കൊച്ചി: ഇന്ത്യൻ ഓഹരി വിപണിയിൽ നാലാഴ്‌ച്ച നീണ്ട ബുൾ റാലി അവസാനിച്ച് സൂചികകൾ തിരുത്തലിെൻറ പാദയിലേയ്‌ക്ക് തിരിയുമെന്ന സൂചന കഴിഞ്ഞവാരം ഇതേ കോളത്തിൽ വ്യക്തമാക്കിയത് ശരിവെക്കും വിധത്തിലായിരുന്നു ഓരാ ദിവസും സുചികയുടെ ചലനം.
തുടക്കത്തിൽ വിപണി പുതിയ ഉയരങ്ങൾ കീഴടക്കിയെങ്കിലും സൂചികളുടെ അടിയോഴുക്കിൽ മാറ്റം സംഭവിക്കുന്ന കാര്യം ഭൂതകണ്ണാടികളിലുടെ നോക്കി കണ്ട വിദേശ ഫണ്ടുകൾ വാരാവസാനംബാധ്യതകൾ കുറക്കാൻ മത്സരിച്ചു. പോയവാരം നിഫ്‌റ്റി സൂചിക 116 പോയിൻറ്റും ബോംബെ സെൻസെക്‌സ് 130 പോയിൻറ്റും നഷ്‌ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്‌റ്റി സൂചികയ്‌ക്ക് മുൻവാരം ഇതേ കോളത്തിൽ വ്യക്തമാക്കിയ 15,900 പോയിൻറ്റിൽ ചൊവാഴ്‌ച്ച പ്രതിരോധം നേരിട്ടു. 15,799 ൽ നിന്ന് മികവ് കാണിച്ച നിഫ്‌റ്റി റെക്കോർഡ് പ്രകടനം കാഴ്‌ച്ചവെച്ചതിനിടയിൽ ബാധ്യതകൾ കുറക്കാൻ ധനകാര്യസ്ഥാപനങ്ങൾ ഉത്സാഹിച്ചത് ഹെവിവെയിറ്റ് ഓഹരികളിൽ തിരുത്തലിന് വഴിതെളിച്ചു.
ഇതോടെ ആടി ഉലഞ്ഞ വിപണി ഒരവസരത്തിൽ 15,450 ലേയ്‌ക്ക് തളർന്നങ്കിലും വ്യാപാരാന്ത്യം 15,683 പോയിൻറ്റിലാണ്. ഈവാരം 15,454 ലെ ആദ്യ സപ്പോർട്ട് നിലനിർത്താനായാൽ 15,906 ലേയ്‌ക്കും തുടർന്ന് 16,129 ലേയ്‌ക്കും നിഫ്‌റ്റി ഉറ്റ്‌നോക്കാം, എന്നാൽ ആദ്യ സപ്പോർട്ട്‌നഷ്‌ടപ്പെട്ടാൽ നിഫ്‌റ്റി 15,226 ലേയ്‌ക്ക് തളരും.സെൻസെക്‌സ് തുടർച്ചയായ രണ്ടാം വാരത്തിലും റെക്കോർഡ് പുതുക്കി. 52,474 ൽ ഇടപാടുകൾക്ക് തുടക്കം കുറിച്ച ബി.എസ്.ഇ 52,641 ലെ മുൻ റെക്കോർഡ് മറികടന്ന് 52,869 വരെ സഞ്ചരിച്ച ശേഷം 51,601 ലേയ്‌ക്ക് തിരുത്തൽനടത്തിയെങ്കിലും മാർക്കറ്റ് ക്ലോസിങ് നടക്കുമ്പോൾ 52,344 പോയിൻറ്റിലാണ്.
ഈവാരം 51,673 ലെ താങ്ങ് നിർണായകമാണ്. കുതിപ്പിന് തുനിഞ്ഞാൽ 52,941 ലും 53,540 ലും തടസം നേരിടാം. മുൻ നിര ഓഹരികളായ എച്ച്.യു.എൽ, ഇൻഫോസിസ്, ടി.സി.എസ്, ആർ.ഐ.എൽ തുടങ്ങിയവ മികവ് കാണിച്ചപ്പോൾ ഒ.എൻ.ജി.സി, എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, എച്ച്.ഡി എഫ്.സി ബാങ്ക്, ഐ.സി.ഐ.സി ഐ ബാങ്ക്, മാരുതി, എം ആൻറ് എം, ഡോ: റെഡീസ്, സൺ ഫാർമ്മ തുടങ്ങിയവയുടെ നിരക്ക് താഴ്‌ന്നു.
വിദേശ ധനകാര്യസ്ഥാപനങ്ങൾ പോയവാരം 1060.73 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര ഫണ്ടുകൾ 487.79 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഈ മാസം ഇതുവരെ 5848.76 രൂപയുടെ ഓഹരികൾ വിദേശ ഫണ്ടുകളും 2293.06 കോടി രൂപയുടെ ഓഹരികൾ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളും വിറ്റു. ഓഹരി സൂചികയിലെ ചാഞ്ചാട്ടത്തിനിടയിൽ ഇന്ത്യൻ മാർക്കറ്റിലെ ബാധ്യതകൾ കുറക്കാൻ ഒരു വിഭാഗം വിദേശ ഓപ്പറേറ്റർമാർ നടത്തിയ നീക്കം വിനിമയ വിപണിയിൽ രൂപയുടെ മൂല്യത്തെ തളർത്തി.
വിനിമയ നിരക്ക് 73.23 ൽ നിന്ന് 74.13 ലേയ്‌ക്ക് വാരാന്ത്യം ഇടിഞ്ഞു. ആഗോള വിപണിയിൽ സ്വർണത്തിന് തിളക്കം മങ്ങി. യു എസ് ഫെഡ് റിസർവ് സാമ്പത്തിക മേഖലയിൽ പുതിയ പരിഷ്‌കാരങ്ങൾ വരുത്തുമെന്ന സൂചനകൾ ഫണ്ടുകളെ മഞ്ഞലോഹ വിപണിയിൽ വിൽപ്പനക്കാരാക്കി. ട്രോയ് ഔൺസിന് 1875 ഡോളറിൽ നിന്ന് 1763 ലേയ്‌ക്ക് ഇടിഞ്ഞു. രണ്ട്‌മാസത്തിനിടയിൽ ഇത്ര ശക്തമായ പ്രതിവാര വില തകർച്ചയിൽ സ്വർണം അകപ്പെടുന്നത് ആദ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.