കക്കോടി: നീറ്റ് പരീക്ഷയിൽ 193ാം റാങ്കും ഒ.ബിസിയിൽ 37ാം റാങ്കും നേടിയ കക്കോടി കപ്പറമ്പത്ത് കെ.പി. സലീമിെൻറ മകളായ ആയിഷയുടെ റാങ്കിെൻറ തിളക്കത്തിനു പിന്നിൽ പ്രതിസന്ധികളുടെ കഥകളേറെയാണ്.
നഗരത്തിലെ ഓട്ടോഡ്രൈവറായിരുന്നു പിതാവ് സലിം. 10ാം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ മകളെ പ്ലസ് വണിന് ചേർത്തതിനൊപ്പം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴും ബാലുശ്ശേരിയിലെ കാറ്റലിസ്റ്റിൽ ട്യൂഷനും ചേർത്തു.
സ്ഥാപനത്തിലെ പരീക്ഷയെഴുതി സ്വർണ മെഡലും പകുതി ഫീസിളവും നേടിയത് ഏറെ ആശ്വാസമായി. ആദ്യ വർഷം വലിയ അലട്ടലില്ലാെത ആയിഷ പഠനം തുടർന്നെങ്കിലും പ്ലസ് ടുവിന് ഫീസ് നൽകാനില്ലാത്തതിനാൽ ട്യൂഷൻ നിർത്തി.
ഇതറിഞ്ഞതോടെ ആയിഷക്ക് ഫീസില്ലാതെ പരിശീലനം നൽകാൻ അധ്യാപകൻ റുബീഷ് തയാറായതായി ആയിഷ പറയുന്നു. പ്ലസ് ടു പരീക്ഷയിൽ 1200ൽ 1182 മാർക്ക് വാങ്ങിയ ആയിഷയോട് നീറ്റ് പരീക്ഷയെഴുതാൻ റുബീഷാണ് നിർബന്ധിച്ചത്.
ഡോക്ടർ ആകണമെന്ന ചിന്തമനസ്സിൽ പോലും ഇല്ലാത്ത തനിക്ക് സൗജന്യ പരിശീലനം തന്ന് മഹാമനസ്കത കാട്ടിയ അധ്യാപകനാണ് എല്ലാറ്റിനും കാരണമെന്ന് ആയിഷയും മാതാവ് സുലൈഖയും പറയുന്നു.
ഓട്ടോ പണി കുറഞ്ഞതോടെ സലിം ഇപ്പോൾ കൽപ്പണി ചെയ്യുകയാണ്. ആത്മവിശ്വാസമില്ലാത്തതിനാൽ ആദ്യവർഷം നീറ്റ് പരീക്ഷയെഴുതിയിരുന്നില്ല. പിന്നീട് പരീക്ഷയെഴുതിയപ്പോൾ പ്രതീക്ഷയുണ്ടായി.വാടക വീട്ടിൽ കഴിഞ്ഞ കുടുംബം വായ്പയെടുത്ത് അഞ്ച് സെൻറിൽ വീട് വെച്ചു. കടബാധ്യത ഒരുവിധം തീർത്തു വരുന്നേയുള്ളൂ.
അധ്യാപികയാകണമെന്നായിരുന്നു 10ാം ക്ലാസ് വരെ. ഇപ്പോൾ ഒന്നു മാത്രം; ഡോക്ടറാകണം. പാവങ്ങളെ സേവിക്കാനുള്ള ഒരു വിലയുള്ള ജോലിക്കായി പഠനം തുടരുമെന്ന് ആയിഷ പറയുന്നു. പ്ലസ് ടു പഠിച്ച ചേളന്നൂർ എ.കെ.കെ. ആർ സ്കൂളിലെ അധ്യാപകരുടെ സേവനത്തെയും ആയിഷ ഏറെ വിലമതിക്കുന്നു. കോഴിക്കോട് മെഡിക്കൽകോളജിൽ പഠിക്കാനാണ് ആയിഷയുടെ ആഗ്രഹം.
കമ്പ്യൂട്ടർ ഡിപ്ലോമക്ക് പഠിക്കുന്ന സഹോദരൻ കെ.പി. അസ്ലം പിതാവിന് ചെറു സഹായമെങ്കിലും നൽകാൻ ഓൺലൈൻ സർവിസിെൻറ ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.