തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നാലുവർഷ സംയോജിത ബിരുദ -ബി.എഡ് കോഴ്സ് നടപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട്. നിലവിലുള്ള ടീച്ചർ ട്രെയിനിങ് കോളജുകളെ (ബി.എഡ്, ഡി.എൽ.എഡ് കോളജുകൾ) മൾട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസ സ്ഥാപനങ്ങളായി പരിഗണിച്ച് നാലു വർഷ ബിരുദ-ബി.എഡ് കോഴ്സ് അനുവദിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് റിപ്പോർട്ടിൽ ശിപാർശയുണ്ട്.
ബിരുദവും ബി.എഡും ഒരുമിച്ച് പൂർത്തിയാക്കുന്ന നാലു വർഷ സംയോജിത ടീച്ചർ എജുക്കേഷൻ പ്രോഗ്രാം നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ (എൻ.സി.ടി.ഇ) നടപ്പാക്കുന്ന സാഹചര്യത്തിലാണ് മലേഷ്യൻ സർവകലാശാല മുൻ ഡെപ്യൂട്ടി വൈസ്ചാൻസലർ പ്രഫ. മോഹൻ ബി. മേനോൻ അധ്യക്ഷനും കോഴിക്കോട് ഫാറൂഖ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ ഡോ. ടി. മുഹമ്മദ് സലീം കൺവീനറുമായി രൂപവത്കരിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചത്. നിലവിലുള്ള ടീച്ചർ എജുക്കേഷൻ കോളജുകളെ സമീപത്തെ ആർട്സ് ആൻഡ് സയൻസ് കോളജുകളായി സഹകരിപ്പിച്ചോ (ട്വിന്നിങ്) ഇത്തരം കോളജുകളുടെ ക്ലസ്റ്റർ രൂപവത്കരിച്ചോ നാലു വർഷ സംയോജിത കോഴ്സ് നടപ്പാക്കണമെന്നാണ് സമിതിയുടെ പ്രധാന ശിപാർശ.
നിലവിലുള്ള ആർട്സ് ആൻഡ് സയൻസ് കോളജുകൾ ഉൾപ്പെടെയുള്ള മൾട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യോഗ്യതയുള്ളവയിൽ നാലു വർഷ സംയോജിത ടീച്ചർ എജുക്കേഷൻ കോഴ്സ് നടത്തുന്നതിന് സർക്കാർ നിരാക്ഷേപ പത്രം (എൻ.ഒ.സി) അനുവദിക്കണമെന്നും റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.
ഇത്തരം സ്ഥാപനങ്ങൾക്കും സമീപത്തുള്ള ടീച്ചർ എജുക്കേഷൻ കോളജുകളുമായി ചേർന്ന് ട്വിന്നിങ്, കോളജ് ക്ലസ്റ്റർ രീതികളിൽ സംയോജിത കോഴ്സ് നടത്താവുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. നാലു വർഷ കോഴ്സ് പ്രവേശനത്തിന് എൻ.ടി.എ നടത്തുന്ന പ്രവേശന പരീക്ഷക്ക് പുറമെ, സംസ്ഥാനതലത്തിലോ സർവകലാശാല തലത്തിലോ പ്രവേശനപരീക്ഷ നടത്താനുള്ള നിർദേശവും റിപ്പോർട്ടിൽ മുന്നോട്ടുവെക്കുന്നു.
നാലു വർഷ സംയോജിത കോഴ്സ് നിലവിൽ വരുന്ന സാഹചര്യത്തിൽ ആർട്സ് ആൻഡ് സയൻസ് കോളജുകൾ ഉൾപ്പെടെ നിലവിലുള്ള മൾട്ടി ഡിസിപ്ലിനറി ഹയർ എജുക്കേഷൻ സ്ഥാപനങ്ങളിൽ പുതിയ എജുക്കേഷൻ പഠനവകുപ്പ് ആരംഭിക്കുന്നത് സർക്കാർ നിരുത്സാഹപ്പെടുത്തണമെന്നും റിപ്പോർട്ടിലുണ്ട്. മികച്ച പഠനസൗകര്യങ്ങളുള്ള ടീച്ചർ എജുക്കേഷൻ കോളജുകളും സ്വാശ്രയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നാലു വർഷ കോഴ്സ് നടത്താവുന്ന സ്ഥാപനങ്ങളാക്കി പരിവർത്തിപ്പിക്കാവുന്നതാണെന്നും സമിതി ശിപാർശ ചെയ്തിട്ടുണ്ട്.
ബി.എ -ബി.എഡ്, ബി.എസ്സി -ബി.എഡ്, ബി.കോം -ബി.എഡ് എന്നിങ്ങനെ മൂന്ന് രീതിയിലുള്ള സംയോജിത ടീച്ചർ എജുക്കേഷൻ കോഴ്സാണ് എൻ.സി.ടി.ഇ രൂപകൽപന ചെയ്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.