാധിക്കില്ലെന്ന് റിപ്പോർട്ട്. എങ്കിലും ആഗോള തലത്തിൽ എണ്ണവില ഉയരുന്നത് രാജ്യത്തെ സമ്പദ്വ്യവസ്ഥക്ക് അപകടമാണെന്നും ബാങ്ക് ഓഫ് ബറോഡയുടെ സാമ്പത്തിക ഗവേഷണ റിപ്പോർട്ടിൽ വിലയിരുത്തുന്നു.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളറിലെത്തിയത് രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ ബാഹ്യമായ സ്ഥിരതയെയും കറൻസി നീക്കത്തെയും ബാധിക്കും. റഷ്യയുടെ ഏകപക്ഷീയമായ നീക്കത്തിനെതിരെ യു.എസ് ഉൾപ്പെടെ വിവിധ രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് മറ്റ് രാജ്യങ്ങളിൽ സാധനങ്ങളുടെ വില ഉയരാൻ കാരണമായേക്കും. പണപ്പെരുപ്പത്തെ ഇത് സഹായിക്കുമെങ്കിലും വികസനത്തെ തടസ്സപ്പെടുത്തുമെന്നും റിപ്പോർട്ട് പറയുന്നു.
പ്രതിസന്ധിക്ക് തൊട്ടുമുമ്പ് നടന്ന 2022ലെ സാമ്പത്തിക വർഷത്തേക്കുള്ള രണ്ടു കേന്ദ്ര ബജറ്റുകളും ആർ.ബി.ഐ പണനയവും പലിശ നിരക്കിൽ മാറ്റംവരുത്തിയിരുന്നില്ല. അതുകൊണ്ടു തന്നെ ഇപ്പോൾ ഉയരുന്ന എണ്ണവില വർധന സമ്പദ് വ്യവസ്ഥയിൽ എത്രമാത്രം ആഘാതം സൃഷ്ടിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും റിപ്പോർട്ട് പറയുന്നു. രാജ്യാന്തര തലത്തിൽ എണ്ണവില ബാരലിന് 75 ഡോളർ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യയുടെ ബജറ്റും ആർ.ബി.ഐ പണനയവും പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.