ലോകത്തിലെ ഏറ്റവും വലിയ മാളുകളിലൊന്നായ ദുബൈ മാൾ സ്ഥിതി ചെയ്യുന്ന രാജ്യമാണ് യു.എ.ഇ. ആഗോള വ്യവസായിക ഭീമൻമാരിൽ പലർക്കും യു.എ.ഇയിൽ മാളുകളുണ്ട്. ഷോപ്പിങ്ങിന് മാത്രമല്ല ഇപ്പോൾ മാളുകൾ പ്രാധാന്യം നൽകുന്നത്. കുടുംബവും സുഹൃത്തുക്കളുമൊത്ത് ഉല്ലസിക്കാവുന്ന കേന്ദ്രങ്ങൾ കൂടിയാണ് മാളുകൾ. വിശാലമായി നീണ്ടു നിവർന്ന് കിടക്കുന്നതിനാൽ മാളുകളിലെത്തുന്നവരിൽ പലരും സുപ്രധാന വിനോദ കേന്ദ്രങ്ങൾ സന്ദർശിക്കാറില്ല. യു.എ.ഇയിലെ മാളുകളിലെ അഞ്ച് പ്രധാന കാഴ്ചകൾ ഏതൊക്കെയാണെന്ന് നോക്കാം.
ദുബൈ മാളിലെത്തുന്നവർ ഒരിക്കലും കാണാതെ പോകരുത് ഇവിടെയുള്ള അക്വേറിയവും അണ്ടർ വാട്ടർ സൂവും. ഉള്ളിൽ കയറാൻ സാമ്പത്തിക ബുദ്ധിമുട്ടുള്ളവർ പുറത്തുനിന്നെങ്കിലും കാണേണ്ട കാഴ്ചയാണ് അക്വേറിയം. 140ൽ പരം സമുദ്ര ജീവികളാണ് ഇവിടെയുള്ളത്. 400ലേറെ സ്രാവുകളുണ്ട്. ദുബൈ മാളിൽ എത്തുന്നവരിൽ ഇതിന് മുന്നിൽ നിന്ന് സെൽഫിയെടുക്കാത്തവർ വിരളമായിരിക്കും. ഇതുവരെ കാണാത്ത മത്സ്യങ്ങളുടെ കൂട്ടം ഇവിടെ കാണാൻ കഴിയും. പുറത്തെ കാഴ്ചകൾ ഇതാണെങ്കിൽ അകത്തുകയറുന്നവരെ കാത്തിരിക്കുന്നത് വിസ്മയ ലോകമാണ്. കടലിനടിയിലൂടെയുള്ള യാത്രക്ക് സമാനമാണ് ഇതിനുള്ളിലെ അനുഭവങ്ങൾ. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെ പ്രവേശിക്കാം.
169 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. ഇതിന് മുന്നിലുള്ള കൗണ്ടറിൽ നിന്ന് ടിക്കറ്റെടുക്കാം. വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 12 വരെ തുറന്നിരിക്കും.
അമ്യൂസ്മെന്റ് പാർക്കുകളിൽ ട്രെയിൻ പോലെ കുതിച്ചുപായുന്ന റോളർ കോസ്റ്ററുകളുണ്ട്. പാമ്പിനെ പോലെ ഇഴഞ്ഞുനീങ്ങുന്ന ഇവയിൽ കയറാൻ പലർക്കും ഭയമാണ്. ചാഞ്ഞും ചരിഞ്ഞും തലകുത്തിയും പായുന്ന റോളർ കോസ്റ്ററുകൾ അമ്യൂസ്മെന്റ് പാർക്കുകളിൽ മാത്രമല്ല, ദുബൈ ഹിൽസ് മാളിലുമുണ്ട്. ലോകത്തിലെ ഏറ്റവും വേഗമേറിയ ഇൻഡോർ റോളർ കോസ്റ്ററാണ് ദുബൈ ഹിൽസ് മാളിലുള്ളത്. കഴിഞ്ഞയാഴ്ചയാണ് ഇത് തുറന്നത്. ഒരു റൈഡ് രണ്ട് മിനിറ്റിലേറെ നീണ്ടുനിൽക്കും. സ്റ്റോം കോസ്റ്റർ എന്നാണ് പേരിട്ടിരിക്കുന്നത്.
ടിക്കറ്റും സമയവും: കുത്തനെയുള്ള ഇറക്കങ്ങളിലൂടെയും കയറ്റങ്ങളിലൂടെയും കുതിച്ചുപായുന്ന റോളർ കോസ്റ്റിൽ കയറണമെങ്കിൽ 45 ദിർഹം നൽകണം. രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെ പ്രവർത്തിക്കും.
വാട്ടർ തീം പാർക്കുകളിലെ കുഴലുകളിലൂടെ സഞ്ചരിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. പാർക്കുകളുടെ മുകളിൽ നിന്ന് തെന്നിക്കറങ്ങി താഴെയെത്തുന്ന ൈസ്ലഡുകളിലെ യാത്ര ഹരം തന്നെയാണ്. എന്നാൽ, മാളുകളുടെ മുകളിൽ നിന്ന് കറങ്ങിത്തിരിഞ്ഞ് താഴെയെത്തുന്ന വെലോസിറ്റി ൈസ്ലഡുകൾ കണ്ടിട്ടുണ്ടോ. അബൂദബി വേൾഡ് ട്രേഡ് സെന്ററിലാണ് ഇത്തരം ൈസ്ലഡ് ഒരുക്കിയിരിക്കുന്നത്. ഏറ്റവും നീളമുള്ളതും ഉയരം കൂടിയതുമായ ഇൻഡോർ ൈസ്ലഡുകളിൽ ഒന്നാണിത്. പുറംചട്ട ഗ്ലാസ് നിർമിതമായതിനാൽ പുറംഭാഗങ്ങൾ കണ്ടുകൊണ്ടാണ് ൈസ്ലഡിലെ യാത്ര. ഇതിനുള്ളിൽ വിവിധ നിറത്തിലുള്ള ലൈറ്റുകളുമുണ്ട്.
ടിക്കറ്റും സമയവും: ഒരു റൗണ്ട് കറങ്ങുന്നതിന് 15 ദിർഹമാണ് നിരക്ക്. 25 ദിർഹം നൽകിയാൽ രണ്ട് റൗണ്ട് കറങ്ങാം. എല്ലാ ദിവസവും പ്രവർത്തിക്കും.
ഉള്ളിൽ ചെറിയ സാഹസികതയുള്ളവർക്ക് പോലും മലകയറാൻ ഇഷ്ടമായിരിക്കും. കുമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു തന്നെ ഉദാഹരണം. കുഞ്ഞുകുട്ടികൾക്ക് മലകയറാൻ പഠിക്കണമെങ്കിൽ യു.എ.ഇയിലെ വിവിധ മാളുകളിൽ അവസരമുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അബൂദബി യാസ് മാളിലെ ക്ലിംബ് അബൂദബി. ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ സ്കൈഡൈവിങ് ചേംബറും മേഖലയിലെ ഏറ്റവും ഉയരമുള്ള ക്ലിംബിങ് മതിലും ഇവിടെയാണുള്ളത്. വിവിധ ഉയരത്തിലും നീളത്തിലുമുള്ള അഞ്ച് ക്ലിമ്പിങ് മതിലുകളാണ് ഇവിടെയുള്ളത്. 42 മീറ്റർ ഉയരമുള്ള സമ്മൈറ്റ് ആണ് ഏറ്റവും കഠിനം. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്ക് മലകയറ്റം പഠിക്കാൻ ഈ മതിലുകൾ ഉപകരിക്കും.
ടിക്കറ്റും സമയവും: ബുധൻ മുതൽ ഞായർ വരെ ഉച്ച മുതൽ രാത്രി ഒമ്പത് വരെയാണ് പ്രവർത്തനം. പകുതി ദിവസത്തേക്കുള്ള പാസിന് 100 ദിർഹമാണ് ടിക്കറ്റ് നിരക്ക്.
മിഡ്ൽ ഈസ്റ്റിലെ ആദ്യത്തെ ഇൻഡോർ സ്കൈ റിസോർട്ടാണ് എമിറേറ്റ്സ് മാളിലെ സ്കി ദുബൈ. 2005ലാണ് ഇത് തുടങ്ങിയത്. മാളിനുള്ളിലെ മഞ്ഞിൽ തെന്നിക്കറങ്ങാനും ആസ്വദിക്കാനും വഴിയൊരുക്കുന്നതാണ് സ്കി ദുബൈ. അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് സ്കി ദുബൈയുടെ പ്രവർത്തനം. മഞ്ഞിൽ സ്കേറ്റിങ് ആഗ്രഹിക്കുന്നവർക്ക് കശ്മീരിലോ സ്വിറ്റ്സർലാൻഡിലോ പോകാതെ മാളിനുള്ളിൽ തന്നെ സ്കേറ്റിങ് പരിശീലിക്കാം. എല്ലാ വർഷവും രാജ്യാന്തര ചാമ്പ്യൻഷിപ്പുകളും ഇവിടെ നടക്കാറുണ്ട്. ക്രിസ്മസ് സമയങ്ങളിൽ ബത്ലഹേമിന്റെ പുനസൃഷ്ടിയും ഇവിടെ കാണാം. പൂജ്യം ഡിഗ്രി സെൽഷ്യസിൽ ചായയും കുടിച്ച് സിനിമ കാണാനുള്ള 'സ്നോ സിനിമയും' ഒരുക്കിയിരിക്കുന്നു.
ടിക്കറ്റും സമയവും: ദിവസവും രാവിലെ പത്ത് മുതൽ രാത്രി 12 വരെ പ്രവർത്തിക്കും. സ്നോ സിനിമയിൽ പ്രവേശിച്ച് സിനിമ കാണണമെങ്കിൽ രണ്ട് പേർക്ക് 200 ദിർഹമാണ് ടിക്കറ്റ് നിരക്ക്. മഞ്ഞിൽ തെന്നിനടക്കാൻ രണ്ട് മണിക്കൂറിന് 220 ദിർഹമാണ് രണ്ട് പേർക്കുള്ള ടിക്കറ്റ് നിരക്ക്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.