രണ്ട് വർഷം കൊണ്ട് ബിരുദം ​തീർക്കാം; പരിഷ്‍കാരവുമായി യു.ജി.സി

ന്യൂഡൽഹി: ബിരുദ കാലയളവിൽ മാറ്റംവരുത്താൻ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്ന പദ്ധതിക്ക് അംഗീകാരം നല്‍കി യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമിഷന്‍ (യു.ജി.സി). 2025-26 അധ്യയന വർഷം മുതലാണ് പരിഷ്കാരം നടപ്പാക്കുക. ഇതനുസരിച്ച് ബിരുദ കാലയളവ് വെട്ടിക്കുറക്കാനും ദീര്‍ഘിപ്പിക്കാനും വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും. അതായത് പുതിയ സംവിധാനത്തിന് കീഴിൽ, വിദ്യാർഥികൾക്ക് രണ്ടര വർഷത്തിനുള്ളിൽ മൂന്ന് വർഷത്തെ ബിരുദം അല്ലെങ്കിൽ മൂന്ന് വർഷത്തിനുള്ളിൽ നാല് വർഷത്തെ ബിരുദം പൂർത്തിയാക്കാൻ കഴിയും. യു.ജി.സി മേധാവി എം. ജഗദേഷ് കുമാറാണ് ഈ പുതിയ പരിഷ്കരണം പ്രഖ്യാപിച്ചത്. വിദ്യാർഥികൾക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് പുതിയ പരിഷ്‍കാരമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാര്‍ഥിയുടെ പഠന ശേഷി അനുസരിച്ച് മൂന്നു വര്‍ഷ ബിരുദം രണ്ടു വര്‍ഷം കൊണ്ട് തീര്‍ക്കാനാവും. പഠനകാലയളവ് മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ദീര്‍ഘിപ്പിക്കാനും വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും. കോഴ്‌സ് നേരത്തേ പൂര്‍ത്തിയാക്കിയാലും സമയമെടുത്ത് ചെയ്താലും സാധാരണ ബിരുദത്തിന് തുല്യമായിരിക്കും.

തുടര്‍ പഠനത്തിനും ജോലിക്കും സാധാരണ ബിരുദമായിത്തന്നെയാവും ഇവ പരിഗണിക്കുക. ഓരോ സെമസ്റ്ററിലും കൂടുതല്‍ ക്രെഡിറ്റ് നേടിയാണ് ബിരുദം വേഗത്തില്‍ പൂര്‍ത്തിയാക്കാനാവുക.

നിശ്ചിത ക്രെഡിറ്റിലും കുറവു നേടി കോഴ്‌സ് കാലയളവ് ദീര്‍ഘിപ്പിക്കാനും സാധിക്കും. വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠന ശേഷിക്കനുസരിച്ചും സാമ്പത്തികമോ അക്കാദമികമോ ആയ വെല്ലുവിളികൾക്കനുസരിച്ചും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം.

Tags:    
News Summary - UGC to let undergrads complete 3 year degrees in two years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.