തിരുവനന്തപുരം: എട്ടാം ക്ലാസ് വാർഷിക പരീക്ഷയിൽ 30 ശതമാനം മാർക്ക് ലഭിക്കാത്ത കുട്ടികൾക്ക് രണ്ടാഴ്ചത്തെ പഠന പിന്തുണ ഉറപ്പാക്കി ഏപ്രിൽ 25 മുതൽ 28 വരെ പുനഃപരീക്ഷ നടത്താൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യു.ഐ.പി യോഗം തീരുമാനിച്ചു. ഏപ്രിൽ 30ന് പുനഃപരീക്ഷ ഫലം പ്രസിദ്ധീകരിക്കും.
വാർഷിക പരീക്ഷ പേപ്പറുകൾ മൂല്യനിർണയം പൂർത്തിയാക്കി അധ്യാപകർ ഏപ്രിൽ നാലിനകം സ്കൂളിൽ ഏൽപ്പിക്കണം. 30 ശതമാനം മാർക്ക് നേടാത്ത കുട്ടികളുടെ പട്ടിക ഏപ്രിൽ അഞ്ചിന് തയാറാക്കണം. പഠന പിന്തുണ ഏതുരീതിയിൽ വേണമെന്ന് തീരുമാനിക്കാൻ അഞ്ചിന് തന്നെ സ്കൂൾ റിസോഴ്സ് ഗ്രൂപ് (എസ്.ആർ.ജി) ചേർന്ന് ആസൂത്രണം നടത്തണം. പഠന പിന്തുണയുടെ ആവശ്യകത ഏപ്രിൽ ആറ്, ഏഴ് തീയതികളിൽ രക്ഷാകർത്താവിനെ വിളിച്ചുവരുത്തി അറിയിക്കണം.
ഏപ്രിൽ എട്ട് മുതൽ 24 വരെ രാവിലെ 9.30 മുതൽ 12.30 വരെ പഠന പിന്തുണ ക്ലാസുകൾ നൽകണം. 30 ശതമാനം കിട്ടാത്ത വിഷയങ്ങളിലായിരിക്കും പഠന പിന്തുണ ക്ലാസുകൾ. അധ്യാപകരെയോ ഗെസ്റ്റ് അധ്യാപകരെയോ വിരമിച്ച അധ്യാപകരെയോ ഉപയോഗിച്ച് ക്ലാസ് നടത്താം. ക്ലാസുകൾക്ക് യുക്തമായ സമയം സ്കൂളുകൾക്ക് ക്രമീകരിക്കാം. ശാരീരിക വൈകല്യമുള്ള കുട്ടികളെ ക്ലാസുകളിൽനിന്ന് ഒഴിവാക്കാം.
പഠന പിന്തുണയും പുനഃപരീക്ഷയും നടത്തി മുഴുവൻ കുട്ടികൾക്കും ഒമ്പതാം ക്ലാസിലേക്ക് കയറ്റം നൽകും. മിനിമം മാർക്ക് ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് കുട്ടിയെ ബോധ്യപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പുനഃപരീക്ഷ. അടുത്ത വർഷം എട്ടിന് പുറമെ ഒമ്പതിലും 2026-27ൽ എസ്.എസ്.എൽ.സി പരീക്ഷയിലും മിനിമം മാർക്ക് രീതി കൊണ്ടുവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.