തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ അധ്യാപക നിയമനത്തിനുള്ള ചുരുങ്ങിയ യോഗ്യത പ്ലസ് ടു എന്നത് ബിരുദമാക്കി ഉയർത്തുന്നു. സർക്കാർ നിയോഗിച്ച വിദഗ്ദസമിതി സമർപ്പിച്ച കരട് സ്പെഷൽ റൂൾസ് ഉൾപ്പെടെയുള്ള സമഗ്ര റിപ്പോർട്ട് നടപ്പാക്കുന്നതിനുള്ള നടപടി വിദ്യാഭ്യാസ വകുപ്പ് തുടങ്ങി.
എട്ടാംതരം മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം ഏകീകരിക്കുകയും ഈ ക്ലാസുകളിലേക്കുള്ള അധ്യാപക യോഗ്യത ബിരുദാനന്തര ബിരുദം (പി.ജി) ആക്കി മാറ്റാനും സമിതി സർക്കാറിന് സമർപ്പിച്ച കരട് സ്പെഷൽ റൂൾസിൽ വ്യവസ്ഥ ചെയ്യുന്നു. അഞ്ച് മുതൽ ഏഴ് വരെ ക്ലാസുകളിലെ അധ്യാപക യോഗ്യത ബിരുദമായി ഉയർത്തും.
2030 മുതൽ ഇൗ ക്ലാസുകളിലെ അധ്യാപക നിയമനം വിഷയാധിഷ്ഠിതമാവണം. ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലെ നിയമന യോഗ്യത 2030 ജൂൺ ഒന്ന് വരെ നിലവിലുള്ള പ്ലസ് ടുവും ഡി.എൽ.എഡും തുടരാം. 2030 മുതൽ ഇവർക്കും ബിരുദവും പ്രഫഷനൽ യോഗ്യതയും വേണം. ഭാഷാധ്യാപക നിയമനത്തിന് ബിരുദം/ബിരുദാനന്തര ബിരുദം യോഗ്യതയാക്കണം. അതത് ഭാഷകളിൽ ബി.എഡും നേടണം.
യോഗ്യതയിൽ ഇതുവരെ നൽകിയ ഇളവുകൾ ഇനി നൽകേണ്ട. സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഏകീകരണം സംബന്ധിച്ച് ഡോ.എം.എ. ഖാദർ അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കുന്നതിന് ആവശ്യമായ സമഗ്രമായ റിപ്പോർട്ട് തയാറാക്കാൻ പിന്നീട് സർക്കാർ വിദഗ്ദസമിതിയെ നിയോഗിച്ചിരുന്നു.
നിയമവകുപ്പിലെ റിട്ട. സ്പെഷൽ സെക്രട്ടറി ജി. ജ്യോതി ചൂഡൻ, ഡോ. സി. രാമകൃഷ്ണൻ, കെ.സി. ഹരികൃഷ്ണൻ, സി.പി. പത്മരാജ്, ആർ. മുരളീധരൻ പിള്ള എന്നിവരടങ്ങിയ സമിതി കരട് സ്പെഷൽ റൂൾസ് സഹിതം സമർപ്പിച്ച റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പ് പരിശോധിച്ചുവരികയാണ്. ഏകീകരണം അടുത്ത അധ്യയനവർഷം മുതൽ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.