പട്ടിക്കാട്: എക്സൈസ് കമീഷണറുടെ മധ്യമേഖല സ്ക്വാഡ് അംഗം എം.കെ. കൃഷ്ണപ്രസാദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പട്ടിക്കാട് നടത്തിയ വാഹന പരിശോധനയിൽ, രണ്ടു വാഹനങ്ങളിലായി കടത്തി കൊണ്ടുവന്ന 1650 ലിറ്റർ സ്പിരിറ്റ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജിത്തും സംഘവും ചേർന്ന് പിടികൂടി. രണ്ട് വാഹനങ്ങളിൽ നിന്നായി 47 കന്നാസുകളിൽ ആക്കിയ നിലയിലാണ് സ്പിരിറ്റ് പിടികൂടിയത്.
സ്പിരിറ്റ് കേസിലും നിരവധി ക്രിമിനൽ കോസുകളിലും പ്രതിയായ എറണാകുളം പറവൂർ സ്വദേശിയായ താടി പ്രദീപ് എന്നറിയപ്പെടുന്ന പ്രദീപ്, പറവൂർ സ്വദേശിയായ രാജേഷ്, ഗോതുർത്ത് സ്വദേശികളായ യേശുദാസൻ, ബിജു എന്നിവരാണ് പിടിയിലായത്.
തമിഴ്നാട്ടിൽ വ്യാജമദ്യ ദുരന്തം നടന്നതോടെ അവിടെ ശേഖരിച്ചിരുന്ന സ്പിരിറ്റ് മറ്റു സംസ്ഥാനങ്ങളിലെക്ക് കൊണ്ടുവരാനുള്ള സാധ്യത കണക്കിലെടുത്ത് ദേശീയപാതകളിൽ പരിശോധന കർശനമാക്കിയിരുന്നു.
സവാള ചാക്കുകൾക്കുള്ളിൽ മറച്ച നിലയിലാണ് കന്നാസുകൾ വാനിൽ കയറ്റിയിരുന്നത്. കേരളത്തിന്റെ തെക്കൻ ജില്ലയിൽ വ്യാജമദ്യം നിർമിക്കുന്നതിന് വേണ്ടിയാണ് സ്പിരിറ്റ് കൊണ്ടുവന്നത് എന്നാണ് പ്രതികൾ നൽകുന്ന സൂചന. പ്രതികളെ അസിസ്റ്റന്റ് എക്സൈസ് കമീഷണർ സതീഷ് കുമാറിനെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരുകയാണ്. കേസുമായി ബന്ധപ്പെട്ട കൂടുതൽ പ്രതികളെ ഉടൻ പിടികൂടുമെന്ന് എക്സൈസ് അറിയിച്ചു. പിടിച്ചെടുത്ത സ്പിരിറ്റിന് ഏഴ് ലക്ഷം രൂപ വിലവരും. എക്സൈസ് കമീഷണറുടെ മധ്യമേഖല സ്ക്വാഡ് അംഗം ഗ്രേഡ് പ്രിവന്റീവ് ഓഫിസർ എം.കെ. കൃഷ്ണപ്രസാദ്, ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മാരായ ടി. ജി. മോഹനൻ, കെ.എം. സജീവ്, ഗ്രേഡ് പ്രിവന്റിവ് ഓഫിസർമാരായ ടി.ആർ. സുനിൽ, എം.എസ്. സുധീർകുമാർ, സിജോ മോൻ, പി.വി. വിശാൽ, സിവിൽ എക്സൈസ് ഓഫിസറായ ടി.എസ്. സനീഷ് കുമാർ, എക്സൈസ് ഓഫിസിലെ ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി.ബി. അരുൺകുമാർ, ശിവൻ സിവിൽ എക്സൈസ് ഓഫിസറായ ബിനീഷ്, വനിത സിവിൽ എക്സൈസ് ഓഫിസറായ ഷീജ എക്സൈസ് ഡ്രൈവർ ആയ ശ്രീജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.