തിരുവനന്തപുരം: നാലുവർഷ ബിരുദ കോഴ്സിനായുള്ള യു.ജി.സിയുടെ മാതൃക പാഠ്യപദ്ധതി ചട്ടക്കൂടിൽ ഭാഷ പഠനം കോഴ്സിന്റെ ആറു ശതമാനത്തിലേക്ക് ചുരുങ്ങും. മുഴുവൻ സംസ്ഥാനങ്ങൾക്കും മാതൃകയായി പിന്തുടരാൻ തയാറാക്കിയ ചട്ടക്കൂട് നടപ്പാക്കിയാൽ ഭാഷ പഠനാവസരം പരിമിതപ്പെടുകയും കോളജ് അധ്യാപകരുടെ ജോലിയെ ബാധിക്കുകയും ചെയ്യും.
നാലുവർഷ ബിരുദത്തിന് 160 ക്രെഡിറ്റും മൂന്നു വർഷ ബിരുദത്തിന് 120 ക്രെഡിറ്റുമാണ് ചട്ടക്കൂടിലുള്ളത്. നിലവിലുള്ള മൂന്നു വർഷ ബിരുദത്തിനും 120 ക്രെഡിറ്റ് തന്നെയാണ്. 22 ക്രെഡിറ്റ് ഇംഗ്ലീഷിനും16 രണ്ടാം ഭാഷക്കുമായി മൊത്തം 38 ക്രെഡിറ്റാണ് (കോഴ്സിന്റെ 32 ശതമാനം) ഭാഷ പഠനത്തിൽ നേടേണ്ടത്. കോർ വിഷയത്തിന് 66 ക്രെഡിറ്റും കോംപ്ലിമെന്ററിയിൽ 16 ഉം നേടണം.
പുതിയ ചട്ടക്കൂടിൽ ആകെ ക്രെഡിറ്റിന്റെ 50 ശതമാനം മേജർ വിഷയത്തിനും 20 ശതമാനം മൈനറിനുമാണ്. ശേഷിക്കുന്നതിൽ ബഹുവൈജ്ഞാനിക ഫൗണ്ടേഷൻ കോഴ്സ്, സ്കിൽ കോഴ്സ്, ഇന്റേൺഷിപ് എന്നിവ നിർബന്ധമാണ്. ഇതിന് 18 ശതമാനമെങ്കിലും നീക്കിവെക്കണം. ബാക്കി 12 ശതമാനമാണ് എബിലിറ്റി എൻഹാൻസ്മെന്റ്, വാല്യൂ ആഡഡ് കോഴ്സുകൾക്ക് നീക്കിവെച്ചത്. ഇതിൽ പകുതി നിർബന്ധമായും പഠിക്കേണ്ട വാല്യൂ ആഡഡ് വിഭാഗത്തിലെ പരിസ്ഥിതി, ജെൻഡർ കോഴ്സുകളാണ്.
എബിലിറ്റി എൻഹാൻസ്മെന്റ് കോഴ്സുകളിലാണ് ഭാഷ പഠനം. ഇതിന് ആകെ ലഭ്യമാകുന്നത് ആറു ശതമാനം ക്രെഡിറ്റാണ്. ഇത് ആകെ ക്രെഡിറ്റിൽ പരമാവധി എട്ടു മുതൽ ഒമ്പത് വരെ ആയിരിക്കും. പുതിയ പാഠ്യപദ്ധതി ചട്ടക്കൂടിൽ ഭാഷ പഠനം നാലു കോഴ്സിൽ പരിമിതപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.