മഞ്ചേരി: പച്ചക്കറി മാർക്കറ്റിൽ എക്സൈസിന്റെ വൻ ലഹരിവേട്ട. 13 ചാക്കുകളിലായി ഒളിപ്പിച്ചു കൊണ്ടുവന്ന 168 കിലോ നിരോധിത ലഹരി ഉൽപന്നങ്ങൾ പിടികൂടി. 7500 ഹാൻസ് പാക്കറ്റ്, 1800 കൂൾ എന്നിവ അടക്കം 9,300 പാക്കറ്റുകളാണ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി 12ഓടെ പിക് അപ് വാഹനത്തിൽ നിന്നാണ് ലഹരി ഉൽപന്നങ്ങൾ പിടികൂടിയത്. ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. വാഹനത്തിന്റെ ഉടമ പൂക്കോട്ടൂർ ചീനിക്കൽ മണ്ണേത്തൊടി മുജീബ് റഹ്മാനെതിരെ കേസെടുത്തതായി മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ഷാജി പറഞ്ഞു. പിടിച്ചെടുത്ത ഉൽപന്നങ്ങൾക്ക് മാർക്കറ്റിൽ 10 ലക്ഷത്തോളം രൂപ വില വരും. മൈസൂരുവിൽ നിന്ന് ചാക്കുകളിലാക്കി വണ്ടിയുടെ ബോഡിക്കുള്ളിൽ ഷീറ്റ് കെട്ടി ഒളിപ്പിച്ചാണ് ഇവ കൊണ്ടുവന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ നിർദേശപ്രകാരം തൊണ്ടിമുതലും വാഹനവും മഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിൽ മഞ്ചേരി ടൗൺ ഭാഗത്തും പരിസരങ്ങളിൽ നിന്നും ചെറിയ തോതിൽ ലഹരി ഉൽപന്നങ്ങൾ പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മഞ്ചേരി പഴയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപന്നങ്ങളുടെ മൊത്ത വിതരണക്കാരനെ സംബന്ധിച്ച് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് പുറമെ പ്രിവൻറിവ് ഓഫിസർമാരായ ആർ.പി. സുരേഷ് ബാബു, പി.ഇ. ഹംസ, സിവിൽ എക്സൈസ് ഓഫിസർമാരായ പി. ഷബീർ അലി, കെ. ഷംസുദ്ദീൻ, കെ. വിനീത്, ഇ. ജിഷിൽ നായർ, പി. റെജിലാൽ എന്നിവരടങ്ങിയ സംഘമാണ് ലഹരി ഉൽപന്നങ്ങൾ പിടികൂടിയത്.
മഞ്ചേരിയിലേക്ക് ലഹരി ഒഴുക്ക്; രണ്ടു ദിവസങ്ങളിലായി പിടികൂടിയത് കഞ്ചാവും ഹാൻസും
മഞ്ചേരി: മഞ്ചേരിയിലേക്ക് ലഹരി ഒഴുക്ക് തുടരുന്നു. തുടർച്ചയായ രണ്ട് ദിവസങ്ങളിലായി കഞ്ചാവും ഹാൻസുമാണ് എക്സൈസ് സംഘം പിടികൂടിയത്. പച്ചക്കറി മാർക്കറ്റിൽ നിന്നാണ് 168 കിലോ പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. നറുകരയിലെ വാടക വീട്ടിൽനിന്ന് 18 കിലോ കഞ്ചാവ് പിടികൂടിയത് കഴിഞ്ഞ ദിവസമാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ലഹരി ഉൽപന്നങ്ങൾ പിടികൂടിയത്. രണ്ട് കേസിലും പ്രതികളെ പിടികൂടാനായിട്ടില്ല. ലഹരി ഉൽപന്നങ്ങൾ കൊണ്ടുവന്ന വാഹനത്തിലെ ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെട്ടു. നറുകരയിൽ വീട് വാടകക്കെടുത്തയാളുടെ പേരിൽ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.