മുംബൈ: ഓൺലൈൻ ഭക്ഷണ വിതരണ ഭീമൻമാരായ സൊമാറ്റോയുടെ സഹസ്ഥാപകനും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായ ഗൗരവ് ഗുപ്ത രാജിവെച്ചു. സൊമാറ്റോയുമായുള്ള ആറുവർഷത്തെ ബന്ധം അവസാനിപ്പിച്ചാണ് ഗൗരവ് ഗുപ്തയുടെ പടിയിറക്കം.
സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയലുമായുണ്ടായ തർക്കത്തിന് പിന്നാലെ ഗൗരവ് കമ്പനി വിടുമെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. എന്നാൽ, കമ്പനിയിൽനിന്ന് പുറത്തുപോകാനുള്ള യഥാർഥ കാരണം വ്യക്തമല്ല.
സൊമാറ്റോയുടെ സപ്ലൈ തലവനായിരുന്ന ഗൗരവ് കമ്പനിക്ക് അയച്ച മെയിലിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നു. ആറുവർഷത്തെ ബന്ധം ഉപേക്ഷിച്ച് പുതിയ അധ്യായം ആരംഭിക്കാൻ പോകുന്നുവെന്നായിരുന്നു സന്ദേശം.
ഗുപ്തയുടെ നേതൃത്വത്തിൽ തുടക്കമിട്ട സൊമാറ്റോയുടെ പലചരക്കു സാധനങ്ങൾ, ന്യൂട്രാസ്യൂട്ടിക്കൽ തുടങ്ങിയവയുടെ വിതരണ മേഖല പച്ചപിടിച്ചിരുന്നില്ല. തുടർന്ന് ഇവ നിർത്തലാക്കുകയും ചെയ്തിരുന്നു. കമ്പനി വിദേശത്തേക്ക് വ്യാപിപ്പിക്കാനുള്ള ഗുപ്തയുടെ നീക്കവും പരാജയമായിരുന്നു.
2015ലാണ് ഗുപ്ത സൊമാറ്റോയുടെ ഭാഗമാകുന്നത്. 2018ൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി. സൊമാറ്റോയുടെ ഐ.പി.ഒയിൽ പ്രധാനമുഖമായിരുന്നു ഗുപ്ത. മാധ്യമങ്ങളുമായും നിക്ഷേപകരുമായുമുള്ള ചർച്ചകൾക്ക് അദ്ദേഹം നേതൃത്വം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.