ദോഹ: നിർമാണമേഖലയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്ലംബർമാർക്കും ഇലക്ട്രീഷ്യന്മാർക്കും ലൈസൻസ് ഏർപ്പെടുത്തി ഖത്തർ. വൈദ്യുതി, ജലവിഭവ കോർപറേഷനായ ‘കഹ്റാമ’യാണ് കരാറുകാരുടെയും വിദഗ്ധ തൊഴിലാളികളുടെയും സേവനം നിയമാനുസൃതമാക്കുന്നതിന്റെ ഭാഗമായി പരീക്ഷയും ലൈസൻസും ഉൾപ്പെടെ നടപ്പാക്കുന്നത്. പുതിയ തീരുമാനപ്രകാരം കോണ്ട്രാക്ടര്മാരും ഏതെങ്കിലും ഒരു കമ്പനിയില്‍ അല്ലാതെ സ്വതന്ത്രമായി ജോലി ചെയ്യുന്നവരും ലൈസന്‍സ് എടുക്കണമെന്നാണ് നിർദേശം. കോണ്‍ട്രാക്ടര്‍മാര്‍ക്ക് തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളുണ്ടാകും.
സ്വതന്ത്രമായി ജോലി ചെയ്യുന്നവര്‍ക്ക് മെയിന്റനന്‍സിനുള്ള ലൈസന്‍സ് മാത്രമാണ് നല്‍കുക. വൈദ്യുതി കണക്ഷന് നല്‍കാനോ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനോ ഇവര്‍ക്ക് അനുമതിയില്ല. പൊതുജനങ്ങള്‍ക്ക് ഇവരുടെ സേവനം ലഭ്യമാക്കുന്നതിനായി ലൈസന്‍സ് എടുക്കുന്നവരുടെ പട്ടിക കഹ്റമായുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ലൈസന്‍സ് ഉള്ളവരെ മാത്രം ഇത്തരം ജോലിക്ക് നിയോഗിക്കണമെന്ന് കഹ്റമാ ആവശ്യപ്പെട്ടു. ലൈസന്‍സിലുള്ള ക്യു.ആര് കോഡ് സ്കാന്‍ ചെയ്ത് ഇത് ഉറപ്പുവരുത്താം. പുതിയ തീരുമാനം ബുധനാഴ്ച പ്രാബല്യത്തില്‍ വന്നു.
ജല, വൈദ്യുതി കണക്ഷനുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന നിയമങ്ങളും ലൈസൻസുകൾ അനുവദിക്കുന്നതിനും പുതുക്കുന്നതിനുമുള്ള വ്യവസ്ഥകൾ പുനഃസ്ഥാപിച്ച് ഊർജകാര്യ സഹമന്ത്രി സഅദ് ഷെരീദ അൽ കഅ്ബി പുറത്തിറക്കിയ 2022ലെ മന്ത്രിതല പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വരുന്നത്.
പ്രത്യേക പരീക്ഷ പൂർത്തിയാക്കി ലൈസൻസ് നേടുന്ന ഇലക്ട്രീഷ്യന്മാർക്കും പ്ലംബർമാർക്കും ഇതുവഴി നിയമപരവും അംഗീകൃതവുമായ രീതിയിൽ പ്രവർത്തിക്കാൻ അനുവദിക്കുന്നതായി കഹ്റമാ അറിയിച്ചു.
പുതിയ തീരുമാനങ്ങളുടെ ഭാഗമായി, എല്ലാ ഉപഭോക്താക്കളും കെട്ടിട ഉടമകളും നിർബന്ധമായും ജല, വൈദ്യുതി കണക്ഷനുകൾക്കായി കോർപറേഷൻ അംഗീകാരം നൽകിയ കരാറുകാരുമായും വ്യക്തിഗത സാങ്കേതിക വിദഗ്ധരുമായും മാത്രമേ ഉപയോഗപ്പെടുത്താൻ പാടുള്ളൂവെന്നും കഹ്റമാ അറിയിച്ചു. കഹ്റമായുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഉയർന്ന നിലവാരത്തിലുള്ള വിശ്വാസ്യതയും ഗുണനിലവാരവും സേവനവും ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണിത്.
ജല, വൈദ്യുതി കണക്ഷൻ ജോലികളും സേവനങ്ങളിലുമേർപ്പെട്ട ജീവനക്കാരുടെയും പ്രഫഷനലുകളുടെയും ലൈസൻസ് പരിശോധിക്കാൻ എല്ലാ ഉപഭോക്താക്കൾക്കും കെട്ടിട ഉടമകൾക്കും അധികൃതർ അനുമതി നൽകി. ലൈസൻസ് കാർഡിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് ഉപഭോക്താക്കൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം.
കരാറുകാർക്കുള്ള നിയമപരവും തൊഴിൽപരവുമായ ബാധ്യതകളും കെട്ടിട ഉടമകൾക്കുള്ള ബാധ്യതകളും പുതിയ തീരുമാനത്തിൽ വിവരിക്കുന്നുണ്ട്. ലൈസൻസ് അപേക്ഷകളിൽ കൃത്യമായ വിവരങ്ങളും രേഖകളും നൽകൽ, കഹ്റമാ മുന്നോട്ടുവെച്ച അംഗീകൃത സുരക്ഷ മാനദണ്ഡങ്ങൾ, വൈദ്യുതി, ജല കണക്ഷൻ ചട്ടങ്ങൾ എന്നിവ ഉൾപ്പെടുന്ന ആവശ്യകതകൾ കരാറുകൾ പാലിച്ചിരിക്കണം. ഊർജ-ജല മേഖലകളിലെ എല്ലാ സംരംഭങ്ങളുടെയും സമഗ്രമായ നിയന്ത്രണം ഏർപ്പെടുത്തുന്ന സുപ്രധാന തീരുമാനത്തെ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് കഹ്റമാ പ്രസിഡന്റ് ഇസ്സ ബിൻ ഹിലാൽ അൽ കുവാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.