പുതിയ ഉയരങ്ങൾ കീഴടക്കാൻ ഓഹരി വിപണി

പുതിയ ഉയരങ്ങൾ കൈപിടിയിൽ ഒതുക്കാനുള്ള ശ്രമത്തിലാണ്‌ ഇന്ത്യ ഓഹരി വിപണി. മുൻ നിര സൂചികകൾ 13 ദിവസം തുടർച്ചയായി മുന്നേറിയത്‌ നിഷേപകരുടെ ആത്‌മവിശ്വാസം ഇരട്ടിപ്പിച്ചു. ഇതിനിടയിൽ ഫണ്ടുകൾ നടത്തിയ ലാഭമെടുപ്പ്‌ സൂചികകളിൽ വൻ ചാഞ്ചാട്ടം സൃഷ്‌ടിച്ചെങ്കിലും വിദേശ നിക്ഷേപത്തി​െൻറ പിൻബലത്തിൽ വിപണിയുടെ അടിയോഴുക്ക്‌ ശക്തമാണ്‌. അതേ സമയം രണ്ട്‌ ആഴ്‌ച്ചകളിലെ കുതിച്ചു ചാട്ടത്തിന്‌ ശേഷം ബോംബെ സെൻസെക്‌സും നിഫ്‌റ്റിയും പിന്നിട്ടവാരം ഒരു ശതമാനം നഷ്‌ടത്തിലാണ്‌.

കോർപ്പറേറ്റ്‌ മേഖലയിൽ നിന്നുള്ള ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകൾക്ക്‌ തിളക്കമേറിയത്‌ വിപണിയെ മൊത്തത്തിൽ ആവേശം കൊള്ളിച്ചു. കോവിഡ്‌ പ്രതിസന്ധികൾക്കിയിലും കോർപ്പറേറ്റ്‌ റിപ്പോർട്ടുകൾ മികവ്‌ നിലനിർത്തിയത്‌ വിദേശ ധനകാര്യസ്ഥാപനങ്ങളുടെ വാങ്ങൽ താൽപര്യം നിലനിർത്തും.

നമന്ത്രാലയത്തിൽ നിന്നുള്ള പുതിയ ഉത്തേജക പദ്ധതികളെ വിപണി പ്രതീക്ഷകളോടെയാണ്‌ വിലയിരുത്തുന്നത്‌. ഐ ടി, ടെലികോം, ഫാർമ, ബാങ്ക്‌ എന്നിവ ശ്രദ്ധ കേന്ദ്രീകരിച്ചാവും ഓപ്പറേറ്റർമാർ ചുവടുവെപ്പിന്‌ നീക്കം നടത്തുക. വിദേശ ഫണ്ടുകൾ ഈ മാസം ഇതിനകം ഏകദേശം 6189 കോടി രൂപയുടെ ഓഹരി വാങ്ങി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ തുടർച്ചയായ രണ്ടാം മാസത്തിലും വിൽപ്പനക്കാരുടെ മേലങ്കി അഴിച്ചു മാറ്റാൻ തയ്യാറായില്ല. പിന്നിട്ട വാരത്തിൽ അവർ 5217.47 കോടി രൂപയുടെ ഓഹരികൾ വിൽപ്പന നടത്തി. ഒക്‌ടോബറിൽ ആഭ്യന്തര ഫണ്ടുകൾ ഇതിനകം 7347.44 കോടി രൂപയുടെ ഓഹരികൾ വിറ്റു.

ഫോറെക്‌സ്‌ മാർക്കറ്റിൽ രൂപയുടെ മൂല്യത്തിൽ കുറവ്‌ സംഭവിച്ചു. ഡോളറിന്‌ മുന്നിൽ രൂപ 73.03 ൽ നിന്ന്‌ 73.33 ലേയ്‌ക്ക്‌ മൂല്യം തളർന്നു. പിന്നിട്ടവാരം മെറ്റൽ ഇൻഡക്‌സിന്‌ മാത്രമേ തിളക്കം നിലനിർത്താനായുള്ളു. വിപ്രോ, ടാറ്റ മോട്ടോഴ്‌സ്, യു‌പി‌എൽ, ഭാരതി എയർടെൽ, സൺ ഫാർമ എന്നിവയ്‌ക്ക്‌ നിഫ്റ്റിയിൽ തിരിച്ചടി നേരിട്ടു. അതേ സമയം ജെ എസ്‌ ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, അൾട്രാടെക് സിമൻറ് തുടങ്ങിവയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

ബോംബെ സെൻസെക്‌സ്‌ മുൻവാരത്തിലെ 40,509 ൽ നിന്ന്‌ നേട്ടതോടെയാണ്‌ ഇടപാടുകൾക്ക്‌ തുടക്കം കുറിച്ചത്‌. ഒരവസരത്തിൽ സൂചിക 41,048 പോയിൻറ്റ്‌ വരെ കുതിച്ചതിനിടയിൽ നിക്ഷേപകർ ലാഭമെടുപ്പിന്‌ മത്സരിച്ചതിനാൽ വിപണി പെടുന്നനെ 39,667 ലേയ്‌ക്ക്‌ ഇടിഞ്ഞു. എന്നാൽ തൊട്ട്‌ അടുത്ത ദിവസം കരുത്ത്‌ തിരിച്ചു പിടിക്കുന്ന പ്രകടനം കാഴ്‌ച്ചവെക്കാൻ ബുൾ ഇടപാടുകാർ സംഘടിതമായി നടത്തിയ നീക്കത്തിൽ വാരാന്ത്യം സെൻസെക്‌സ്‌ 39,982 ലേയ്‌ക്ക്‌ കയറി.

ഈവാരം 39,416 പോയിൻറ്റിലെ സപ്പോർട്ട്‌ നിലനിർത്തി 40,797 ലേയ്‌ക്ക്‌ മുന്നേറാൻ ശ്രമം നടത്താം. ഈ നീക്കം വിജയിച്ചാൽ 41,613 പോയിൻറ്റ്‌ ലക്ഷ്യമാക്കി വാരത്തിൻറ്റ രണ്ടാം പകുതിയിൽ സുചിക ചലിക്കും.

നിഫ്‌റ്റി 11,914 ൽ നിന്ന്‌ 12,025 വരെ കയറിയെങ്കിലും വിൽപ്പന സമ്മർദ്ദം മൂലം ഒരുഘട്ടത്തിൽ 11,661 ലേയ്‌ക്ക്‌ തളർന്ന സൂചിക ക്ലോസിങ്‌ വേളയിൽ 11,762 പോയിൻറ്റിലാണ്‌. ഈ വാരം 11,971 ലും 12,180 ലും പ്രതിരോധം നിലവിലുണ്ട്‌. തിരുത്തലിന്‌ വിപണി വീണ്ടും തുനിഞ്ഞാൽ 11,607 പോയിൻറ്റിൽ താങ്ങ്‌ പ്രതീക്ഷിക്കാം.

രാജ്യാന്തര വിപണിയിൽ സ്വർണ വില താഴ്‌ന്നു. ട്രോയ്‌ ഔൺസിന്‌ 1930 ഡോളറിൽ നിന്ന്‌ 1890 ഡോളറായി താഴ്‌ന്ന ശേഷം മാർക്കറ്റ്‌ ക്ലോസിങിൽ 1898 ഡോളറിലാണ്‌. ക്രൂഡ്‌ ഓയിൽ വില ബാരലിന്‌ 40.74 ഡോളർ.

Tags:    
News Summary - Stock market Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT