സംരക്ഷണ സമ്മതമൊഴി ആശ്രിത നിയമനം ലഭിച്ച എല്ലാവർക്കും ബാധകമാക്കി

കൊച്ചി: ആശ്രിതരെ സംരക്ഷിച്ചുകൊള്ളാമെന്ന സമ്മതമൊഴി സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം നിയമനം ലഭിച്ച എല്ലാവർക്കും ബാധകമാക്കി സർക്കാർ ഉത്തരവ്. ആശ്രിത നിയമനത്തിനുള്ള അപേക്ഷയോടൊപ്പം സംരക്ഷണ സമ്മതമൊഴികൂടി നൽകണമെന്ന 2018ലെ ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുമ്പ് സർവിസിൽ പ്രവേശിച്ചവരുടെ ആശ്രിതർക്ക് പരിരക്ഷ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായതിനെത്തുടർന്നാണ് നടപടി.

സർവിസിലിരിക്കെ മരിക്കുന്നവരുടെ മാതാപിതാക്കൾ ഒഴികെയുള്ളവർ ആശ്രിത നിയമനത്തിന് അപേക്ഷിക്കുമ്പോൾ മാതാവ്, പിതാവ്, വിധവ, വിഭാര്യൻ എന്നിവരെ ജീവിതകാലം മുഴുവനും അവിവാഹിതരായ സഹോദരങ്ങളെ പ്രായപൂർത്തിയാകുന്നതുവരെയും സംരക്ഷിക്കുമെന്ന സമ്മതമൊഴികൂടി നൽകണമെന്നയിരുന്നു 2018ലെ ഉത്തരവ്.

ആശ്രിതരായ മക്കളെക്കൂടി സംരക്ഷണം ലഭിക്കേണ്ടവരുടെ പരിധിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ വർഷം ഈ ഉത്തരവ് ഭേദഗതി ചെയ്തു. എഴുതി നൽകിയ സമ്മതമൊഴിക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന ശമ്പളത്തിൽനിന്ന് 25 ശതമാനം തുക പിടിച്ചെടുത്ത് അർഹരായ ആശ്രിതർക്ക് നൽകുന്നത് സംബന്ധിച്ച് പൊതുവ്യവസ്ഥകൾക്കും രൂപം നൽകിയിരുന്നു.

എന്നാൽ, ഈ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനുമുമ്പ് സമാശ്വാസ പദ്ധതി പ്രകാരം നിയമനം ലഭിച്ചവർ ആശ്രിതരെ സംരക്ഷിക്കുന്നില്ലെന്ന നിരവധി പരാതികൾ സർക്കാറിന് മുന്നിലെത്തി. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.സർവിസിലിരിക്കെ മരിച്ച ജീവനക്കാരുടെ ആശ്രിതർക്കുള്ള സാമൂഹികക്ഷേമ നടപടി എന്ന നിലയിലാണ് ആശ്രിത നിയമന പദ്ധതി നടപ്പാക്കിയതെന്നും കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുന്നതിലൂടെ മറ്റ് ആശ്രിതരുടെ ക്ഷേമംകൂടി ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും ഉത്തരവിൽ പറയുന്നു. ആശ്രിത നിയമനം ലഭിച്ച് സർവിസിൽ തുടരുന്ന എല്ലാവരും ഓഫിസ് മേധാവി മുമ്പാകെ സംരക്ഷണ സമ്മതമൊഴി സമർപ്പിക്കണം.

Tags:    
News Summary - The Preservation Consent was made applicable to all who received a dependent designation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.