തിരുവനന്തപുരം: കേന്ദ്രസർക്കാർ അംഗീകരിച്ച ദേശീയ വിദ്യാഭ്യാസനയം സാമൂഹികനീതിയും ഫെഡറലിസവും സംരക്ഷിക്കുന്നതിൽ പരാജയമാണെന്ന് കേരളം. ദേശീയ വിദ്യാഭ്യാസനയം സംബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പെങ്കടുത്ത യോഗത്തിലാണ് സംസ്ഥാനത്തിെൻറ വിമർശനം.
വിദ്യാർഥി പ്രവേശനം, അധ്യാപക നിയമനം എന്നിവയിൽ സംവരണനയങ്ങളോട് വിദ്യാഭ്യാസനയം പ്രതിബദ്ധത പുലർത്തുന്നില്ലെന്ന് സംസ്ഥാന നിലപാട് വിശദീകരിച്ച മന്ത്രി ഡോ.കെ.ടി. ജലീൽ പറഞ്ഞു. ഉന്നതവിദ്യാഭ്യാസമേഖലയിൽ മെറിറ്റ്, സംവരണം, എല്ലാവർക്കും പ്രാപ്യത, സമത്വം, ഫെഡറലിസം എന്നിവക്കാണ് കേരളം നിലകൊള്ളുന്നത്. അഫിലിയേറ്റിങ് സമ്പ്രദായം അവസാനിപ്പിച്ച് കോളജുകളെ സ്വയംഭരണാവകാശമുള്ള ബിരുദം നൽകുന്ന സ്ഥാപനങ്ങളാക്കാനുള്ള നിർദേശം രാജ്യത്ത് അക്കാദമിക കുഴപ്പങ്ങൾ സൃഷ്ടിക്കും. മിക്ക കോളജുകളും സംസ്ഥാന സർവകലാശാലകളുമായി അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്നവയാണ്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ദേശീയ ടെസ്റ്റിങ് ഏജൻസി വഴിയുള്ള പ്രവേശനപരീക്ഷ വഴിയാക്കാനുള്ള നിർദേശം വിദ്യാർഥികളിൽ സമ്മർദം ഒഴിവാക്കുമെങ്കിലും ആത്യന്തികമായി ഉന്നതവിദ്യാഭ്യാസം സാധാരണക്കാർക്കും പാർശ്വവത്കൃതർക്കും അപ്രാപ്യമാക്കും. കോഴ്സിൽ ഒന്നിലധികം പ്രവേശനം, ബഹു വൈജ്ഞാനിക വിഷയങ്ങൾ, ക്രെഡിറ്റ് ബാങ്കിങ്, ക്രെഡിറ്റ് ട്രാൻസ്ഫർ എന്നിവ സംബന്ധിച്ച നിർദേശങ്ങൾ നടപ്പാക്കുന്നതിന് പ്രായോഗിക തടസ്സങ്ങളുണ്ടാകും.
വിദ്യാഭ്യാസം കൺകറണ്ട് ലിസ്റ്റിലായിരിക്കെ, 34 വർഷത്തിനുശേഷം വരുന്ന പുതിയ വിദ്യാഭ്യാസനയം സംസ്ഥാനങ്ങളുമായോ പാർലമെൻറിലോ അർഥവത്തായ ചർച്ചയില്ലാതെയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. പക്ഷപാതപരമായ ഫണ്ടിങ്ങിന് പകരം സംസ്ഥാനങ്ങളുടെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഫണ്ടിങ്ങിന് കേന്ദ്ര സർക്കാർ തയാറാകണം. പുതിയ നയം ഏകീകൃതവത്കരണത്തിെൻറ പൊതുപ്രവണത നിർദേശിക്കുന്നു. ഇത് ഇന്ത്യൻ വിദ്യാഭ്യാസസമ്പ്രദായത്തിെൻറ പ്രാദേശിക ബഹുസ്വരത ഇല്ലാതാക്കും. മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറ (ജി.ഡി.പി) ആറ് ശതമാനം വിദ്യാഭ്യാസത്തിനായി വിനിയോഗിക്കാൻ കേന്ദ്ര സർക്കാർ തയാറാണെങ്കിൽ, അത് നിയമപ്രകാരം നിർബന്ധമാക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
മന്ത്രി ജലീലിന് പുറമെ സംസ്ഥാനത്തുനിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും യോഗത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.