നിക്ഷേപം പേപ്പര്‍ രഹിതമാക്കാം; ഇ–കെ.വൈ.സി ആധാര്‍ വഴി

മുംബൈ: ബാങ്ക് അക്കൗണ്ട് തുറക്കാനും മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനും വായ്പക്കും തുടങ്ങി എന്തിനും ആവശ്യമുള്ള, ഉപഭോക്താവിനെ അറിയല്‍ (കെ.വൈ.സി) രേഖ സമര്‍പ്പണം ഇനി കൂടുതല്‍ സുഗമം. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച ഇലക്ട്രോണിക് കെ.വൈ.സിക്ക് വഴിയൊരുങ്ങിയതോടെയാണിത്. അംഗീകൃത സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ആധാര്‍ സ്ഥിതിവിവര ശേഖരം ഉപയോഗിക്കാന്‍ യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) നല്‍കിയ അനുമതി പ്രയോജനപ്പെടുത്താന്‍ സ്ഥാപനങ്ങള്‍ മുന്നോട്ടു വന്നുതുടങ്ങിയതാണ് നടപടിക്രമങ്ങള്‍ ലളിതമാക്കുന്നത്. 
ബ്രോക്കറേജ് സ്ഥാപനമായ മോട്ടിലാല്‍ ഓസ്വാളാണ് ആദ്യമായി ഈ സൗകര്യം ലഭ്യമാക്കിയത്. ബാങ്കുകളും ഓഹരി ദല്ലാളന്മാരുമുള്‍പ്പെടെ കൂടുതല്‍ സ്ഥാപനങ്ങള്‍ വരുംദിവസങ്ങളില്‍ സൗകര്യം പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷ. സമ്പൂര്‍ണ പേപ്പര്‍ രഹിത, ഡീമാറ്റ് അക്കൗണ്ട് സൗകര്യമാണ് മോട്ടിലാല്‍ ഓസ്വാള്‍ ഒരുക്കിയത്. ആധാര്‍ കാര്‍ഡുള്ള ആര്‍ക്കും വെറും 15 മിനിറ്റുകൊണ്ട് യാതൊരു പേപ്പര്‍ ജോലികളുമില്ലാതെ ഡീമാറ്റ് അക്കൗണ്ട് തുറക്കാമെന്നാണ് ഇവരുടെ വാഗ്ദനം. ഓണ്‍ലൈനായി ആധാര്‍ നമ്പറുള്‍പ്പെടെ വിവരങ്ങള്‍ നല്‍കിയാല്‍ യു.ഐ.ഡി.എ.ഐക്ക് വിവരങ്ങള്‍ ലഭ്യമാക്കാനുള്ള സന്ദേശം ലഭിക്കും. ഇതനുസരിച്ച് ആധാറുമായി ബന്ധപ്പെടുത്തിയ മൊബൈല്‍ നമ്പറിലേക്ക് ഒറ്റത്തവണ പാസ്വേര്‍ഡ് ലഭിക്കും. ഇത് ഓണ്‍ലൈന്‍ അപേക്ഷക്കൊപ്പം ചേര്‍ത്താല്‍ മാത്രം മതിയാവും. അതേസമയം, ഇടപാടുകള്‍ നടത്തണമെങ്കില്‍, ഓഹരിയിടപാടാണെങ്കില്‍ പാന്‍ കാര്‍ഡിന്‍െറയും റദ്ദാക്കിയ ചെക്കിന്‍െറയും കോപ്പികളും ഫ്യൂച്വര്‍ ആന്‍ഡ് ഓപ്ഷന്‍ വിഭാഗത്തിലാണെങ്കില്‍ ആദായനികുതി റിട്ടേണിന്‍െറ കോപ്പിയും അപ്ലോഡ് ചെയ്യേണ്ടിവരും. നിലവില്‍ കെ.വൈ.സിക്കായി മേല്‍വിലാസം, ജനനത്തീയതി ഉള്‍പ്പെടെ വിവരങ്ങള്‍ക്ക് രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഇതെല്ലാം ആധാര്‍ വിവര ശേഖരത്തില്‍നിന്ന് പങ്കിടുന്നതു വഴി കാലതാമസവും ആവര്‍ത്തിച്ചുള്ള സമര്‍പ്പണങ്ങളും ഒഴിവാക്കാനാവും. ആക്സിസ് ബാങ്കും ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. ഏതെങ്കിലും ബ്രാഞ്ചിലോ കിയോസ്കിലോ എത്തി ആധാര്‍ നമ്പര്‍ മാത്രം നല്‍കിയാല്‍ അക്കൗണ്ട് തുറക്കാനാവശ്യമായ വിവരങ്ങള്‍ ആധാറില്‍നിന്ന് ബാങ്ക് ലഭ്യമാക്കും.  ബാങ്ക് ബസാര്‍ ഉള്‍പ്പെടെ കൂടുതല്‍ ഓണ്‍ലൈന്‍ സേവന ദാതാക്കളും ഈ വഴിയിലേക്ക് തിരിയുമെന്നാണ് സൂചന. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.