കോഴിക്കോട്: പഠന-പാഠ്യേതര മികവിന്റെയും സൗകര്യങ്ങളുടെയും അടിസ്ഥാനത്തിൽ സ്കൂളുകൾക്ക് ഗ്രേഡിങ് ഏർപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പരീക്ഷ സമ്പ്രദായത്തിൽ കാലോചിത മാറ്റങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ആഴ്ചവട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബി ഫണ്ടുപയോഗിച്ച് നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അക്കാദമിക മികവും പാഠ്യേതര രംഗത്തെ നേട്ടങ്ങളും അടിസ്ഥാന സൗകര്യങ്ങളിലെ മുൻതൂക്കവും അധ്യാപകരുടെ പ്രകടനവും അച്ചടക്കവും പരിഗണിച്ച് സ്കൂളുകൾക്ക് ഗ്രേഡ് നൽകുന്ന കാര്യം സർക്കാറിന്റെ സജീവ പരിഗണനയിലാണ്. അധ്യാപക സംഘടനകളോടും വിദ്യാഭ്യാസ വിദഗ്ധരോടും കൂടിയാലോചിച്ചാണ് ഗ്രേഡിങ് നടപ്പാക്കുക. കുറഞ്ഞ ഗ്രേഡ് കിട്ടുന്ന സ്കൂളുകൾ മികച്ച ഗ്രേഡ് കിട്ടാനായി പരിശ്രമിക്കുമ്പോൾ വിദ്യാഭ്യാസ രംഗത്ത് ആരോഗ്യകരമായ മത്സരമുണ്ടാകും.
പരീക്ഷ സമ്പ്രദായത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നത് പരിഗണനയിലാണ് -ശിവൻകുട്ടി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നിലവാര സൂചികയിൽ കേരളം ഏറ്റവും പുതിയ റിപ്പോർട്ടിലും മുന്നിലാണ്. അത് യാദൃച്ഛികമായി സംഭവിച്ചതല്ല. ആസൂത്രണത്തോടെ കേരളം നടത്തിയ പരിശ്രമങ്ങളുടെ ഫലമാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.