പരിചയ​മുള്ള ചേച്ചി ബിസ്കറ്റ് നൽകി, ലഹരിക്കടിമയാക്കി, പിന്നെ കാരിയറാക്കി, എട്ടാം ക്ലാസുകാരിയുടെ ഞെട്ടിക്കുന്ന അനുഭവങ്ങൾ...

കോഴിക്കോട്: അഴിയൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലഹരി മാഫിയ കാരിയറാക്കി മാറ്റിയതിന്‍റെ തെളിവുകള്‍ പുറത്ത്. തലശേരിയില്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ താന്‍ ലഹരി എത്തിച്ച് നല്‍കിയതായി 12 കാരി വെളിപ്പെടുത്തുന്നു.ശരീരത്തില്‍ പ്രത്യേക രീതിയിലുളള ചിത്രങ്ങള്‍ വരച്ചായിരുന്നു ലഹരി കടത്തെന്നും കുട്ടി പറയുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ ചോമ്പാല പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും തെളിവുകള്‍ ഇല്ലെന്ന പേരില്‍ പ്രതിയെ വിട്ടയച്ചുവെന്നാണ് പരാതി. 

പെണ്‍കുട്ടി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ഗ്രൂപ്പിലും കബഡി ടീമിലും സജീവമായിരുന്നു. കബഡി കളിക്കിടെ പരിചയമുള്ള ചേച്ചി നല്‍കിയ ബിസ്കറ്റിലൂടെയായിരുന്നു ലഹരിയുടെ വഴിയിലേക്കെത്തിയത്. പിന്നീട് മറ്റുള്ളവരുമെത്തി. കൂടൂതൽ ഉ​ന്മേഷം ലഭിക്കു​മെന്ന് ധരിപ്പിച്ചായിരുന്നു തുടക്കം. തുടർന്ന്, ഓരോ സ്ഥലത്ത് കൊണ്ടുപോയി മൂക്കിൽ മണപ്പിക്കുകയോ, ഇൻജക്ഷൻ എടുക്കുകയോ ചെയ്യും. അവര്‍ തന്നെ കൈപിടിച്ച് കുത്തിവെക്കുകയാണ് പതിവ്. കുത്തിവച്ചാൽ പിന്നെ ഓര്‍മ കാണില്ലെന്നും വിദ്യാർഥിനി പറയുന്നു.

ഒടുവില്‍ എം.ഡി.എം.എ ലഹരിയുടെ കെണയിലായതോടെ താന്‍ ഉല്‍പ്പെടെയുളള മൂന്ന് പെണ്‍കുട്ടികള്‍ സ്കൂള്‍ യൂണിഫോമില്‍ ലഹരി കൈമാറാനായി തലശേരിയില്‍ പോയതായും പറയുന്നു. കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നുവെന്നാണ് വീട്ടിൽ പറഞ്ഞത്. അവിടെ ചെല്ലുമ്പോൾ മുടിയൊക്കെ കെട്ടിവെച്ച ഒരാൾ വന്നു. ലഹരി കൊണ്ടുപോകുന്നവരാണെന്ന് തിരിച്ചറിയാൻ എക്സ് പോലൊരു അടയാളം കയ്യിൽ വരച്ചിട്ടുണ്ടാവും. ചിലരുടെ കയ്യിൽ സ്മൈൽ ഇമോജി വരച്ചതായും കുട്ടി പറയുന്നു. വിഷയം വീട്ടുകാര്‍ ചോമ്പാല പൊലീസില്‍ അറിയിച്ചിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയെടുക്കാനായി വിളിപ്പിച്ചതറിഞ്ഞ ലഹരി സംഘം സ്റ്റേഷൻ പരിസരത്തെത്തി. തനിക്ക് ലഹരി നല്‍കിയവര്‍ തന്നെ സ്റ്റേഷന്‍ പരിസരത്ത് ചുറ്റിക്കറങ്ങുന്നത് കണ്ടതോടെ പതറിയെന്ന​ും പെണ്‍കുട്ടി പറയുന്നു.

Full View


Tags:    
News Summary - 12-year-old student was caught by the drug mafia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.