കൊച്ചി: യു എസ് ഓഹരി വിപണികളിലെ റെക്കോർഡ് കുതിപ്പ് വരും ദിനങ്ങളിൽ ഇന്ത്യൻ ഇൻഡക്‌സുകൾക്ക് ഊർജം പകരുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. തുടർച്ചയായ രണ്ടാം വാരത്തിലും മികവ് നിലനിർത്തിയ സെൻസെക്‌സ് 387 പോയിൻറ്റും നിഫ്‌റ്റി 92 പോയിൻറ്റും നേട്ടത്തിലാണ്. അതേ സമയം നാണയപ്പെരുപ്പംകുതിച്ചു കയറുന്നതും പെട്രോളിയം ഉൽപ്പന്നങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തെയും വിപണി ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. വിദേശ ധനകാര്യസ്ഥാപനങ്ങൾ പോയവാരം 2802 കോടി രൂപയുടെ ഓഹരികൾ വാങ്ങി, ഈ മാസം ഇതിനകം അവർ 7239 കോടി രൂപ നിക്ഷേപിച്ചു. അതേ സമയം ആഭ്യന്തര ഫണ്ടുകൾ മാർച്ചിൽ 2575 കോടി രൂപയുടെ ഓഹരികൾ വാങ്ങുകയും 3192 കോടി രൂപയുടെ ഓഹരികൾ വിൽപ്പന നടത്തുകയും ചെയ്‌തു.
പെട്രോൾ, ഡീസൽ വില കുത്തനെ ഉയർന്നതിനാൽ ഇന്ത്യയിലെ ചില്ലറ പണപ്പെരുപ്പം ഫെബ്രുവരിയിൽ മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.03 ശതമാനമായി. ജനുവരിയിൽ ഇത് 4.06 ശതമാനമായിരുന്നു. ഭക്ഷ്യവിലക്കയറ്റം 3.11 ശതമാനത്തിൽ നിന്ന് 3.87 ശതമാനമായി. വരും ദിവസങ്ങളിൽ ഇന്ധനനികുതി കുറയ്ക്കണമെന്ന ആവശ്യം ശക്തമാകാം.
ഒരു വിഭാഗം ഫണ്ടുകൾ മുൻ നിര ഓഹരികളിൽ നിന്നും രണ്ടാം നിരയിലേയ്‌ക്ക് ശ്രദ്ധതിരിക്കുന്നുണ്ട്. മിഡ്‌ക്യാപ്‐സ്‌മോൾ ക്യാപ് ഇൻഡക്‌സുകളിൽ ഉണർവ് ദൃശ്യമായി. ബി.എസ്.ഇ സ്മോൾ ക്യാപ് സൂചിക സർവകാല റെക്കോർഡായ 21,411 പോയിൻറ്റിലെത്തി. മാർച്ച്ആ ദ്യം രേഖപ്പെടുത്തിയ 21,389 ലെ റെക്കോർഡ്‌വിപണി മറികടന്നു. വൈദ്യുതി, തുണിത്തരങ്ങൾ, ആഭരണങ്ങൾ, വ്യാവസായിക യന്ത്രങ്ങൾ, രാസവസ്തുക്കൾ, പാക്കേജിംഗ് ഓഹരികളിൽ നിക്ഷേപകർ താൽപര്യം കാണിച്ചു.
സെൻസെക്‌സ് 50,405 ൽ നിന്ന് 51,821 പോയിൻറ്റ് വരെ കയറിയ ശേഷം വാരാവസാനം 50,792 പോയിൻറ്റിലാണ്. ഈവാരം 51,636‐52,480 റേഞ്ചിൽ പ്രതിരോധവും 50,133‐49,74 പോയിൻറ്റിൽ താങ്ങും പ്രതീക്ഷിക്കാം.
നിഫ്‌റ്റി സൂചിക 14,938 ൽ നിന്ന് മികവ് കാണിച്ച് 15,336 വരെ കയറിയെങ്കിലും മുൻ വാരം സൂചിപ്പിച്ച പ്രതിരോധമായ 15,261 ന് മുകളിൽ ഒരിക്കൽ പോലും ക്ലോസിങിൽവിപണിക്ക് ഇടം കണ്ടത്താനായില്ല. വ്യാപാരം അവസാനിക്കുമ്പോൾ നിഫ്‌റ്റി 15,030 പോയിൻറ്റിലാണ്.
മുൻ നിര ഓഹരികളായ ഇൻഫോസീസ്, ടി.സി. എസ്, ടാറ്റാ മോട്ടേഴ്‌സ്, എച്ച്.സി.എൽ, എൽ ആൻറ് ടി, എം ആൻറ് എം, എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.ഡി.എഫ്.സി, എച്ച്.യു.എൽ, സൺ ഫാർമ്മ തുടങ്ങിയവയുടെ നിരക്ക് നിക്ഷേപ താൽപര്യത്തിൽ ഉയർന്നപ്പോൾ ആർ.ഐ.എൽ, ഐ.ടി.സി, മാരുതി, ബജാജ് ഓട്ടോ, എസ്.ബിഐ തുടങ്ങിയവയ്‌ക്ക് തിരിച്ചടിനേരിട്ടു.
ഫോറെക്‌സ് മാർക്കറ്റിൽ അമേരിക്കൻ ഡോളറിന് മുന്നിൽ ഇന്ത്യൻ രൂപ മികവിലാണ്. മുൻവാരത്തിലെ 73.02 ൽ നിന്ന് വിനിമയ നിരക്ക് 24 പൈസ ഉയർന്ന് 72.78 ലെത്തി. ക്രൂഡ് ഓയിൽ ഉൽപാദനത്തിൽ തൽക്കാലം കുറവ് വരുത്തില്ലെങ്കിലും കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന സൗദി അറേബ്യയുടെ വെളിപ്പെടുത്തൽ ആഗോള എണ്ണ വിപണി വീണ്ടും ചൂടു പിടിക്കാൻ ഇടയാക്കും.
എണ്ണ മാർക്കറ്റ് അഞ്ച് ആഴ്‌ച്ചകളിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ്. രണ്ടാഴ്‌ച്ചക്കിടയിൽ എണ്ണ വില പത്ത് ശതമാനം ഉയർന്ന അവസരത്തിലാണ് ഏഷ്യൻ‐യുറോപ്യൻ മാർക്കറ്റുകളിലേയ്‌ക്കുള്ള ക്രൂഡ് ഓയിൽ കയറ്റുമതി നിയന്ത്രിക്കുമെന്ന് സൗദി വ്യക്തമാക്കിയത്. അതേ സമയം ഇന്ത്യയിലേയുള്ള കയറ്റുമതിയിൽ കുറവ് വരുത്തില്ല. ക്രുഡ് വില ബാരലിന് 62.26 ഡോളറിൽ നിന്ന് 71.32 വരെ കയറിയ ശേഷം വാരാന്ത്യം 69.21 ഡോളറിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.