12 വയസ്സുള്ള പിഞ്ചു സഹോദരി ലഹരി മാഫിയ സംഘത്തി​െൻറ പിടിയിൽ: ആശങ്കകൾ പങ്കുവെച്ച് അഴിയൂർ പഞ്ചായത്ത് മെമ്പർ

കോഴി​ക്കോട്: നാടിനെ ഞെട്ടിക്കുന്ന അനുഭവം പങ്കു​വെക്കുകയാണ് അഴിയൂർ പഞ്ചായത്ത് 16ാ​ം വാർഡ് മെമ്പർ സാലിം പുനത്തിൽ. 12 വയസ്സുള്ള പിഞ്ചു സഹോദരി ലഹരി മാഫിയ സംഘത്തിന്റെ മായാവലയത്തിൽ പെട്ട് മയക്കുമരുന്നിന് അടിമയായ വിവരമാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ സാലിം പറയുന്നത്. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു ചികിത്സ തേടിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ സ്കൂളിൽ കബഡി ടീം അംഗമായ എട്ടാം ക്ലാസുകാരിക്ക് സ്റ്റാമിന പോരായെന്ന് പറഞ്ഞ് പുറത്ത് നിന്നും വന്ന ഒരു യുവതി ലഹരി കലർന്ന ബിസ്ക്കറ്റ് കൊടുത്തു. അതിന്ന് അടിമപ്പെട്ടപ്പോൾ പിന്നീട് എം.ഡി.എം.എ പൊടി നൽകി, അതിനു ശേഷം സിറിഞ്ച് ഉപയോഗിച്ച് ലഹരി ഉപയോഗിക്കാൻ നിർബന്ധിക്കുകയും ചെയ്തതെന്നാണ് സാലിം എഴുതുന്നത്.

സാലിമിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:``പ്രിയമുള്ളവരെ, മനസാക്ഷിയെ നടുക്കുന്ന വാർത്തകളാണ് നമ്മുടെ നാട്ടിൽ നിന്നും ഇന്ന് നാം കേട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം നമ്മുടെ നാട്ടിലെ വെറും 12 വയസ്സുള്ള പിഞ്ചു സഹോദരി ലഹരി മാഫിയ സംഘത്തിന്റെ മായാവലയത്തിൽ പെട്ട് മയക്കുമരുന്നിന് അടിമയായി, ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു ചികിത്സ നേടിയ സംഭവം അറിഞ്ഞ് നമ്മുടെ ശിരസ്സുകൾ അപമാന ഭാരത്താൽ കുനിയുകയാണ്.

സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ സ്കൂളിൽ കബഡി ടീം അംഗമായ എട്ടാം ക്ലാസുകാരിക്ക് നിനക്ക് സ്റ്റാമിന പോരാ എന്ന് പറഞ്ഞ് പുറത്ത് നിന്നും വന്ന ഒരു യുവതി ലഹരി കലർന്ന ബിസ്ക്കറ്റ് കൊടുക്കുകയും അതിന്ന് അടിമപ്പെട്ടപ്പോൾ പിന്നീട് എംഡിഎംഎ പൊടി നൽകുകയും അതിനു ശേഷം സിറിഞ്ച് ഉപയോഗിച്ച് ലഹരി ഉപയോഗിക്കാൻ നിർബന്ധിക്കുകയും ചെയ്ത സംഭവം ഞെട്ടലോട് കൂടിയാണ് നാം കേൾക്കുന്നത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുമ്പോൾ കല്ലറോത്ത് സ്വദേശിയായ ചുവന്ന മുടിയുള്ള ഇക്കാക്ക എനിക്ക് ഒരു വെള്ളപൊടി മൂക്കിൽ വലിച്ചുകയറ്റാൻ തരാറുണ്ട് എന്നും നീരജ എന്ന് പറയുന്ന ചേച്ചി പലതവണയായി ഞാൻ അടക്കമുള്ള പെൺകുട്ടികളെ ലഹരി ഉപയോഗിക്കാനും തലശ്ശേരി ഡൗൺ ടൗൺ മാൾ, സിറ്റി സെൻറർ, കടൽ പാലം, എന്നിവിടങ്ങളിൽ അടക്കം അത് കടത്തുവാനും ഉപയോഗിച്ചതായും ഉള്ള ഞെട്ടിപ്പിക്കുന്ന വിവരമാണ് നമുക്ക് ലഭിക്കുന്നത്. നഖം ചെത്തിക്കളഞ്ഞ് അതിനുള്ളിൽ നിപ്പിൾ പോലെയുള്ള സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിയതായി ആ പിഞ്ചുമോൾ പറയുമ്പോൾ നാം മനസ്സിലാക്കുക ഈ ഈ സംഭവം നടന്നിരിക്കുന്നത് നമ്മുടെ അഴിയൂരിലാണ്. സ്വർണ്ണ മുടി തലയുള്ള ലഹരി മാഫിയ തലവൻ നമ്മുടെ സ്വന്തം പിഞ്ചുമോളെ ലഹരിക്കടിപ്പെടുത്തുകയും എസ്പിസി കേഡറ്റായ ആ മോളുടെ ശരീരം തളർത്തുകയും ആ പിഞ്ചു മോളുടെ ഭാവി നശിപ്പിക്കുകയും ചെയ്തിരിക്കുന്നു.

കഴിഞ്ഞ ബുധനാഴ്ച ലഹരി ഉപയോഗിച്ച വിദ്യാർഥിനി സ്കൂൾ ടോയ്‌ലറ്റിൽ ശരീരം ചൂടായി സഹിക്കവയ്യാതെ മേലാകെ വെള്ളം കോരിയൊഴിച്ച് നിൽക്കുന്നതാണ് അധ്യാപിക കാണുന്നത്. ലഹരി ഉപയോഗിച്ചതാണെന്ന് അറിഞ്ഞിട്ടും ഒരു പിഞ്ചുമോൾ ആയിരുന്നിട്ടും ചൈൽഡ് ലൈൻ അധികൃതരെ അറിയിക്കാൻ പോലും സ്കൂൾ അധികൃതർ തയ്യാറായിട്ടില്ല. മുമ്പ് ഒരു ക്ലാസിലെ കുട്ടി ക്ലാസ്സിൽ നിന്ന് കിട്ടിയതാണെന്ന് പറഞ്ഞു ഒരു കവറിലെ വെള്ളപൊടി ടീച്ചർക്ക് കൊടുത്തതായി പറയപ്പെടുന്നു. ടീച്ചർ ആ പാക്കറ്റ് പൊടി വേസ്റ്റ് ബോക്സിൽ ഇട്ടത്രെ! ഇതാണോ അധ്യാപികമാരുടെ ഉത്തരവാദിത്വം. ആരുടെ സംരക്ഷണത്തിലാണ് നമ്മുടെ മക്കളെ നമ്മൾ സ്കൂളിലേക്ക് അയക്കേണ്ടത്.

സംഭവം പുറത്തുവരികയും ബന്ധുക്കൾ മോളേയും കൂട്ടി പോലീസ് സ്റ്റേഷനിൽ മൊഴി കൊടുക്കാൻ പോയപ്പോൾ നമ്മുടെ നാട്ടിലെ മുഖംമൂടിയണിഞ്ഞ 2 പ്രാദേശിക യുവജന സംഘടന നേതാക്കൾ ഭീഷണി സ്വരത്തിൽ പറഞ്ഞത് പരാതിയുമായി മുന്നോട്ടു പോകേണ്ട ഇവർ വലിയ സംഘമാണ് എന്നാണത്രെ!. പ്രിയമുള്ളവരെ പോക്സോ വകുപ്പുകൾ ചേർത്ത് ആ കേസിലെ പ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകുകയും ചെയ്തിരിക്കുന്നു. സംസ്ഥാന സർക്കാര് നടത്തിക്കൊണ്ടിരിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനുകളും പ്രചരണങ്ങളും കൊടുമ്പിരി കൊള്ളുമ്പോൾ ചിലർ ലഹരി മാഫിയക്ക് വേണ്ടി വീടുപണി ചെയ്യുന്നതാണ് നമ്മൾ കാണുന്നത്.

ഇത് നാളെ നമ്മുടെ മക്കൾക്കും സംഭവിക്കാം. ലഹരി മാഫിയ ശവംതീനി സംഘത്തെ ഇനിയും പിടിച്ചു കെട്ടാൻ നമ്മൾ തയ്യാറായില്ലെങ്കിൽ നമ്മുടെ സമൂഹം നശിക്കും. നമ്മുടെ യുവ തലമുറ ഭ്രാന്ത് പിടിച്ചു നടക്കുന്നത് നമ്മൾ കാണേണ്ടിവരും. ഇത്രയും ഗൗരവമേറിയ വിഷയത്തിൽ കാപാലികരായ രാക്ഷസന്മാരായ ലഹരി മാഫിയ തലവന് സ്റ്റേഷൻ ജാമ്യം നൽകിയത് പൊറുക്കാനാവാത്ത പാതകമാണ്. സ്കൂൾ പോലീസ് കേഡറ്റ് ആയ പിഞ്ചുമോൾക്കാണ് ഈ അനുഭവം. മാസങ്ങളായി ലഹരി മാഫിയയുടെ നീരാളി പിടുത്തത്തിൽപ്പെട്ട ഈ പിഞ്ചു മോളുടെ മാനസികാവസ്ഥ പോലും തിരിച്ചറിയാൻ എസ്പിസി ഓഫീസർക്ക് സാധിച്ചില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇതിലെല്ലാം തന്നെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളാണ് ബന്ധുക്കൾ ഉയർത്തുന്നത്.

ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നു വന്നേ മതിയാവൂ. ഈ സംഭവത്തിൽ മനസ്സാക്ഷി ഉണരാൻ ജനകീയ പ്രതിഷേധം ഉയരേണ്ടതുണ്ട്. ലഹരി മാഫിയ സംഘത്തെ പിടിച്ചു കെട്ടേണ്ടതുണ്ട്. നമ്മുടെ മക്കളുടെ ഭാവി നശിപ്പിച്ച നരാധമന്മാരെ എന്നെന്നേക്കുമായി നമുക്ക് വേരോട് നശിപ്പിച്ചേ മതിയാവൂ. മനസാക്ഷിയുള്ള ഏവരും നമ്മുടെ നാടിനായി, നമ്മുടെ പിഞ്ചുമക്കൾക്കായി മുന്നോട്ടു വരിക.''

Full View


Tags:    
News Summary - 12-year-old student was caught by the drug mafia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.