തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷയിൽ കോപ്പിയടി നടന്നതായി പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ കണ്ടെത്തൽ. ക്രമക്കേട് നടത്തിയ 112 വിദ്യാർഥികളുടെ പരീക്ഷാഫലം റദ്ദാക്കി. വിദ്യാർഥികൾക്കായി നടത്തിയ ഹിയറിങ്ങിനു ശേഷമാണ് നടപടി. മാപ്പപേക്ഷ പരിഗണിച്ച് ഇവർക്ക് സേ പരീക്ഷ എഴുതാൻ അനുമതി നൽകി. പരീക്ഷാ മുറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരും നടപടി നേരിടേണ്ടി വരും.
സംസ്ഥാനത്താകെ നടത്തിയ കോപ്പിയടി പരിശോധനയുടെ വിവരങ്ങളാണ് സർക്കാർ പുറത്തുവിട്ടത്. പരീക്ഷകൾ നിയന്ത്രിക്കാനായി എല്ലാ സ്കൂളുകളിലും എക്സ്റ്റേണൽ സ്ക്വാഡിനെ നിയോഗിക്കാറുണ്ട്. സ്ക്വാഡുകൾ നടത്തിയ പരിശോധനയിലാണ് 112 വിദ്യാർഥികളെ പിടികൂടിയത്. ഇവരെ തിരുവനന്തപുരത്തെ ഹയർസെക്കൻഡറി ഡറക്ടറേറ്റിലേക്ക് നേരിട്ടു വിളിച്ചുവരുത്തിയാണ് ഹിയറിങ് നടത്തിയത്. വിദ്യാർഥികളുടെ പ്രായവും ഭാവിയും കണക്കിലെടുത്താണ് വീണ്ടും അവസരം നൽകാൻ തീരുമാനമായത്.
മാപ്പപേക്ഷ പരിഗണിച്ച്, അടുത്ത മാസം നടക്കുന്ന സേ പരീക്ഷയിൽ വിദ്യാർഥികൾക്ക് ഹാജരാവാം. ബന്ധപ്പെട്ട സ്കൂൾ പ്രിൻസിപ്പൽമാർ ഇതിനുള്ള ക്രമീകരണങ്ങൾ ഒരുക്കാൻ നേതൃത്വം നൽണമെന്നും വകുപ്പ് നിർദേശിച്ചു. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകർക്ക് നേരെ അച്ചടക്ക നടപടി സ്വീകരിച്ചേക്കും. അതേസമയം ജില്ലാ തലത്തിൽ നടത്തേണ്ട ഹിയറിങ് തിരുവനന്തപുരത്ത് നടത്തിയതിൽ പ്രതിഷേധവുമായി അധ്യാപക സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.