തിരുവനന്തപുരം: പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ മനോരോഗ വിദഗ്ധൻ ഡോ. ഗിരീഷിന് (58) ആറുവർഷം കഠിന തടവും ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ. ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. പോക്സോ കേസിൽ ഡോക്ടറെ ശിക്ഷിക്കുന്നത് സംസ്ഥാനത്ത് ആദ്യമായാണ്. പ്രതിയുടെ മണക്കാടുള്ള വീട്ടിലെ ക്ലിനിക്കിൽ 2017 ആഗസ്റ്റ് 14ന് വൈകീട്ട് ഏഴരയോടെയാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിനിരയായ കുട്ടി പഠനത്തിൽ ശ്രദ്ധ കുറവാണെന്നും ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കാണിക്കണമെന്നും സ്കൂൾ അധികൃതർ രക്ഷിതാക്കളോട് പറഞ്ഞിരുന്നു.
ഇതുപ്രകാരമാണ് രക്ഷിതാക്കൾ കുട്ടിയുമായി മനഃശാസ്ത്രജ്ഞന്റെ അടുത്ത് എത്തിയത്. കുട്ടിയെ മാത്രമായാണ് മുറിക്കുള്ളിലേക്ക് വിളിച്ചത്. ഇതിനിടെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ആരോടും പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മടക്കയാത്രയിൽ കുട്ടി ഭയന്നിരിക്കുന്നതുകണ്ട് ചോദിച്ചപ്പോഴാണ് പീഡന വിവരം പറയുന്നത്.
വീട്ടുകാർ ഉടനെ ചൈൽഡ് ലൈനിൽ പരാതിപ്പെട്ടു. ചൈൽഡ് ലൈനിൽ നിന്നാണ് ഫോർട്ട് പൊലീസിൽ വിവരം അറിയിച്ചത്. കുട്ടിയും വീട്ടുകാരും അനുഭവിച്ച ബുദ്ധിമുട്ട് കോടതിക്ക് കാണാതിരിക്കാൻ പറ്റില്ലെന്ന് വിധിന്യായത്തിൽ പറയുന്നു. പ്രതി ഡോക്ടറായതിനാൽ പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.