കൊച്ചി: സ്വർണത്തെ ഇലക്ട്രോണിക് ഗോൾഡ് രസീതുകളാക്കി (ഇ.ജി.ആർ) വ്യാപാരത്തിന് അവസരമൊരുക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) തീരുമാനം രാജ്യത്തെ മുഴുവൻ മഞ്ഞലോഹവും കണക്കിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ട്. നോട്ടുനിരോധനത്തിനുശേഷം സമാന്തര സമ്പദ് വ്യവസ്ഥയിൽ അവശേഷിക്കുന്ന ഏക ഉൽപന്നം സ്വർണമാണ്. മാത്രമല്ല, 10,000 ടൺ സ്വർണം 20 ശതമാനം നികുതിയിൽ സറണ്ടർ ചെയ്യപ്പെട്ടാൽ 9.6 ലക്ഷം കോടിയാണ് സർക്കാറിന് ലഭിക്കുക.
സ്വർണത്തെ സാധാരണ ഓഹരികൾപോലെ സ്റ്റോക് എക്സ്ചേഞ്ചുകൾ വഴി വിൽക്കാനും വീണ്ടും സ്വർണമാക്കി മാറ്റാനും കഴിയുന്ന സംവിധാനമാണ് ഇ.ജി.ആർ. വോൾട്ട് മാനേജർ, ക്ലിയറിങ് കോർപറേഷൻ, െഡപ്പോസിറ്ററി, എക്സ്ചേഞ്ചുകൾ തുടങ്ങിയ ഇടനിലക്കാർ വഴിയാണ് സ്വർണവ്യാപാരം നടക്കുക. ഒരാൾക്ക് ഭൗതികസ്വർണത്തെ ഇ.ജി.ആർ ആക്കി മാറ്റാൻ വോൾട്ട് മാനേജറെ സമീപിക്കാം. വോൾട്ട് മാനേജർ സ്വർണത്തെ ഇ.ജി.ആർ ആയി മാറ്റി അന്താരാഷ്ട്ര സെക്യൂരിറ്റി ഐഡൻറിഫിക്കേഷൻ നമ്പർ (ഐ.എസ്.ഐ.എൻ) നൽകും. അതിനു ശേഷം ഇ.ജി.ആർ നിലവിെല എക്സ്ചേഞ്ചുകളിലൂടെ ട്രേഡ് ചെയ്യാൻ സാധിക്കും. ഇ.ജി.ആർ എളുപ്പം വോൾട്ട് മാനേജർ വഴിതന്നെ എക്സ്ചേഞ്ചിൽ വിറ്റ്, അടുത്തദിവസം വീണ്ടും യഥാർഥ സ്വർണമാക്കി മാറ്റാനും കഴിയും. വിദേശ- റീട്ടെയിൽ നിക്ഷേപകർ, ബാങ്കുകൾ, ജ്വല്ലറികൾ തുടങ്ങിയവർക്ക് വ്യാപാരം നടത്താം. ഒരു കിലോ, 100 ഗ്രാം, 50 ഗ്രാം, 10 ഗ്രാം, അഞ്ച് ഗ്രാം, ഒരു ഗ്രാം എന്നിങ്ങനെ അളവിൽ വ്യാപാരം വരും. രാജ്യത്ത് കുടുംബങ്ങളുടെയും അമ്പലങ്ങളുടെയും ട്രസ്റ്റുകളുടെയും കൈവശം ഏകദേശം 24,000 മുതൽ 30,000 ടൺ വരെ സ്വർണമുണ്ടെന്നാണ് കണക്ക്. കൂടാതെ, 800 മുതൽ 900 ടൺ വരെ ഓരോ വർഷവും ഇറക്കുമതി ചെയ്യുന്നു. ഇതിെൻറ മൂല്യം ഏകദേശം മൂന്നര ലക്ഷം കോടി രൂപയാണ്. സ്വർണവ്യാപാരത്തിലെ സംഘടിത മേഖലക്ക് ഇത്തരം പരിഷ്കാരം നല്ലതാണെങ്കിലും അസംഘടിത മേഖലക്ക് മാറ്റം വെല്ലുവിളിയാകും. മാറ്റങ്ങൾ ഉൾക്കൊള്ളാൻ എടുക്കുന്ന കാലപരിധിയാണ് അവരുടെ നിലനിൽപിന് ഭീഷണിയാകുക. അതുകൊണ്ടുതന്നെ കൂടുതൽ ചർച്ചകൾ നടക്കണമെന്ന് മേഖലയിൽനിന്ന് ആവശ്യമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.