അൽ ഹിന്ദ് എയർ ലീഡർ ഷിപ്പ് ടീം കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രി രാം മോഹൻ നായിഡുവിനോടൊപ്പം

ഉയരെ പറന്ന് അൽഹിന്ദ്...

‘ട്രാവൽസ്’ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്ന പേരാണ് ‘അൽഹിന്ദ്’. അതങ്ങനെയായത് അൽഹിന്ദ് ഗ്രൂപ് തുടക്കംമുതൽ കാത്തുസൂക്ഷിക്കുന്ന വിശ്വാസ്യതകൊണ്ട് മാത്രമാണ്. 30 വർഷംമുമ്പ് മലബാറുകാരുടെ യാത്രാ സ്വപ്നങ്ങൾക്ക് ചിറകുമുളപ്പിച്ച അൽഹിന്ദ് ഇന്ന് മിഡിലീസ്റ്റിലും മറ്റ് രാജ്യങ്ങളിലുമായി തങ്ങളുടേതായ ലോകംതന്നെ പടുത്തുയർത്തിക്കഴിഞ്ഞു. ട്രാവൽസിൽ തുടങ്ങി ഇന്ന് കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനി എന്ന സ്വപ്നവും യാഥാർഥ്യമാക്കാനൊരുങ്ങുകയാണ് അൽഹിന്ദ്.

ചോദ്യത്തിൽനിന്ന് തുടക്കം

‘കോഴിക്കോട് ആസ്ഥാനമായി എന്തുകൊണ്ട് ഒരു ട്രാവൽ ഏജൻസിയില്ല​?’ 30 വർഷങ്ങൾക്ക് മുമ്പായിരുന്നു ഡോ. ഫസൽ ഗഫൂറിന്റെ ആ ​ചോദ്യം. മുംബൈയും തിരുവനന്തപുരവുമെല്ലാമായിരുന്നു അതുവരെയുള്ള ട്രാവൽ ഏജൻസികളുടെയെല്ലാം ആസ്ഥാനം. ഒട്ടേറെ യാത്രക്കാരുള്ള മലബാർ മേഖല ആശ്രയിക്കുന്നത് ദൂരെയുള്ള ട്രാവൽ ഏജൻസികളെയും. അങ്ങനെയാണ് എന്തുകൊണ്ട് കോഴി​ക്കോട് ആസ്ഥാനമായി ഒരു ട്രാവൽ ഏജൻസി തുടങ്ങിക്കൂടാ എന്ന ആശയത്തിന് തുടക്കമിടുന്നത്. അങ്ങനെ 1990കളിൽ കോഴി​ക്കോട് ആസ്ഥാനമായി ആദ്യ ട്രാവൽ ഏജൻസിയുടെ ഓഫിസ് തുറന്നു. ഇന്ന് 140ഓളം ഓഫിസുകളിലായി പ്രവർത്തിക്കുന്ന, ​ലോകമെമ്പാടും ശൃംഖലയായി വ്യാപിച്ചുകിടക്കുന്ന ‘അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസി’ന്റെ തുടക്കം അവിടെ നിന്നായിരുന്നു. മിഡിലീസ്റ്റിലും ബംഗ്ലാദേശിലും ഇന്ത്യയിലുമടക്കം നൂറുകണക്കിന് ഓഫിസുകളും അതിലേറെ സേവനങ്ങളുമായി യാത്ര തുടരുകയാണ് അൽഹിന്ദ് ഗ്രൂപ്. ഒരു ട്രാവൽസ് എന്ന സംരംഭത്തിൽ തുടങ്ങി ഇന്ന് 20000 കോടിയുടെ ടേൺ ഓവറുള്ള സ്ഥാപനമായി അൽഹിന്ദ് മാറിക്കഴിഞ്ഞു.

ഉംറ, ഹജ്ജ് തീർഥാടനം

1992-94 കാലഘട്ടത്തിൽ മലയാളികൾ ഉംറക്കും ഹജ്ജിനും പോകുമ്പോൾ താമസ സ്ഥലങ്ങളെല്ലാം വളരെ പരിമിതമായിരുന്നു. അവിടെയെത്തിപ്പെട്ടാൽ വലിയ സൗകര്യമുള്ള ഹോട്ടലുകളിലൊന്നും മലയാളികൾക്ക് താമസിക്കാൻ കഴിയുമായിരുന്നില്ല. കേരളത്തിൽനിന്ന് ആദ്യമായി ഉംറ, ഹജ്ജ് തീർഥാടകർക്ക് കുറഞ്ഞ ചെലവിൽ വലിയ ഹോട്ടലുകളിൽ താമസസൗകര്യവും യാത്രയും ഒരുക്കി നൽകിയത് അൽഹിന്ദ് ആയിരുന്നു. കേരളത്തിന് പുറത്തുനിന്നുള്ള ഏജൻസികൾ വലിയ തുക വാങ്ങി പരിമിതമായ സൗക​ര്യം ഒരുക്കി നൽകുമ്പോൾ ലാഭമോ മ​റ്റു നഷ്ടങ്ങളോ നോക്കാതെ അൽഹിദ് എല്ലാവർക്കും മികച്ച സൗകര്യങ്ങൾ ഒരുക്കി. അതുകൊണ്ടുതന്നെ ലക്ഷക്കണക്കിന് ഹാജിമാരുടെ പിന്തുണയും പ്രാർഥനയും അൽഹിന്ദിന്റെ വളർച്ചക്ക് കരുത്തായി മാറിയെന്ന് അൽഹിന്ദ് ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ ടി. മുഹമ്മദ് ഹാരിസ് പറയുന്നു.

വിശ്വാസ്യത എന്ന ഉറപ്പ്

ഏറ്റവും കൂടുതൽ ആളുകൾ കബളിപ്പിക്കപ്പെടുന്ന മേഖലയാണ് ടൂർസ് ആൻഡ് ട്രാവൽസ്. ഒരു പാക്കേജ് നൽകി ടിക്കറ്റുകളും മറ്റും ബുക്ക് ചെയ്യുമ്പോൾ ഔദ്യോഗികമായി അംഗീകാരമുള്ള സ്ഥാപനമാണോ എന്ന് ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകൾ നൽകിയായിരിക്കും പല പാക്കേജുകളും പരസ്യങ്ങളിലൂടെ പ്രഖ്യാപിക്കുക. കസ്​റ്റമേഴ്സ് അവിടെയെത്തുമ്പോൾ ഹോട്ടലുകളോ മറ്റു സൗകര്യങ്ങളോ ഒന്നുമുണ്ടാകില്ല. ഏജന്റിനെപോലും കണ്ടുകിട്ടാൻ സാധിക്കില്ല. അങ്ങനെ വഞ്ചനക്കിരയാകുന്നവർ ധാരാളമാണ്. അതിനാൽ അംഗീകൃത സ്ഥാപനങ്ങൾ നൽകുന്ന പാക്കേജുകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക എന്നതാണ് കസ്റ്റമേഴ്സ് ചെയ്യേണ്ടത്. ഇവിടെയാണ് അൽഹിന്ദിന്റെ വിശ്വാസ്യത കൂടുന്നത്. വിനോദ സഞ്ചാരമേഖലക്കായി ഒരു ഡിപ്പാർട്ന്മെന്റ് അൽഹിന്ദിൽ പ്രവർത്തിക്കുന്നുണ്ട്. ലോകത്തെല്ലായിടത്തുമുള്ള ട്രാവൽ മാർട്ടുകളിലും ടൂർ മേഖലകളിലും അൽഹിന്ദ് ​മുഖ്യ പങ്കുവഹിക്കുന്നുണ്ട്. ടൂറുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും അൽഹിന്ദിൽനിന്ന് ലഭിക്കും. എക്സ് ക്ലൂസിവായി പല രാജ്യങ്ങളുടെ പാക്കേജുകളും അൽഹിന്ദിലൂടെ ലഭിക്കും.

‘ഹോൾസെയിൽ ബിസിനസാണ് അൽഹിന്ദി​ന്റേത്. അൽഹിന്ദുമായി ചേർന്ന് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് റീട്ടെയിൽ ഏജൻസികളാണ് അവരുടെ മുന്നോട്ടുള്ള കരുത്തിന് പ്രചോദനം. കൂടാതെ, 2000ത്തിലധികം ജീവനക്കാർ സ്ഥാപനത്തിനുണ്ട്. ആത്മാർഥതയോടെ കമ്പനിയുടെ വളർച്ചക്കായി പ്രവർത്തിക്കുന്ന ഈ ജീവനക്കാരാണ് അൽഹിന്ദിന്റെ യഥാർഥ ആസ്തി’ -ടി. മുഹമ്മദ് ഹാരിസ് പറയുന്നു. ട്രാവൽ ഏജൻസി ആർക്കും എപ്പോൾ വേണമെങ്കിലും തുടങ്ങാം. ഒരു മുറിയും ബോർഡുമുണ്ടെങ്കിൽ എളുപ്പത്തിൽ ട്രാവൽ ഏജൻസിയാകും. എന്നാൽ, അതിന്റെ കെട്ടുറപ്പോടുകൂടി, വിജയിച്ച് മുന്നോട്ടുപോകണമെങ്കിൽ കൂട്ടായ പരിശ്രമം ആവശ്യമാണ്. അതാണ് അൽഹിന്ദ് തെളിയിച്ച് കാണിക്കുന്നതും.


മികച്ച യാത്രാ പാക്കേജുകൾ

കൈയിൽ പണം കുറഞ്ഞതുകൊണ്ട് ആർക്കും യാത്ര എന്ന സ്വപ്നം ഉപേക്ഷിക്കേണ്ടിവരരുത് എന്നതാണ് അൽഹിന്ദിന്റെ ആശയം. അതുകൊണ്ടുതന്നെ കുറഞ്ഞ ചെലവിൽ ഓരോ യാത്രയും അവർ യാഥാർഥ്യമാക്കുകയും ചെയ്യുന്നു, അതും മികച്ച സൗകര്യങ്ങളോടെ. ഈയിടെ മലേഷ്യയിലേക്ക് 19,999 രൂപക്ക് മൂന്ന് രാത്രി, നാല് പകൽ എന്നൊരു യാത്ര അൽഹിന്ദ് പ്രഖ്യാപിച്ചിരുന്നു. കുറഞ്ഞ മാസത്തിനുള്ളിൽ 25000ത്തിൽ അധികംപേർ ഈ പാക്കേജ് ഉപയോഗപ്പെടുത്തി മലേഷ്യ സന്ദർശിച്ചു. കുറഞ്ഞ വിലയിൽ മികച്ച ഗുണമേന്മയോടെ പാക്കേജുകൾ ആവശ്യമായവരിലേക്ക് എത്തിക്കുക എന്നതാണ് അൽഹിന്ദിന്റെ ലക്ഷ്യം. ആ ലക്ഷ്യംവെച്ചുകൊണ്ടുതന്നെയാണ് അൽഹിന്ദിന്റെ മുന്നേറ്റവും.

കേരളത്തിന്റെ സ്വന്തം ‘അൽഹിന്ദ് എയർ’

ട്രാവൽസ്, ടൂർസ്, ഗൈഡ്, ഹോളിഡേയ്സ് തുടങ്ങി നിരവധി സംരംഭങ്ങൾക്കുശേഷം അൽഹിന്ദിന്റെ യാത്ര ഇപ്പോൾ അൽഹിന്ദ് എയറിൽ എത്തിനിൽക്കുന്നു. പ്രാരംഭ പ്രവർത്തനങ്ങൾക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പച്ചക്കൊടി ലഭിച്ചുകഴിഞ്ഞു. 3000 കോടിയോളം രൂപയുടെ പദ്ധതിയാണിത്. അൽഹിന്ദ് എയർ എന്ന പേരിൽ വിമാനക്കമ്പനി ആരംഭിക്കാൻ ഗ്രൂപ്പിന് വ്യോമയാന മന്ത്രാലയം അനുമതി നൽകുകയും ചെയ്തു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽനിന്ന് എയർ ഓപറേറ്റർ സർട്ടിഫിക്കറ്റ് (എ.ഒ.സി) കൂടി ലഭ്യമാകുന്നതോടെ ഉടൻതന്നെ അൽഹിന്ദ് എയർ ആരംഭിക്കാനാണ് അൽഹിന്ദ് ഗ്രൂപ്പിന്റെ നീക്കം. കൊച്ചി, കണ്ണൂർ വിമാനത്താവള​ങ്ങളെ കേന്ദ്രീകരിച്ച് ട്രെയിനിങ്, പൈലറ്റ് അക്കാദമി തുടങ്ങിയവയെല്ലാം ആരംഭിക്കാനും പദ്ധതികളുണ്ട്. ഒരു ബൃഹത്തായ ഏവിയേഷൻ പദ്ധതി തന്നെയാണ് അൽഹിന്ദിന്റെ ലക്ഷ്യം.

സംസ്ഥാനങ്ങളുടെ ജി.ഡി.പി വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവയാണ് വ്യോമയാന മേഖല. വിമാനത്താവളങ്ങളിലെ ഓപറേഷനുകൾക്ക് അനുസരിച്ചാണ് ഈ വർധന. അതിനാൽ സർക്കാറിന്റെ പിന്തുണ ഈ മേഖലയിലും ആവശ്യമായിവരും. മാത്രമല്ല, കേരളത്തിലെ വിനോദ സഞ്ചാര മേഖല വളരെയധികം വളർന്നുകഴിഞ്ഞു. സൗകര്യങ്ങൾ വർധിച്ചു. കേരളത്തിന് അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരികളുടെ എണ്ണവും വർധിച്ചു. അതിലൊരു പങ്ക് തീർച്ചയായും അൽഹിന്ദിനും അവകാശ​പ്പെടാൻ സാധിക്കും. സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നതിലും വിശ്വാസ്യത വർധിപ്പിക്കുന്നതിലും അൽഹിന്ദ് വലിയ പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കാലത്തിന്റെ മാറ്റം ഉൾക്കൊണ്ടുകൊണ്ടാണ് അൽഹിന്ദിന്റെ ഓരോ പ്രവർത്തനവും.

വിദേശപഠനം ഈസിയാക്കാം

വിദേശപഠനം എളുപ്പമാക്കാൻ അൽഹിന്ദ് ആരംഭിച്ച പുതിയ സംരംഭമാണ് സ്റ്റഡി എബ്രോഡ്. കൂടുതൽ കുട്ടികൾ പഠനാവശ്യത്തിനായി ഈ സേവനം ഉപയോ​ഗപ്പെടുത്തുന്നുണ്ട്. യു.കെ, റഷ്യ, ആസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ പഠനത്തിനാണ് വിദ്യാർഥികൾ കൂടുതലും സ്റ്റഡി എബ്രോഡിനെ ആശ്രയിക്കുന്നത്. അൽഹിന്ദിൽ ഒരു വിഭാഗംതന്നെ സ്റ്റഡി എബ്രോഡിനായി പ്രവർത്തിച്ചുവരുന്നുണ്ട്. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ സ്റ്റഡി എബ്രോഡ് പ്രവർത്തിക്കുന്നു. മാത്രമല്ല, ഏവിയേഷൻ അക്കാദമിയും അൽഹിന്ദിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. ആയിരത്തോളം കുട്ടിക​ൾ അവിടെ പഠിക്കുന്നുണ്ട്. ഇവിടെ പഠിച്ച 20,000ത്തോളം പേർ ഇന്ത്യക്കകത്തും പുറത്തുമായി ഈ മേഖലയിൽ ജോലിചെയ്യുന്നുണ്ടെന്നതാണ് അൽഹിന്ദിന്റെ മറ്റൊരു അഭിമാനം. ഇതിലൂടെ ഇരുപതിനായിരം കുടുംബങ്ങൾക്കുകൂടിയാണ് അൽഹിന്ദ് തണലേകുന്നത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംരംഭംകൂടിയാണ് അൽഹിന്ദിന്റെ സ്റ്റഡി എബ്രോഡ് അക്കാദമി.

 ചെയർമാൻ ടി. മുഹമ്മദ് ഹാരിസ്

അൽഹിന്ദിന്റെ തണൽ

അൽഹിന്ദിന് ലഭിക്കുന്ന വരുമാനത്തിന്റെ വലിയൊരു പങ്ക് ചാരിറ്റി പ്രവർത്തനങ്ങൾക്കായാണ് മാറ്റിവെക്കുന്നത്. ലാഭം മാത്രം ലക്ഷ്യംവെച്ചുകൊണ്ടുള്ളതല്ല അൽഹിന്ദിന്റെ പ്രവർത്തനങ്ങളൊന്നും. അൽഹിന്ദ് ചാരിറ്റബ്ൾ ഫൗണ്ടേഷൻ വഴിയാണ് പ്രവർത്തനങ്ങൾ. വീട് നിർമാണം, ചികിത്സ-പഠന സഹായം തുടങ്ങിയവ ഇതുവഴി നൽകിവരുന്നു. ജീവനക്കാർ വഴിയാണ് ആനുകൂല്യത്തിന് അർഹരായവരെ കണ്ടെത്തുന്നത്. എല്ലാ ജീവനക്കാരും ചാരിറ്റി പ്രവർത്തനങ്ങളിൽകൂടി പങ്കാളികളാകണമെന്ന അൽഹിന്ദിന്റെ താൽപര്യം കൂടിയാണ് ഇതുവഴി നടപ്പാക്കുന്നത്. അൽഹിന്ദ് ഉച്ചഭക്ഷണ പദ്ധതിയാണ് മറ്റൊരു പ്രവർത്തനം. പത്തിലധികം വർഷമായി 200ഓളം പേർക്ക് ഇതുവഴി സൗജന്യമായി ഉച്ചഭക്ഷണം നൽകിവരുന്നു. ചാരിറ്റി നിർബന്ധമായും ചെയ്യേണ്ട ഒന്നാണെന്നാണ് അൽഹിന്ദിന്റെ കാഴ്ചപ്പാട്. അതിനെ ഒരു തരത്തിലും പരസ്യത്തിനോ മറ്റ് ആവശ്യങ്ങൾക്കായോ ഉപയോഗിക്കാറുമില്ല.

കോവിഡ് കാലത്തെ കരുതൽ

കോവിഡിന്റെ സമയത്ത് മറ്റ് ട്രാവൽ ഏജൻസികളെല്ലാം അടച്ചുപൂട്ടിയപ്പോൾ 300ഓളം വിമാനങ്ങൾ ചാർട്ട് ചെയ്ത് യാത്രക്കാരെ കേരളത്തിലേക്കെത്തിക്കാനും ഇവിടെനിന്ന് പുറ​ത്തേക്ക് എത്തിക്കാനും മുൻകൈയെടുത്തത് അൽഹിന്ദ് ആയിരുന്നു. യു.എ.ഇയിൽ നിന്നുമാത്രം 180 വിമാന സർവിസുകൾ അത്തരത്തിൽ നടത്തി. ഏതു പ്രതിസന്ധിഘട്ടത്തിലും ഉത്തരവാദിത്തം നിറവേറ്റുക എന്ന ഉദ്യമം കൂടി ഏറ്റെടുത്തായിരുന്നു ആ ​പ്രവർത്തനം. ക്വാറൻറീൻ പാക്കേജ് ഉൾപ്പെടെ നൽകി അന്ന് അൽഹിന്ദ്. ജനങ്ങൾക്ക് ആവശ്യമുള്ള സമയത്ത് ആവശ്യമുള്ള പാക്കേജുകൾ നൽകുക എന്ന ലക്ഷ്യം പ്രാവർത്തികമാക്കുക കൂടിയായിരുന്നു ഇതിലൂടെ.

അൽഹിന്ദ് ഗ്രൂപ് ഓഫ് കമ്പനീസ്

ഏറ്റവും കുറഞ്ഞ നിരക്കിൽ വിദേശ കറൻസി നൽകുന്ന സ്ഥാപനമാണ് അൽഹിന്ദ് മണി എക്സ്ചേഞ്ച്. ഗവൺമെന്റ് ക്വോട്ടയിൽ ഹജ്ജിന് പോകുന്നവർക്കെല്ലാം വളരെ കുറഞ്ഞ നിരക്കിലാണ് ഫോറിൻ കറൻസികൾ ലഭ്യമാക്കുന്നത്. അൽഹിന്ദ് അക്കാദമി, എക്സ്ചേഞ്ച്, ഫോറിൻ, കാർഗോ, അറ്റസ്റ്റേഷൻ തുടങ്ങിയവയെല്ലാം അൽഹിന്ദിന്റെ പ്രവർത്തന മേഖലകളാണ്. ഇന്ത്യയിൽ വെറും നാലു കമ്പനികൾക്ക് മാത്രമാണ് അറ്റസ്റ്റേഷന് കേന്ദ്രസർക്കാറിന്റെ അനുമതിയുള്ളത്. അതിലൊന്നാണ് അൽഹിന്ദ്.

യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്ന യാത്രാ സേവന സംവിധാനമായ അൽഹിന്ദ് ഡോട് കോം (alhind.com), അൽഹിന്ദ് ഹോളിഡേയ്സ്, അൽഹിന്ദ് എം.ഇ.എ അറ്റസ്റ്റേഷൻ ആൻഡ് അപ്പോസ്റ്റിൽ, അൽഹിന്ദ് ഹജ്ജ്-ഉംറ, അൽഹിന്ദ് ബസ് ഡോട് കോം, അൽഹിന്ദ് എക്സ്ചേഞ്ച്, ധൻഹിന്ദ്, അൽഹിന്ദ് ചാരിറ്റബ്ൾ ഫൗണ്ടേഷൻ, അൽഹിന്ദ് അക്വ, അൽഹിന്ദ് വിസ സർവിസ്, അൽ ഹിന്ദ് അറ്റസ്റ്റേഷൻ ഡോട് കോം, അൽഹിന്ദ് ഗ്ലോബൽ വിസ സർവിസ്, അൽഹിന്ദ് കാലിക്കറ്റ് ടവർ, അൽ ഹിന്ദ് കാർസ് ആൻഡ് കോച്ചസ്, അൽഹിന്ദ് ജോബ്സ്, അൽഹിന്ദ് അക്കാദമി ഓഫ് ഏവിയേഷൻ ആൻഡ് ടൂറിസം, അൽ ഹിന്ദ് സ്റ്റഡി അബ്രോഡ് തുടങ്ങിയവ അൽഹിന്ദ് ഗ്രൂപ് ഓഫ് കമ്പനീസിന്റെ സംരംഭങ്ങളാണ്. 

Tags:    
News Summary - Alhind Group Of Companies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.