രണ്ടാം വാരത്തിലും നേട്ടത്തിൽ വിപണി

കൊച്ചി: ഏഷ്യൻ ഓഹരി വിപണികൾ ലൂണാർ ന്യൂ ഇയർ ആഘോഷങ്ങളിലേക്ക്‌ ശ്രദ്ധതിരിച്ചത്‌ ആഗോള ഓഹരി ഇൻഡക്‌സുകളുടെ കുതിപ്പിനെപിടിച്ചു നിർത്തി. പുതുവത്സരാഘോഷങ്ങൾ കഴിഞ്ഞ്​ ചൈനീസ്‌ ഇടപാടുകാർ തിരിച്ചെത്തിയാൽ മൂലധന വിപണി വീണ്ടും സജീവമാകും.

ഇന്ത്യൻ വിപണി രണ്ടാം വാരവും നേട്ടത്തിലാണ്‌. വാരത്തിൻറ്റ തുടക്കത്തിൽ സൂചിക റെക്കോർഡ്‌ പുതുക്കിയെങ്കിലും പിന്നീട്‌ വിപണി ഒരു കൺസോളിഡേഷനുള്ള നീക്കത്തിലേയ്‌ക്ക്‌ ചുവടുമാറ്റി. സെൻസെക്‌സ്‌ 812 പോയിൻറ്റും നിഫ്‌റ്റി 239 പോയിൻറ്റും പ്രതിവാര മികവിലാണ്‌. അതേ സമയം വിദേശ ഫണ്ടുകൾ വാരാന്ത്യദിനത്തിൽ വിൽപ്പനക്കാരായി മാറിയത്‌ പ്രാദേശിക നിക്ഷേപകരെ അൽപ്പം ആശങ്കയിലാക്കി, ഫെബ്രുവരിയിൽ ആദ്യമായാണ്‌ അവർ ചുവട്‌ മാറ്റി ചവിട്ടുന്നത്‌. ക്യാഷ്‌ മാർക്കറ്റിൽ 37 കോടി രൂപയുടെയും ഫ്യൂച്ചേഴ്‌സ്‌ ആൻറ്‌ ഓപ്‌ഷൻസിൽ3300 കോടി രൂപയുടെയും ഓഹരികൾ വിറ്റു.

വിദേശ ഓപ്പറേറ്റർമാർ വരും ദിനങ്ങളിലും വിൽപ്പനയ്‌ക്ക്‌ മുൻ തൂക്കം നൽകിയാൽ ഇൻഡക്‌സുകൾ അൽപ്പം സമ്മർദ്ദത്തിലാകാം. പിന്നിട്ടവാരം വിദേശ ഫണ്ടുകൾ 5871 കോടി രൂപയുടെ ഓഹരികൾ വാങ്ങി. അതേ സമയം ഫെബ്രുവരിയിലെ അവരുടെ മൊത്തം നിക്ഷേപം 19,466 കോടി രൂപയാണ്‌. ആഭ്യന്തര ഫണ്ടുകൾ ഈ മാസം 10,355 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

നിഫ്‌റ്റിയിൽ മുൻ നിരയിലെ ഏതാണ്ട്‌ ഒരു ഡസൻ ഓഹരികൾ അതിൻറ്റ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ്‌. പലഓഹരികളും 52 ആഴ്‌ച്ചകളിലെ ഉയർന്ന റേഞ്ചിലാണ്‌ ഇടപാടുകൾ നടക്കുന്നത്‌. മുൻ നിര മാത്രമല്ല, രണ്ടാം നിര ഓഹരികളും കരുത്തു കാണിച്ചു. ബോംബെ സെൻസെക്‌സ്‌ 50,731 ൽ നിന്ന്‌ ഓപ്പണിങ്‌ ദിനത്തിൽ സർവകാല റെക്കോർഡായ 51,835 വരെ ഉയർന്ന അവസരത്തിൽ ഓപ്പറേറ്റർമാർ ലാഭമെടുപ്പിലേയ്‌ക്ക്‌ ശ്രദ്ധ തിരിച്ചതിനാൽ വാരമധ്യം സൂചിക 50,846 ലേയ്‌ക്ക്‌ ഇടിഞ്ഞു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ചെറിയതോതിലുള്ള തിരിച്ചു വരവിൽ 51,544 ലേയ്‌ക്ക്‌ കയറി ക്ലോസിങ്‌ നടന്നു. സൂചികയുടെ സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ 51,970 ലും 52,397 ലും പ്രതിരോധം നിലവിലുണ്ട്‌. വിപണി ഒരിക്കൽ കൂടി തിരുത്തലിന്‌ ശ്രമിച്ചാൽ50,981‐50,419 ൽ താങ്ങ്‌ പ്രതീക്ഷിക്കാം.

നിഫ്‌റ്റി സൂചിക ചരിത്രത്തിൽ ആദ്യമായി 15,000 പോയിൻറ്റിന്‌ മുകളിൽ വീക്കിലി ക്ലോസിങ്‌ നടന്നു. മുൻവാരത്തിലെ 14,924 നിന്ന്‌ 15,257 വരെ ഉയർന്ന ശേഷം വ്യാപാരാന്ത്യം 15,163 പോയിൻറ്റിലാണ്‌. കഴിഞ്ഞവാരം സൂചിപ്പിച്ച 15,405 ലേയ്‌ക്ക്‌ ഉയരാനുള്ള ശ്രമം വിപണി തുടരാമെങ്കിലും റെക്കോർഡ്‌ തലത്തിലായതിനാൽ ഏതവസരത്തിലും തിരുത്തലിന്‌ സാധ്യതയുണ്ട്‌.

മുൻ നിര ഓഹരിയായ ആർ.ഐ.എൽ 2041 രൂപയിലും, ഐ.സി.ഐ.സി.ഐ ബാങ്ക് 647, എം ആൻറ്‌ എം 908, ടെക് മഹീന്ദ്ര 991, ഇൻഫോസിസ് 1309, എച്ച്.ഡി.എഫ്.സി 2791, എച്ച്.സി .എൽ ടെക്നോളജീസ് 960, ടി.സി.എസ് 3190, മാരുതി സുസുക്കി 7567, ഭാരതി എയർടെൽ 586, എസ്‌.ബി.ഐ 393 രൂപയിലുമാണ്‌ വാരാവസാനം.

ആഗോള വിപണിയിൽ ക്രൂഡ്‌ ഓയിൽ വില തുടർച്ചയായ നാലാം വാരത്തിലും മുന്നേറി. ലണ്ടനിൽ ക്രൂഡ്‌ ഓയിൽ ബാരലിന്‌ 57 ഡോളറിൽ നിന്ന്‌ 59.60 ഡോളറായി. ഒരു വർഷത്തിനിടയിൽ ആദ്യമായാണ്‌ എണ്ണ വില ഈ റേഞ്ചിലേയ്‌ക്ക്‌ കയറുന്നത്‌. ഫോറെക്‌സ്‌ മാർക്കറ്റിൽ ഡോളറിന്‌ മുന്നിൽ രൂപയുടെ മൂല്യം 72.84 ൽ നിന്ന്‌ 72,58 ലേയ്‌ക്ക്‌ ശക്തിപ്രാപിച്ചു.

Tags:    
News Summary - The market gained in the second week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT