വായ്​പ അവലോകനം നിർണായകം; ഓഹരി വിപണി കുതിക്കുമോ, കിതക്കുമോ?

കൊച്ചി: ആഗോള ഓഹരി വിപണികൾ ഒരിക്കൽ കൂടി വിൽപ്പനക്കാരുടെ നിയന്ത്രണത്തിലേക്ക്​ വഴുതിയത്‌ ആഭ്യന്തര മാർക്കറ്റിനെ സമ്മർദ്ദത്തിലാക്കി. ഡെറിവേറ്റീവ്‌ മാർക്കറ്റിൽ സെപ്‌റ്റംബർ സീരീസ്‌ സെറ്റിൽമെൻറ്റ്‌ പിരിമുറുക്കം പിന്നിട്ടവാരം ഇന്ത്യൻ വിപണികളുടെ കരുത്ത്‌ ചോർത്തി. വിദേശ ഫണ്ടുകൾ പൊസിഷനുകൾ സ്‌ക്വയർ ഓഫിന്‌ കാണിച്ച തിടുക്കം മൂലം സൂചികൾക്ക്‌ നാല്‌ ശതമാനം ഇടിഞ്ഞു. ബോംബെ സൂചിക സെൻസെക്‌സ്‌ 1457 പോയിൻറ്റും ദേശീയ സൂചിക നിഫ്‌റ്റി 455 പോയിൻറ്റും പ്രതിവാര നഷ്‌ടത്തിലാണ്‌. ബി.എസ്‌. ഇ സ്‌മോൾ ക്യാപ്‌, മിഡ്‌ ക്യാപ്‌ ഇൻഡക്‌സുകളും തളർച്ചയിലാണ്‌.

കോവിഡ്‌ മൂലം യുറോപ്യൻ രാജ്യങ്ങളിലെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കുമെന്ന ലോക ആരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്‌ രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനങ്ങളെ ബാധ്യതകൾ വിറ്റുമാറാൻ കഴിഞ്ഞ ദിവസങ്ങളിൽ നിർബന്ധിതരാക്കി. യുറോപ്യൻ രാജ്യങ്ങളിൽ മാത്രമല്ല, യു എസിലും എഷ്യയിലും അവർ വിൽപ്പനക്കാരുടെ മേലങ്കി അണിഞ്ഞതോടെ മുൻനിര ഓഹരികൾ ഇൻഡക്‌സുകൾ ഒന്നിന്‌ പുറകെ ഒന്നായി ഇടിഞ്ഞു.

ബോംബെ സെൻസെക്‌സ്‌ 38,845 പോയിൻറ്റിൽ നിന്ന്‌ 38,990 ലേയ്‌ക്ക്‌ ഓപ്പണിങ്‌ വേളയിൽ മുന്നേറിയ അവസരത്തിൽ ഫണ്ടുകൾ ബ്ലൂചിപ്പ്‌ ഓഹരികൾ വിറ്റുമാറാൻ കാണിച്ച തിടുക്കം വിപണിയെ പിടിച്ച്‌ ഉലച്ചു. ഒരു വേള സൂചിക 36,495 പോയിൻറ്റിലേയ്‌ക്ക്‌ ഇടിഞ്ഞ ശേഷംക്ലോസിങിൽ സെൻസെക്‌‌സ്‌ 37,388 ലാണ്‌. ഈവാരം 36,258 പോയിൻറ്റിലെ സപ്പോർട്ട്‌ നിലനിർത്തി 38,753 ലേയ്‌ക്ക്‌ ഉയരാൻ വിപണി വീണ്ടും ശ്രമം നടത്താം.

ദേശീയ ഓഹരി സൂചികയായ നിഫ്‌റ്റി 11,535 വരെ ഉയർന്ന അവസരത്തിൽ അലയടിച്ച വിൽപ്പന തരംഗത്തിൽ മുൻ നിരയിലെ ഒട്ടുമിക്ക ഓഹരികളുടെ നിരക്ക്‌ ഇടിഞ്ഞു. ഒരുഘട്ടത്തിൽ നിഫ്‌റ്റി 11,000 പോയിൻറ്റിലെ നിർണ്ണായക താങ്ങ്‌ തകർത്ത്‌ 10,790 ലേയ്‌ക്ക്‌ സാങ്കേതിക പരീക്ഷണങ്ങൾ നടത്തി. ഇതിനിടയിൽ ഒരു വിഭാഗം ഊഹക്കച്ചവടക്കാർ ഷോട്ട്‌ കവറിങ്ങിന്​ ഉത്സാഹിച്ചു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളും പ്രാദേശിക ഇടപാടുകാർ വാരാന്ത്യം നിക്ഷപകരായി വിപണിയിൽ അണിനിരന്നത്‌ തിരിച്ചു വരവി​െൻറ സൂചനകൾ പുറത്തുവിട്ടു. വെളളിയാഴ്‌ച്ച മാർക്കറ്റ്‌

ക്ലോസിങ്‌ നടക്കുമ്പോൾ നിഫ്‌റ്റി 11,050 ലാണ്‌. ഡെറിവേറ്റീവ്‌ മാർക്കറ്റിൽ തുടർച്ചയായ മൂന്ന്‌ മാസങ്ങളിൽ കട്ടിങ്‌ വേളയിൽ തിളങ്ങിയ നിഫ്‌റ്റിക്ക്‌ പക്ഷേ ഇക്കുറി തിരിച്ചടിനേരിട്ടു. സെപ്‌റ്റംബർ സീരീസ്‌ നഷ്‌ടത്തിൽ വ്യാപാരം അവസാനിച്ചത്‌ കണക്കിലെടുത്താൽ വലിയോരു വിഭാഗം ഫണ്ടുകൾ നിക്ഷേപ തോത്‌ കുറച്ച്‌ സുരക്ഷിത മേഖലകളിലേയ്‌ക്ക്‌ ചുവട്‌ മാറ്റുന്നതായി വിലയിരുത്താം. വിപണിയുടെ മറ്റ്‌ സാങ്കേതിക ചലനങ്ങൾ പരിശോധിച്ചാൽ നിഫ്‌റ്റി അതിൻറ്റ 50 ദിവസങ്ങളിലെ ശരാശരിയിലും താഴ്‌ന്നത്‌ ദുർബലാവസ്ഥയ്‌ക്ക്‌ ഇടയാക്കാം. ഇൻഫോസീസ്‌, എച്ച്‌.സി.എൽ എന്നിവയുടെ നിരക്ക്‌ അഞ്ച്‌ ശതമാനം മുന്നേറിയപ്പോൾ ടി.സി. എസ്‌, ഐ.ടി.സി, ആർ.ഐ.എൽ, എച്ച്‌.ഡി. എഫ്‌.സി, ഐ.സി.ഐ.സി.ഐ ബാങ്ക്‌, എസ്‌.ബി.ഐ, സൺ ഫാർമ്മ, മാരുതി, ഒ.എൻ.ജി.സി, എം ആൻറ്​ എം, ടാറ്റാ സ്‌റ്റീൽ തുടങ്ങിയവയ്‌ക്ക്‌ തിരിച്ചടിനേരിട്ടു.

മിഡ്‌ക്യാപ്‌, സ്‌മോൾ ക്യാപ്‌ വിഭാഗങ്ങളിൽ നൂറിൽ അധികം ഓഹരി വിലകൾ പിന്നിട്ട വാരം 10 മുതൽ 20 ശതമാനം വരെ വില തകർച്ചയെഅഭിമുഖീകരിച്ചു. സ്‌റ്റീൽ, ഫാർമസ്യൂട്ടികൽ, ഓട്ടോമൊബൈൽ വിഭാഗങ്ങൾ സമ്മർദ്ദത്തിലയിരുന്നു. ‌ ഈവാരം നടക്കുന്ന റിസർവ് ബാങ്ക് വായ്‌പാ അവലോകനത്തെ വിപണി ഉറ്റ്‌നോക്കുകയാണ്‌. മന്ദഗതിയിൽ നീങ്ങുന്ന സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ ഉണർവ്‌ പകരാൻ പലിശ നിരക്കുകളിൽ ഭേഗതികൾക്ക്‌ ആർ ബി ഐ തയ്യാറാവുമോ അതോ നിലവിലെ സ്ഥിതി തുടരുമോ, ഒക്‌ടോബർ ഒന്നിന്‌ നടക്കുന്ന യോഗം തീരുമാനിക്കും.

മാസാദ്യത്തിൽ നടന്ന വിവിധ കേന്ദ്ര ബാങ്കുകളുടെ വായ്‌പ്പാ അവലോകനത്തിൽ പല രാജ്യങ്ങളും പലിശയിൽ മാറ്റത്തിന്‌ തയ്യാറായില്ല. യു.എസ് ഫെഡ്‌ റിസർവ്‌ 2022 വരെ പലിശ സ്‌റ്റെഡിയായി തുടരുമെന്നനിലപാടിലാണ്‌. ആർ.ബി.ഐയെ സംബന്ധിച്ച്‌ പണപ്പെരുപ്പം ഉയർന്ന തലത്തിൽ നീങ്ങുന്നത്‌ ആശങ്ക ഉളവാക്കും. ജൂലൈയിലെ 6.73 ശതമാനവും ഓഗസ്റ്റിൽ പണപ്പെരുപ്പം 6.69 ശതമാനമാണ്. രാജ്യത്തെ വിദേശ നാണയ കരുതൽ ശേഖരം സെപ്റ്റംബർ 18 ന് അവസാനിച്ച വാരം 3.378 ബില്യൺ ഡോളർ ഉയർന്ന് 545.038 ബില്യൺ ഡോളറെന്ന സർവകാല റെക്കോർഡ്‌ നിലവാരത്തിലെത്തി. അതേ സമയം യു എസ്‌ ഡോളറിന്‌ മുന്നിൽ രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞു. വിനിമയ നിരക്ക്‌ 73.58 ൽ നിന്ന്‌ 73.70 ലേയ്‌ക്ക്‌ ഇടിഞ്ഞു. ഉത്സവ സീസൺ മുന്നിൽ കണ്ട്‌ വ്യവസായികൾ സ്വർണ ഇറക്കുമതിലേയ്‌ക്ക്‌ ശ്രദ്ധതിരിച്ചതും, വിദേശ ഫണ്ടുകൾ ഓഹരി വിറ്റു ഡോളർ ശേഖരിക്കാൻരംഗത്ത്‌ ഇറങ്ങിയതും രൂപയ്‌ക്ക്‌ തിരിച്ചടിയായി.

Tags:    
News Summary - Stockmarket review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT