കൊച്ചി: ഇറാൻ -ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരങ്ങളിലേക്ക് കുതിക്കുന്നു. കേരളത്തിൽ ഇന്ന് പുതിയ റെക്കോഡ് കുറിച്ച് സ്വർണത്തിന് പവന് 56,960 രൂപയായി. ഗ്രാമിന് 7,120 രൂപയാണ് ഇന്നത്തെ വില. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്.
കഴിഞ്ഞദിവസം ഇറാൻ ഇസ്രായേലിലേക്ക് ബാലിസ്റ്റിക് മിസൈൽ അയച്ചതോടെ മേഖലയിൽ സംഘർഷസാധ്യത വർധിച്ചിരുന്നു. ഇറാനിലെ എണ്ണ സംസ്കരണകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ പ്രത്യാക്രമണം നടത്തിയേക്കുമെന്ന ആശങ്ക നിലനിൽക്കുകയാണ്. അങ്ങനെ വന്നാൽ കനത്ത തിരിച്ചടി ഇസ്രായേൽ നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇത് എണ്ണവിപണിയെ ഗുരുതരമായി ബാധിക്കുകയും സാമ്പത്തികരംഗത്തെ കാര്യമായി സ്വാധീനിക്കുകയും ചെയ്യുമെന്നതിനാൽ ഓഹരിവിപണിയിൽ വൻ തകർച്ച സൃഷ്ടിച്ചിട്ടുണ്ട്. സ്വർണത്തിനും എണ്ണയ്ക്കും വില വർധിക്കാൻ സംംഘർഷം കാരണമാകും.
ഇന്നലെ ഗ്രാമിന് 10 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 56,880 രൂപയും ഒരു ഗ്രാമിന് 7110 രൂപയുമായിരുന്നു വില. കഴിഞ്ഞയാഴ്ച 56,800 രൂപയിൽ പുതിയ ഉയരം കുറിച്ചിരുന്നു. പിന്നീട് മൂന്നുദിവസം കൊണ്ട് 400 രൂപ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് അധികം വൈകാതെ 57,000 രൂപയായി വർധിക്കുമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ. ഈ വർഷാവസാനത്തോടെ സ്വർണവില പുതിയ ഉയരങ്ങളിലെത്താനും സാധ്യതയുണ്ട്.
2024 ഡിസംബറോടെ സ്വർണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജൻസിയായ ഫിച്ച് സൊല്യൂഷന്റെ വിലയിരുത്തൽ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം സ്വർണവിലയിൽ 29 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.