ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ വിദ്യാർഥികളിലേക്ക്

ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ വിദ്യാർഥികളിലേക്ക്

തിരുവനന്തപുരം: കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ വിദ്യാർഥികളിലേക്ക്. പരിഷ്കരിച്ച പത്താം ക്ലാസ് പാഠപുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിയമസഭയിലെ ചേoബറിൽ ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്ക് നൽകി നിർവഹിച്ചു.

പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ധനമന്ത്രി കെ.എൻ ബാലഗോപാൽ, പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ആർ.കെ. ജയപ്രകാശ്, എസ്.എസ്.കെ സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടർ ഡോ. സുപ്രിയ എ.ആർ, കെ.ബി.പി.എസ് എം.ഡി സുനിൽ ചാക്കോ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

സംസ്ഥാനത്തെ പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറിതലം വരെയുളള പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ എസ്.സി.ഇ.ആർ.ടി.യുടെ നേതൃത്വത്തിൽ പുരോഗമിച്ചുവരികയാണ്. ആദ്യഘട്ടത്തിൽ ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളുടെ പരിഷ്കരണം പൂർത്തീകരിച്ചു. ഹയർസെക്കൻഡറി പാഠപുസ്തകങ്ങളുടെ പരിഷ്കരണം അടുത്ത വർഷം നടക്കും.

ജനകീയ, വിദ്യാർഥി ചർച്ചകളുടെ ഭാഗമായി നാല് മേഖലയിൽ സ്കൂൾ വിദ്യാഭ്യാസം, പ്രീപ്രൈമറി വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, പാഠ്യപദ്ധതി ചട്ടക്കൂടുകൾ വികസിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പാഠപുസ്തകങ്ങൾ വികസിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഒന്ന്, മൂന്ന്. അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലായി 238 ടൈറ്റിൽ പാഠപുസ്തകങ്ങൾ തയാറാക്കുകയും സമയബന്ധിതമായി വിതരണം പൂർത്തീകരിക്കുകയും ചെയ്തു.

ഈ വർഷം രണ്ട്, നാല്, ആറ്, എട്ട്, 10 ക്ലാസുകളിലെ 205 ടൈറ്റിൽ പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു. അതിൽ പത്താം ക്ലാസിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട്അച്ചടി വേഗത്തിൽ പൂർത്തീകരിക്കുകയും വിതരണത്തിന് തയാറാക്കുകയും ചെയ്തു. ഈ വർഷം പരിഷ്കരണത്തിന്റെ ഭാഗമായി തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസത്തിനും, കലാവിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകുകയും ചെയ്തു. ഒന്ന്, രണ്ട് ക്ലാസുകളിൽ കുട്ടികളുടെ അടിസ്ഥാനശേഷി വർധിപ്പിക്കാൻ എല്ലാ വിഷയങ്ങളിലും പ്രത്യേകം പ്രവർത്തന പുസ്തകങ്ങളും തയാറാക്കി വിതരണം ചെയ്തു.

സംസ്ഥാനത്തെ ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പാഠപുസ്തകങ്ങൾ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. 40 ലക്ഷത്തോളം വരുന്ന കുട്ടികൾക്ക് 3.8 കോടി പാഠപുസ്തകങ്ങളാണ് കെ.ബി.പി.എസ്. ന്റെ നേതൃത്വത്തിൽ അച്ചടിക്കുന്നത്. ഇത് കുടുംബശ്രീ മുഖേന വിദ്യാലയങ്ങളിലെത്തിക്കുന്നു.

Tags:    
News Summary - The 10th grade textbooks will be released to students before the 9th grade exams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.